പി. പാർവതി
നീലേശ്വരം: ശരീരസൗന്ദര്യമത്സരത്തിൽ ഒരുവർഷത്തിനുള്ളിൽതന്നെ നേട്ടങ്ങൾ കീഴടക്കിയ മിടുക്കിയുണ്ട് നീലേശ്വരത്ത്. കരുവാച്ചേരി കൊയാമ്പുറം സ്വദേശിനി പി. പാർവതി.
ഈ മാസം 16 മുതൽ നടക്കുന്ന മിസ്റ്റർ വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ സ്പോൺസർമാരില്ലാത്ത ദുഃഖത്തിലാണ് ഈ താരം. ഒരുവർഷം മുൻപാണ് പാർവതി ശരീരസൗന്ദര്യമത്സരരംഗത്തേക്കിറങ്ങിയത്.
ചുരുങ്ങിയ കാലയളവിൽതന്നെ വനിതാവിഭാഗത്തിൽ മിസ്റ്റർ കണ്ണൂർ മത്സരത്തിൽ ഒന്നാം സ്ഥാനവും മിസ്റ്റർ കാസർകോട് മത്സരത്തിൽ രണ്ടാം സ്ഥാനവും ഈ ഇരുപതുകാരി നേടി.
കൂടാതെ മാർച്ചിൽ മുപ്പതിലധികം പേർ പങ്കെടുത്ത മിസ്റ്റർ കേരള മത്സരത്തിലും പാർവതി രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഇനി ഏപ്രിൽ 16, 17, 18 തീയതികളിൽ മിസ്റ്റർ ഇന്ത്യ, മിസ്റ്റർ വേൾഡ് മത്സരങ്ങൾ മഹാരാഷ്ട്രയിൽ നടക്കാൻ പോവുകയാണ്. ഇതിൽ മിസ്റ്റർ വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ 20,000 രൂപയോളം രജിസ്ട്രേഷൻ ഫീസ് തന്നെ വേണം. കൂടാതെ യാത്ര, താമസച്ചെലവുകൾ വേറെയും. ഇതുകണ്ടെത്താൻ ഇവർക്ക് മാർഗമില്ല.
പരേതനായ പുരുഷോത്തമന്റെയും പി. റീനയുടെയും മകളാണ് പാർവതി. അമ്മ റീന നടത്തുന്ന ഡ്രൈവിങ് പരിശീലനകേന്ദ്രത്തിൽനിന്നുമുള്ള വരുമാനമാണ് ഇവരുടെ ജീവിതമാർഗം. വായ്പയെടുത്ത് കെട്ടിയ വീടിന്റെ അടവിനുൾപ്പെടെ ഇതിൽനിന്നാണ് തുക കണ്ടെത്തേണ്ടത്. മിസ്റ്റർ വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ അവസാനനിമിഷവും സ്പോൺസർമാരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാർവതി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..