വീട്ടിലേക്കു വഴിയില്ല; കൗമാരക്കാരന്റെ മൃതദേഹം നാട്ടുകാർ ചുമന്നു


വഴിക്കുവേണ്ടി ശ്രമം തുടങ്ങിയിട്ട് വർഷങ്ങൾ

സൂരജിന്റെ മൃതദേഹം ചുമന്ന് വീട്ടിലേക്ക് എത്തിക്കുന്നു

പുനലൂർ : ആറോളം കുടുംബങ്ങൾക്കായി വാഹനമെത്തുന്ന വഴി നിർമിക്കാൻ നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ വർഷങ്ങളായി നടക്കുന്ന ശ്രമം ഫലംകാണുന്നില്ല. ഈ കുടുംബങ്ങളിലൊന്നിൽ ഓട്ടിസം ബാധിച്ച് ബുധനാഴ്ച മരിച്ച 17-കാരന്റെ മൃതദേഹം ആശുപത്രിയിൽനിന്നു വീട്ടിലെത്തിച്ചത് നാട്ടുകാർ സ്ട്രെച്ചറിൽ ചുമന്നാണ്.

പുനലൂർ നഗരസഭയിലെ നെടുങ്കയം വാർഡിലെ വഞ്ചിയൂർ പ്ലാവിളവീട്ടിൽ മാഹേന്ദ്രന്റെയും ജയശ്രീയുടെയും മകൻ സൂരജിന്റെ മൃതദേഹമാണ് ചുമന്ന് എത്തിക്കേണ്ടിവന്നത്. അപസ്മാരബാധയെത്തുടർന്നുണ്ടായ പ്രശ്നങ്ങളാൽ ബുധനാഴ്ച രാത്രിയിലായിരുന്നു സൂരജിന്റെ മരണം. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വ്യാഴാഴ്ച വൈകീട്ടാണ് സംസ്കാരത്തിനായി ചുമന്നെത്തിച്ചത്. മൂന്നുസെന്റിലെ വീടിനോടുചേർന്ന് സ്ഥലമില്ലാത്തതിനാൽ മൃതദേഹം സംസ്കരിച്ചത് തൊട്ടുചേർന്നുള്ള ബന്ധുവിന്റെ പുരയിടത്തിലുമാണ്.

വഞ്ചിയൂരിൽ ആറോളം കുടുംബങ്ങൾക്ക് ഗതാഗതയോഗ്യമായ വഴി നിർമിക്കാൻ വർഷങ്ങളായി ശ്രമംനടക്കുന്നു. വഴിക്കായി ഭൂമി വിട്ടുകിട്ടാത്തതാണ് തടസ്സം. ഗതാഗതയോഗ്യമായ റോഡിൽനിന്നു ചതുപ്പായ നടവരമ്പിലൂടെ 200 മീറ്ററിലധികം നടന്നുവേണം കുടുംബക്കാർക്ക് വീട്ടിലെത്താൻ. ഈ കുടുംബങ്ങളിൽ പലരും രോഗികളാണ്. ആശുപത്രിയിൽ പോകാൻപോലും ഇവർ വളരെ ബുദ്ധിമുട്ടുന്നു. മുമ്പും ഇവിടെ മരണങ്ങൾ നടക്കുമ്പോൾ ചുമന്നാണ് മൃതദേഹം വീട്ടിലെത്തിച്ചിട്ടുള്ളത്. മൃതദേഹം ചുമക്കുന്നതിനിടെ ആൾക്കാർ ചതുപ്പിൽ വീണ സംഭവവും ഉണ്ടായിട്ടുണ്ട്.

റോഡ് നിർമിക്കാൻ മുൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമവും ഫലംകണ്ടിരുന്നില്ല. നിലവിലെ വാർഡ് കൗൺസിലറും മുൻ നഗരസഭാ ചെയർപേഴ്‌സണുമായ ബീനാ ശാമുവേലിന്റെ നേതൃത്വത്തിൽ മൂന്നാഴ്ചമുമ്പ്‌ ഇവിടെ ഭൂമി അളക്കാൻ ശ്രമിച്ചത് ചിലർ ഉന്നയിച്ച തർക്കത്തെത്തുടർന്ന് സംഘർഷത്തിലും പോലീസ് കേസിലും കലാശിച്ചിരുന്നു. എം.പി. ഫണ്ടിൽനിന്നു പണം ലഭ്യമാക്കി റോഡ് നിർമിക്കാനാണ് ശ്രമിച്ചതെന്നും തർക്കമില്ലാതെ ഭൂമി ലഭ്യമായാൽ റോഡ് നിർമിച്ചുനൽകാൻ ഇനിയും തയ്യാറാണെന്നും കൗൺസിലർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..