സഹോദരങ്ങളുടെ മക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു; ഇരുവരും ഇണപിരിയാത്ത കൂട്ടുകാര്‍, കണ്ണീരണിഞ്ഞ് ദേവറഡുക്ക


2 min read
Read later
Print
Share

മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആഷിഖ്‌

അഡൂര്‍ (കാസര്‍കോട്): അഡൂര്‍പ്പുഴയില്‍ സഹോദരങ്ങളുടെ രണ്ട് മക്കള്‍ മുങ്ങിമരിച്ചു. ദേവറഡുക്കയിലെ ഷാഫിയുടെയും റുഖിയയുടെയും മകന്‍ മുഹമ്മദ് ആഷിഖ് (നാല്), ഹസൈനാറിന്റെയും (യൂസഫ്) സൗദയുടെയും മകന്‍ മുഹമ്മദ് ഫാസില്‍ (നാല്) എന്നിവരാണ് മരിച്ചത്. ഷാഫിയും സൗദയും സഹോദരങ്ങളാണ്.

ചൊവ്വാഴ്ച രാവിലെ 11-ന് വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ ആഷിഖിനെയും ഫാസിലിനെയും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. ഒരുമണിയോടെ പയസ്വിനിപ്പുഴയിലെ കയത്തില്‍ ഇരുവരെയും മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ദേവറഡുക്ക അങ്കണവാടി വിദ്യാര്‍ഥികളാണ് ഇരുവരും. രണ്ടുപേരുടെയും പിതാക്കന്മാര്‍ സൗദിയിലാണ്.

കടുത്ത വേനലില്‍ പുഴ വറ്റിയിരുന്നെങ്കിലും തുരുത്തിനരികിലുള്ള കയത്തില്‍ ഒരാള്‍പ്പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. അതില്‍ കുളിക്കാനിറങ്ങവെ കയത്തിലകപ്പെട്ടതാകാമെന്നാണ് പോലീസ് കരുതുന്നത്.

കരയില്‍ വസ്ത്രം കണ്ടാണ് നാട്ടുകാര്‍ കയത്തില്‍ തിരച്ചില്‍ നടത്തിയത്. കുട്ടികളെ മുള്ളേരിയ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആയിഷയാണ് ആഷിഖിന്റെ സഹോദരി. ഫാസിലിന്റെ സഹോദരങ്ങള്‍: ഫതൂല, ഉമറുല്‍ ഫാറൂഖ്, ആയിഷത്ത് ഫഹീമ. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പരിശോധനയ്ക്കുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

കണ്ണീരണിഞ്ഞ് ദേവറഡുക്ക

അഡൂര്‍ : ഇണപിരിയാത്ത കൂട്ടുകാരായിരുന്നു മുഹമ്മദ് ആഷിഖും മുഹമ്മദ് ഫാസിലും. മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല. പൂമ്പാറ്റകളെപ്പോലെ പാറിനടന്ന കുഞ്ഞുങ്ങള്‍ ഇനിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ ദേവറഡുക്ക കണ്ണീരണിഞ്ഞു. മക്കളുടെ വിയോഗം ഉമ്മമാരെ അറിയിക്കാന്‍ ബന്ധുക്കള്‍ ഏറെ പാടുപെട്ടു. അവരുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ നാട്ടുകാരിലേക്കും പടര്‍ന്നതോടെ ദേവറഡുക്ക കണ്ണീര്‍ക്കയത്തിലായി.

സഹോദരങ്ങള്‍ക്കൊക്കെ സ്‌കൂള്‍ അവധിയായതിനാല്‍ അവര്‍ക്കൊപ്പം കളിക്കാന്‍ ഈസ്റ്ററിനുശേഷം രണ്ടുപേരും അങ്കണവാടിയില്‍ പോയിരുന്നില്ല. 25-ന് ഫാസിലിന് നാലുവയസ്സ് പൂര്‍ത്തിയാകും. ആഷിഖിന് മേയ് 28-നും. 11 മണിയോടെ വീടിനടുത്തുള്ള ബദറുദ്ദീന്റെ കടയില്‍നിന്ന് മിഠായിയും വാങ്ങി പോയതാണ്. വഴിക്ക് ഉസ്താദിനെക്കണ്ട് സംസാരിച്ചിരുന്നു. 12 മണി കഴിഞ്ഞിട്ടും കാണാത്തതിനാല്‍ വീട്ടുകാര്‍ കടയിലും പിന്നീട് എല്ലാ വീടുകളിലും അന്വേഷിക്കുകയായിരുന്നു.

