കാഞ്ഞങ്ങാട് : ചെവ്വാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് ഓഫീസിൽ ഇരിക്കുന്നതിനിടെ ഒരു പരാതിയെത്തി. സ്റ്റേഷൻ കവാടത്തിലേക്കുചെന്ന് അവരോടും ജി.ഡി. ചാർജുള്ള പോലീസിനോടും സംസാരിക്കവെയാണ് പാന്റ്‌സും ഷർട്ടും ധരിച്ച സുമുഖനായ ഒരു യുവാവ് നടന്നുവരുന്നത് കണ്ടത്.
സമയം വൈകിട്ട് നാലുമണി കഴിഞ്ഞിരുന്നു. അയാൾ കൈകൊണ്ടുള്ള ആംഗ്യത്തോടെ ഒരുകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. അയാളെയും കൂട്ടി ഓഫീസ് മുറിയിലെത്തി. ഇരിക്കാൻ പറഞ്ഞെങ്കിലും അയാൾ ഇരുന്നില്ല. സർ, എന്റെ പേര് സതീഷ് ഭാസ്കർ. ബോവിക്കാനം സ്വദേശിയാണ്. ഇവിടെ സെക്യൂരിറ്റി ഏജൻസി നടത്തുന്നു. ഞാൻ ഒരാളെ കൊലപ്പെടുത്തി -അയാൾ പറഞ്ഞു.
താൻ എന്താ കളിയാക്കുന്നോ എന്ന് ചോദിച്ചു. അല്ല സർ, ഞാൻ ഒരാളെ കൊന്നിട്ടാണ് വരുന്നതെന്ന് അയാൾ വീണ്ടും പറഞ്ഞു. പാന്റ്‌സിന്റെ കീശയിൽനിന്ന് ഒരു പൊതിയെടുത്തു. അതിനുപുറത്ത് കത്തിയുടെ പിടി കാണാമായിരുന്നു. കത്തി പുറത്തേക്കെടുത്ത് പറഞ്ഞു. സർ, ഇതുകൊണ്ടാണ് കൊന്നത്. ആ കത്തി നിറയെ ചോരയായിരുന്നു. അയാളുടെ ഷർട്ടിൽ ഉണങ്ങിയ ചോരപ്പാട് കണ്ടു. ഔദ്യോഗിക ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അത്. അയാളോട് കടുപ്പിച്ച് ചോദിച്ചു എന്താ സംഭവിച്ചേ. അയാളോട് ഇരിക്കാൻ പറഞ്ഞു. അയാൾ അവിടെയിരുന്നു. ഇത്തിരി വെള്ളം കുടിച്ചശേഷം അയാൾ പറഞ്ഞു. ഉദുമ കുണ്ടോളംപാറയിലെ ദേവികയെയാണ് ഞാൻ കൊന്നത്. (ലോഡ്ജിന്റെ പേരും മുറിനമ്പറും യുവതിയുടെ വീട്ടുവിലാസവുമെല്ലാം പറയുന്നു). ലോഡ്ജ് മുറിയുടെ താക്കോലും തന്നു.
പെട്ടെന്ന് ടൗണിലുള്ള എസ്.ഐ.യെ വിളിച്ച് ഹോട്ടലിലേക്ക് പോകാൻ പറഞ്ഞു. എസ്.ഐ. അവിടെയെത്തി മുറി തുറന്നപ്പോൾ യുവതി മരിച്ചുകിടക്കുന്നത് കണ്ടു. വിവരം എന്നെ അറിയിക്കുകയും ചെയ്തു. വന്നയാൾ പറയുന്നുണ്ടായിരുന്നു ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കൊന്നതെന്നും മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സർ ഞാൻ ഇവിടേക്ക് വന്നതെന്നും. വിവാഹത്തിനു മുൻപേയുള്ള പരിചയമാണ് ദേവികയുമായുള്ളതെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചതായിരുന്നുവെന്നും അയാൾ പറഞ്ഞു. ഒരപകടം പറ്റി കിടപ്പിലായപ്പോൾ താൻ തന്നെയാണ് അവളോട് മറ്റൊരു കല്യാണം കഴിക്കാൻ പറഞ്ഞതെന്നും പിന്നീട് താനും വേറെ കല്യാണം കഴിച്ചുവെന്നും അയാൾ പറഞ്ഞു.
തന്റെ ഭാര്യയെ ഉപേക്ഷിച്ച് അവളെ കല്യാണം കഴിക്കണമെന്ന് പറയുന്നു. ജീവിക്കാൻ അനുവദിക്കില്ലെന്ന് വന്നപ്പോഴാണ് കൊല്ലേണ്ടിവന്നതെന്നും അയാൾ പറഞ്ഞു. ന്റ ചങ്ങായീ, ഒന്നു സ്റ്റേഷനിൽ വന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നല്ലായിരുന്നോ. ജീവനെടുക്കണമായിരുന്നോയെന്ന് ചോദിച്ചതും അയാൾ പൊട്ടിക്കരഞ്ഞു.
Content Highlights: kasaragod,woman stabbed to death, man kills woman in lodge, kanhangad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..