മരിച്ച ആദിൽ മുഹമ്മദ്
നാഗർകോവിൽ : ഭൂതപ്പാണ്ടിക്കുസമീപം തിട്ടുവിളയിൽവെച്ച് കൊല്ലം നിലമേൽ സ്വദേശി കുളത്തിൽവീണു മരിച്ച സംഭവം കൊലപാതകമെന്ന് അന്വേഷണസംഘം കണ്ടെത്തി. സംഭവത്തിൽ 14-കാരനെ തമിഴ്നാട് സി.ബി.സി.ഐ.ഡി. അറസ്റ്റു ചെയ്തു. തിട്ടുവിളയിലെ ബന്ധുവീട്ടിൽ എത്തിയ നിലമേൽ പാങ്ങൂട് പുത്തൻവീട്ടിൽ നജീബ്-സുജിത ദമ്പതിമാരുടെ മകൻ ആദിൽ മുഹമ്മദ് (12) മരിച്ച സംഭവത്തിലാണ് ഒരുവർഷത്തിനുശേഷം പോലീസ് 14-കാരനെ അറസ്റ്റു ചെയ്തത്. പെരുന്നാൾ ആഘോഷിക്കാൻ അമ്മയുടെ തിട്ടുവിളയിലെ കുടുംബവീട്ടിൽ എത്തിയതായിരുന്നു ആദിൽ.
2022 മേയ് ആറിന് ഉച്ചയോടെയാണ് ആദിലിനെ സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കന്യാകുമാരി പോലീസ് മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് കൂട്ടുകാരുൾപ്പെടെയുള്ളവരെ ചോദ്യംചെയ്തിരുന്നു. എന്നാൽ അന്വേഷണം എങ്ങുമെത്താത്തതിനാൽ ബന്ധുക്കളും നാട്ടുകാരും നാഗർകോവിലിൽ സമരവും നടത്തി. ആദിൽ മുഹമ്മദിന്റെ രക്ഷിതാക്കൾ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. തുടർന്ന് ഈ പരാതി കേരള സർക്കാർ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു കൈമാറി. പിന്നീടാണ് അന്വേഷണം സി.ബി.സി.ഐ.ഡി. ഏറ്റെടുത്തത്. ആറുമാസത്തോളം നടത്തിയ അന്വേഷണത്തെത്തുടർന്നാണ് വ്യാഴാഴ്ച 14-കാരനെ അറസ്റ്റു ചെയ്തത്.
സംഭവദിവസം ആദിൽ മുഹമ്മദ് വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ടീഷർട്ട് ധരിച്ചിരുന്നു. എന്നാൽ, മൃതദേഹത്തിൽ ടീഷർട്ട് ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി.സി.ടി.വി. കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ആദിൽ മുഹമ്മദിനൊപ്പം പോയ കുട്ടികളെ ചോദ്യംചെയ്തതിൽനിന്നാണ് 14-കാരനെ പിടികൂടിയത്.
ഒരുമിച്ച് കുളത്തിലിറങ്ങിയപ്പോൾ, പിടികൂടിയ കുട്ടി ആദിലിനെ ഉപദ്രവിച്ചു. ആക്രമണത്തിനിടെ ആദിൽ കുളത്തിന്റെ ആഴമുള്ള ഭാഗത്തുവീണ് മുങ്ങിത്താഴ്‌ന്നു. ഈ സമയം ആദിലിനെ കുളത്തിൽ ഉപേക്ഷിച്ച് 14-കാരൻ രക്ഷപ്പെട്ടെന്നാണ് സി.ബി.സി.ഐ.ഡി. പറയുന്നത്. സി.ബി.സി.ഐ.ഡി. ഡി.എസ്.പി. ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Content Highlights: 12-year-old's drowning death murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..