കുട്ടികളെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ പുഴയില്‍ രണ്ടുതവണ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാര്‍ തിരയുന്നത് കണ്ട് പുഴയില്‍ മീന്‍പിടിക്കാന്‍ വന്നവരാണ് കയത്തിനരികെ ഉടുപ്പ് കിടക്കുന്നുണ്ടെന്ന് പറഞ്ഞത്. ഒരാള്‍പൊക്കത്തില്‍ വെള്ളമുള്ള കയത്തില്‍ മുങ്ങിയപ്പോഴാണ് ആഷിഖിന്റെയും ഫാസിലിന്റെയും ചേതനയറ്റ ശരീരം കണ്ടത്. പുഴയില്‍ വെള്ളമുണ്ടായിരുന്ന ഏക ഇടമാണിത്.

സഹോദരങ്ങളുടെ മക്കളുടെ വേര്‍പാട് നാടിന്റെ തീരാനോവായി. ദേവറഡുക്ക അങ്കണവാടിയിലെ മിടുക്കരായ വിദ്യാര്‍ഥികളായിരുന്നു അവരെന്ന് അങ്കണവാടി അധ്യാപിക ദയാവതി സങ്കടത്തോടെ പറയുന്നു.

മിഠായി വാങ്ങിക്കാന്‍ വന്ന കുട്ടികള്‍ അരമണിക്കൂറോളം കടയിലും പരിസരങ്ങളിലും ഓടിക്കളിച്ചശേഷം പോയത് മരണത്തിലേക്കാണെന്ന് അറിഞ്ഞില്ലെന്ന് കടക്കാരന്‍ ബദറുദ്ദീന്‍ കണ്ണീരൊപ്പിക്കൊണ്ട് പറഞ്ഞു. രണ്ടുപേരുടെയും ഉപ്പമാര്‍ സൗദി അറേബ്യയിലാണ്. മരണവിവരമറിഞ്ഞ ഷാഫി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

കരുതുക, മരണം ഒളിച്ചിരിപ്പുണ്ട് കയങ്ങളില്‍

കാസര്‍കോട്: നീരൊഴുക്കില്ലെന്ന് കരുതി നീന്തലറിയുന്നവര്‍ പോലും പുഴകളിലെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാനിറങ്ങരുത്. മരണത്തിലേക്ക് വാപിളര്‍ന്ന കയങ്ങളാണ് അവ. ജലനിരപ്പ് കുറഞ്ഞ സമയമാണെങ്കിലും അടിത്തട്ടില്‍ അടിഞ്ഞിരിക്കുന്ന ചെളിയില്‍ കാല്‍പുതഞ്ഞാല്‍ നീന്തലറിയുന്നവര്‍ക്ക് പോലും പൊങ്ങിവരാന്‍ പ്രയാസമാകും. പുഴകള്‍ അപകടത്തുരുത്താകാന്‍ അധികം സമയം വേണ്ട. അങ്ങനെയൊരു ദുരന്തത്തിനാണ് ചൊവ്വാഴ്ച അഡൂര്‍ ഗ്രാമം സാക്ഷിയായത്.

കയങ്ങളേറെയുള്ളതാണ് പയസ്വിനിപ്പുഴ. നിരപ്പായ സ്ഥലങ്ങള്‍ അപൂര്‍വം. പുഴയുടെ അടിത്തട്ട് ഭൂരിഭാഗവും കരിങ്കല്ലിടുക്കകളാണ്.

അവയില്‍ മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളത്. പുറമേനിന്നും ഇടുക്കുകളുടെ ആഴം മനസ്സിലാകില്ല. അതിനാല്‍, അവയില്‍ കുളിക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഒഴുക്ക് നിലച്ച സമയമായതിനാല്‍ വെള്ളക്കെട്ടുകള്‍ക്കടിയില്‍ ചെളി നിറഞ്ഞിരിപ്പുണ്ടാകും. നീന്തലറിയാവുന്നവരും അവിടങ്ങളില്‍ അപകടത്തില്‍പ്പെടുന്നു.

കയങ്ങളില്‍ ചൂണ്ടയെറിഞ്ഞുള്ള മീന്‍പിടിത്തവും നടക്കുന്നുണ്ട്. അങ്ങനെ പോകുന്നവരില്‍ നീന്തല്‍ അറിയാത്തവരും ഉണ്ടാകും. ഒരു നിമിഷം ശ്രദ്ധ പാളിയാല്‍ കാല്‍തെറ്റി വെള്ളത്തില്‍ വീഴും.

പിടിച്ചു കയറാന്‍ മരക്കമ്പുകള്‍ പോലുമില്ലാത്ത സ്ഥലത്ത് മുങ്ങിയാല്‍പിന്നെ തിരിച്ചുകയറല്‍ ബുദ്ധിമുട്ടാണ്. അപകടങ്ങളുടെ ഓളങ്ങളാണ് എല്ലാസമയത്തും പുഴകളിലുള്ളത്.

Content Highlights: two childrens drowned at kasaragod

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..