യുവാവിന്റെ കൊലപാതകം; സഹോദരനുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ


2 min read
Read later
Print
Share

മൂന്നുപേർകൂടി പിടിയിലാകാനുണ്ടെന്ന് പോലീസ്

ജയറാം നോണ്ടയെ പൈവളിഗെ കൊമ്മങ്കളയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു

മഞ്ചേശ്വരം : വീടിന് സമീപത്തെ വിറകുപുരയുടെ മച്ചിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠനുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പൈവളിഗെ കൊമ്മങ്കളയിൽ പ്രഭാകര നോണ്ട (42) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. സഹോദരൻ ജയറാം നോണ്ട (47), മൊഗ്രാൽപുത്തൂരിലെ ഇസ്മായിൽ (28), അട്ടഗോളിയിലെ ഖാലിദ് (35) എന്നിവരെയാണ് ഡിവൈ.എസ്.പി. പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആറംഗ ക്വട്ടേഷൻ സംഘമാണ് കൃത്യം നടത്തിയതെന്നും മൂന്നുപേർ കൂടി പിടിയിലാകാനാണ്ടെന്നും പോലീസ് പറഞ്ഞു.

പ്രതികളിലൊരാളായ ജയറാം നോണ്ടയെ കൊമ്മങ്കളയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇയാളുടെ മൊഴിയിലാണ് കൊലപാതകത്തിലെ ക്വട്ടേഷൻ ബന്ധം വെളിപ്പെട്ടത്. കൊലപാതകം നടന്നതിന് പിന്നാലെ ജയറാം നോണ്ടയെ കാണാതായിരുന്നു. തലേന്നാൾ വീട്ടിലുണ്ടായയാൾ അനുജൻ കൊല്ലപ്പെട്ടിട്ടും സ്ഥലംവിട്ടത് സംശയം വർധിപ്പിച്ചു. കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയായ ഇയാളുടെ പൂർവകാല പശ്ചാത്തലവും സംശയം വർധിപ്പിച്ചു. കൊലപാതകത്തിന് മുൻപ് പലപ്പോഴും വീട്ടിൽവെച്ച് കൊല്ലപ്പെട്ട പ്രഭാകരയും ജയറാമും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന മൊഴിയും ജയറാമിന് കുരുക്കായി.

സംഭവദിവസം പുലർച്ചെ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്താണ് ജയറാം മുങ്ങിയത്. കർണാടകയിലെ പുത്തൂരിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്. തുടർന്ന് മഞ്ചേശ്വരത്ത് എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷൻസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ജയറാം ഒളിവിലായതിനാൽ തങ്ങളിലേക്ക് അന്വേഷണമെത്തില്ലെന്ന് കരുതി നാട്ടിൽത്തന്നെ കഴിയുകയായിരുന്നു പിടിയിലായ ഇസ്മയിലും ഖാലിദും. ഇസ്മയിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്നും ഖാലിദ് ക്വട്ടേഷന് ഇടനിലക്കാരനായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പ്രഭാകരയുടെ ശരീരത്തിൽ 48 വെട്ടുകൾ

:കൊല്ലപ്പെട്ട പ്രഭാകരയുടെ ശരീരത്തിൽ 48 ആഴത്തിലുള്ള വെട്ടുകളുണ്ട്. കഴുത്ത്, കൈ, വയർ എന്നിവിടങ്ങളിലാണ് ഏറെയും വെട്ടേറ്റത്. ഇതിൽ കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

ജയറാമിനെ കുടുക്കിയത് ഫോൺവിളി

: പ്രഭാകര നോണ്ടയുടെ കൊലപാതകത്തിനുശേഷം ഒളിവിൽ പോയ ജ്യേഷ്ഠൻ ജയറാം നോണ്ടയെ കുടുക്കിയത് പണം ആവശ്യപ്പെട്ടുള്ള ഫോൺവിളി. സ്വന്തം നമ്പർ സ്വിച്ച് ഓഫ് ചെയ്തശേഷം പുതിയ നമ്പറിൽനിന്നാണ് ഫോൺവിളി വന്നത്. ജയറാം ബന്ധപ്പെടാൻ സാധ്യതയുള്ള സുഹൃത്തുക്കളെ തേടിയാണ് പോലീസ് കുരുടപ്പദവ് സ്വദേശിയുടെ വീട്ടിലെത്തിയത്. രാവിലെ ജയറാം വീട്ടിൽ വന്നുവെന്നും ബെഡ്ഡഡുക്ക ഭാഗത്തേക്ക് പോയെന്നും അയാൾ പോലീസിനോട് പറഞ്ഞു. ഇതേ സമയത്താണ് ജയറാമിന്റെ ഫോൺ വന്നത്. കുറച്ചു പണം എത്തിച്ചുതരണമെന്നായിരുന്നു ആവശ്യം. എവിടെയുണ്ടെന്ന ചോദ്യത്തിന് പുത്തൂരിലെന്നും പറഞ്ഞു. അങ്ങനെ പണം നൽകാനെന്ന രീതിയിലാണ് പോലീസ് സംഘം പുത്തൂരിലെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

മഞ്ചേശ്വരത്തെത്തിച്ച ജയറാമിനെ തുടർച്ചയായ ഏഴുമണിക്കൂറാണ് ചോദ്യം ചെയ്തത്. ക്വട്ടേഷൻ ഏറ്റെടുത്തയാളുൾപ്പെടെ മൂന്നുപേരെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളതെന്നും അതിലൊരാൾ കോഴിക്കോട് ഭാഗത്തുള്ളതായി സ്ഥിരീകരിച്ചുവെന്നും പോലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..