നഗരസഭയുടെ വസ്തുക്കൾക്ക് രേഖകളില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്‌: ആസ്തിക്ക് ആര് അവകാശികൾ


2 min read
Read later
Print
Share

കാസർകോട്

: നഗരസഭയുടെ കൈവശമുള്ള ഭൂരിഭാഗം വസ്തുക്കൾക്കും വില്ലേജ് ഓഫീസുകളിൽ രേഖകളില്ല. ഓഡിറ്റ് വകുപ്പിന്റെ ആസ്തി രജിസ്റ്റർ പരിശോധനയിലാണ് അത് വ്യക്തമായത്. നഗരസഭയിൽ ഭൂരജിസ്റ്റർ, റിലിംഗ്വിഷ്‌മെന്റ് രജിസ്റ്റർ എന്നിവ പ്രത്യേകമായി സൂക്ഷിക്കുന്നില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

ഭൂമിയുടെ വിവരങ്ങൾ ലഭിക്കുന്നതിന് കാസർകോട്, തളങ്കര, മധൂർ എന്നീ വില്ലേജ് ഓഫീസുകൾക്ക് കത്ത് നൽകിയെങ്കിലും ഭൂമിയുടെ വിശദാംശങ്ങൾ ലഭ്യമല്ലെന്നാണ് അറിയിച്ചതെന്നും മധൂർ വില്ലേജ് പരിധിയിലെ മൂന്ന് സർവേ നമ്പറുകളിലെ സ്ഥലങ്ങൾക്ക് ഭൂനികുതി ഈടാക്കിയിട്ടില്ലെന്ന് അറിയിച്ചതായും 2021-22 വർഷത്തെ റിപ്പോർട്ടിൽ പരാമർശമുണ്ട്.

നഗരസഭയുടെ കീഴിലുള്ള പുറമ്പോക്ക്, നഗരസഭ പല ആവശ്യങ്ങൾക്കായി ആർജിച്ച ഭൂമി എന്നിവയുടെ പട്ടിക തയ്യാറാക്കി വില്ലേജ് ഓഫീസർക്ക് നൽകി ആസ്തി രജിസ്റ്ററിൽ ചേർക്കണം. നഗരസഭ പ്രവർത്തനമാരംഭിച്ച് 44 വർഷമാകുമ്പോഴും കൈവശമുള്ളതും ആസ്തി രജിസ്റ്ററിലുള്ളതുമായ ഭൂമികൾ നിയമപ്രകാരം രജിസ്റ്റർചെയ്ത് പുതിയ തണ്ടപ്പേർ ലഭ്യമാക്കുന്നതിനും കരമൊടുക്കുന്നതിനും നടപടി സ്വീകരിച്ചിട്ടില്ലെന്ന ഗുരുതരമായ പിഴവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നഗരസഭ ഏൽപ്പിച്ച വാർഷിക വികസന പദ്ധതികളൊന്നും വ്യവസായ വികസന ഓഫീസർ നടപ്പാക്കിയിട്ടില്ല. അഞ്ച് ഇനങ്ങളിലായി 12 ലക്ഷത്തിന്റെ പദ്ധതികളാണ് ആവിഷ്കരിച്ചത്. സമൂഹത്തിൽ പിന്നാക്കമുള്ള പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിന് പദ്ധതികൾ നടപ്പാക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് പ്രാദേശിക സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നിരിക്കെ ചെലവഴിക്കേണ്ട പദ്ധതിവിഹിതം നഷ്ടപ്പെടുത്തിയത് വീഴ്ചയാണെന്നും പരാമർശമുണ്ട്.

വിവിധ പ്രവൃത്തികൾക്കായി ജീവനക്കാർക്ക് നൽകിയ മുൻകൂർ തുകകൾ ക്രമീകരിച്ചിട്ടില്ല. 36 പ്രവൃത്തികൾക്കായി 14.60 ലക്ഷം രൂപയാണ് ഇങ്ങനെ ചെലവാക്കിയത്. മുൻകൂർ പണം കൈപ്പറ്റിയാൽ മൂന്ന് മാസത്തിനകം ക്രമീകരിക്കേണ്ടിടത്താണ് അലംഭാവമുണ്ടായത്.

മാലിന്യ സംസ്കരണവും കാര്യക്ഷമമല്ല

നഗരസഭയിൽ മാലിന്യസംസ്കരണം കാര്യക്ഷമമല്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്‌ പറയുന്നു. ഖരമാലിന്യ സംസ്കരണത്തിന് വിവിധ പ്രദേശങ്ങളിൽ സ്ഥലം ഏറ്റെടുത്തുവെങ്കിലും തുടർപ്രവർത്തനങ്ങൾ നടത്തിയില്ല. കൊല്ലങ്കാനയിലെ മാലിന്യ സംസ്കരണ യൂണിറ്റിനായി 5.46 ഏക്കർ വാങ്ങിയിട്ടും മധൂർ പഞ്ചായത്തിന്റെ സൈറ്റ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പദ്ധതി മുന്നോട്ടുപോയില്ല. സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിനായി 2010 മുതൽ 2013 വരെയുള്ള സാമ്പത്തിക വർഷം 2.06 കോടി രൂപ ലഭിച്ചതിൽ ടിപ്പർ ലോറിയുൾപ്പെടെ വാങ്ങാനായി 27.39 ലക്ഷം രൂപയാണ് ചെലവാക്കിയത്.

തുടർപ്രവർത്തനങ്ങൾ നടത്താതെ ബാക്കിയുള്ള തുക പലിശയും ചേർത്ത് 10വർഷം കഴിഞ്ഞ് 2021 ഡിസംബറിലാണ് തിരിച്ചടച്ചത്. ആവശ്യമുള്ള പണമുണ്ടായിട്ടും ഖരമാലിന്യ സംസ്കരണത്തിന് മറ്റ് സാധ്യതകൾ പരിശോധിച്ചില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ കൊല്ലങ്കാനയിലെ സ്ഥലം നിഷ്‌ക്രിയ ആസ്തിയായി തുടരുകയാണ്. കേളുഗുഡ്ഡെ ഡംപിങ് യാർഡ്, വ്യവസായ എസ്റ്റേറ്റിലെ മാലിന്യ സംസ്കരണ കേന്ദ്രം എന്നിവയെക്കുറിച്ചും ഗുരുതരമായ പരാമർശങ്ങളുമുണ്ട്.

ഭവനനിർമാണത്തിലും അലംഭാവം

എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെയുള്ള പി.എം.എ.വൈ.-ലൈഫ് ഭവന പദ്ധതിയിൽ ഓഡിറ്റ് വർഷത്തിൽ 25 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തെങ്കിലും കരാർവെച്ചത് ഒൻപത് ഗുണഭോക്താക്കൾ മാത്രം. മുൻ വർഷങ്ങളിൽ 264 ഗുണഭോക്താക്കളിൽ 244 പേർ കരാർ വെച്ചെങ്കിലും 169 പേർ മാത്രമേ നിർമാണം പൂർത്തീകരിച്ചുള്ളൂ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..