കൃപേഷ്, ശരത് ലാൽ
കാഞ്ഞങ്ങാട്: ശരത്ലാല്‍-കൃപേഷ് നാലാം രക്തസാക്ഷിത്വദിന അനുസ്മരണം വെള്ളിയാഴ്ച പെരിയയില്‍ നടക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയും ചേര്‍ന്നാണ് അനുസ്മരണച്ചടങ്ങ് നടത്തുന്നത്. രാവിലെ ഒന്‍പതിന് കല്യോട്ട് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും. വൈകീട്ട് മൂന്നിന് പെരിയ ടൗണില്‍ നടക്കുന്ന അനുസ്മരണയോഗം കെ.മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്മൃതിയാത്ര നടത്തും.
അനുസ്മരണ പരിപാടികളുടെ ഭാഗമായി കോണ്‍ഗ്രസ് പ്രവാസിസംഘടനയായ ഇന്‍കാസ് യൂത്ത് വിങ് യു.എ.ഇ.യുടെ നേതൃത്വത്തില്‍ വാങ്ങിയ ആംബുലന്‍സിന്റെ സമര്‍പ്പണം വെള്ളിയാഴ്ച നടക്കും.
ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസല്‍, മുന്‍ എം.എല്‍.എ. കെ.പി.കുഞ്ഞിക്കണ്ണന്‍, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ എ.ഗോവിന്ദന്‍ നായര്‍, അഡ്വ. കെ.കെ.രാജേന്ദ്രന്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, പ്രമോദ് പെരിയ എന്നിവര്‍ പങ്കെടുത്തു.
കല്യോട്ട് കേസ് നടത്താൻ സി.പി.എം. മൂന്നര കോടി പിരിക്കുന്നു -രാജ്‌മോഹൻ ഉണ്ണിത്താൻ
മുൻ എം.എൽ.എ. അടക്കമുള്ള പാർട്ടിനേതാക്കൾ പ്രതികളായ കല്യോട്ട് കൊലപാതക കേസ് നടത്താൻ വേണ്ടി സി.പി.എം. മൂന്നര കോടി രൂപ പിരിക്കുന്നതായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ആരോപിച്ചു. കൊലചെയ്യപ്പെട്ടവരുടെ കുടുംബം കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിക്കെതിരേ ഹൈക്കോടതി സിങ്കിൾ ബെഞ്ചിലും ഡിവിഷൻബെഞ്ചിലും സുപ്രീംകോടതിവരേയും പോയി പരാജയപ്പെട്ട പിണറായി സർക്കാർ പ്രതികളെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ലക്ഷകണക്കിനു രൂപയുടെ നികുതിപ്പണമാണ് സർക്കാർ ഖജനാവിൽനിന്നും കേസിലെ പ്രതികളെ രക്ഷിക്കാൻ വേണ്ടി ചെലഴവഴിച്ചത്.
കൊലപാതകവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് സി.പി.എം. പറഞ്ഞത്. എന്നാൽ, സി.ബി.ഐ. അന്വേഷണം നടന്നതോടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയ 14 പ്രതികൾക്ക് പുറമേ പാർട്ടിനേതാക്കളടക്കം 10 പേർ കൂടി പ്രതിപ്പട്ടികയിൽ എത്തി. പ്രതികൾക്ക് വേണ്ടി പണപ്പിരിവ് നടത്തിയും വക്കീലിനെെവച്ച് കേസ് വാദിച്ചും കുടുംബാംഗങ്ങൾക്ക് ജോലിനൽകിയും പ്രതികളെ സഹായിക്കാൻ വേണ്ടി സി.പി.എം. നടത്തുന്ന കാര്യങ്ങൾ പകൽപോലെ യാഥാർഥ്യമാണ്. പ്രതികളെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിൽനിന്നും പുറത്തുവരുന്നത്. കേസിലെ പത്രികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ കെ.പി.സി.സി.യും ഡി.സി.സി.യും അടക്കമുള്ള സംഘടനകൾ ഏതറ്റംവരേയും പോകുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..