കാറിനു വഴി കൊടുക്കാത്തയാളെ കുത്തിക്കൊന്ന കേസ്; ആറു പ്രതികളെയും വെറുതേ വിട്ടു


1 min read
Read later
Print
Share

.

കൊല്ലം :കാറിനു കടന്നുപോകാൻ വഴികൊടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച കേസിൽ ആറു പ്രതികളെ വെറുതെവിട്ടു.

കൊല്ലം വടക്കുംഭാഗം ലേക്ക് ദർശൻ നഗർ തുരുത്തിൽ പുരയിടത്തിൽ സെബാസ്റ്റ്യൻ-ശാന്ത ദമ്പതിമാരുടെ മകൻ സിജോ സെബാസ്റ്റ്യ(23)നാണ് 2016 ഏപ്രിൽ 15-ന് രാത്രി 10.30-ന് കുത്തേറ്റത്.

സിജോയുടെ സുഹൃത്തുക്കളായിരുന്ന ജോനകപ്പുറം കടപ്പുറം പുറമ്പോക്കിൽ സനോഫർ, വടക്കുംഭാഗം പുതുവൽ പുരയിടത്തിൽ ഡിറ്റു, മുണ്ടയ്ക്കൽ ലക്ഷ്മി നഗർ ഷാൻ മൻസിലിൽ ഷബിൻ, ജോനകപ്പുറം വലിയപള്ളിക്കുസമീപം ജെ.ആർ.എ. പുത്തൻവീട്ടിൽ ഇർഷാദ്, കച്ചേരി വാർഡിൽ കോട്ടമുക്ക് കളരിപ്പുരയിടത്തിൽ അജ്മൽ, ജോനകപ്പുറം പള്ളിക്കുസമീപം ജെ.ആർ.എ. ലബ്ബയഴികം പുരയിടത്തിൽ അലിമോൻ എന്നിവരെയാണ് കേസിൽ വെറുതെവിട്ടത്.

പൂർണമായും സംശയാതീതമായും പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി (അഞ്ച്) ജഡ്ജി പ്രസന്ന ഗോപൻ നിരീക്ഷിച്ചു.

ചാമക്കട സോഡിയാക്ക് ബിയർ പാർലർ വളപ്പിലായിരുന്നു കേസിനാസ്പദമായ സംഭവം. ബിയർ പാർലർ വളപ്പിൽ സിജോയും സുഹൃത്ത് ജിജോയും സംസാരിച്ചുനിൽക്കുമ്പോൾ ഇവരുടെ നാല് സുഹൃത്തുക്കൾ കാറിലെത്തി.

കാർ കടന്നുപോകുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. തർക്കം വാക്കേറ്റത്തിലും കൈയേറ്റത്തിലുമെത്തിയപ്പോൾ സിജോ ഇടപെട്ടു. ഇതിനിടെ ഒന്നാംപ്രതി സനോഫർ സിജോയെ കത്തികൊണ്ടു കുത്തിവീഴ്ത്തി.

തുടർന്ന് പ്രതികൾ വാഹനമുപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് കൊല്ലം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസ്.

ഗുരുതരമായി പരിക്കേറ്റ സിജോയെ ജിജോയും ബിയർ പാർലറിലെ ജീവനക്കാരും ചേർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും അടുത്തദിവസം പുലർച്ചെയോടെ മരിച്ചു.

ഗൾഫിലായിരുന്ന സിജോ സംഭവം നടക്കുന്നതിന് രണ്ടുമാസംമുമ്പാണ് ജോലി നഷ്ടമായി നാട്ടിലെത്തിയത്. പിന്നീട് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുകയായിരുന്നു.

വിധികേട്ട് നിലവിളിച്ചുകൊണ്ട് കോടതിമുറിക്ക് പുറത്തേക്കു വന്ന സിജോയുടെ അമ്മ ശാന്ത കുഴഞ്ഞുവീണു. വനിതാ പോലീസ് എത്തി ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പ്രതികൾക്കുവേണ്ടി അഭിഭാഷകരായ മരുത്തടി എസ്.നവാസ്, ജി.വിമൽരാജ്, വിപിൻമോഹൻ ഉണ്ണിത്താൻ, ഇ.ഷാനവാസ് ഖാൻ, പാരിപ്പള്ളി ആർ.രവീന്ദ്രൻ, ഓച്ചിറ എൻ.അനിൽകുമാർ എന്നിവർ കോടതിയിൽ ഹാജരായി.

Content Highlights: case of stabbing a person who did not give way to a car; all six accused were released

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..