മെറ്റൽ നിരത്തിയിട്ട് നാലുവർഷം : ആനയടി കോട്ടപ്പുറം-വെള്ളച്ചിറ റോഡിൽ ദുരിതയാത്ര


Caption

ശൂരനാട് :നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പാതനവീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ശൂരനാട് വടക്ക് ആനയടി കോട്ടപ്പുറം-വെള്ളച്ചിറ റോഡ്‌ നവീകരണമാണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. നാലുവർഷംമുമ്പാണ് പണി തുടങ്ങിയത്. ഇതിന്റെ ഭാഗമായി റോഡ് പൊളിച്ച് മെറ്റലും പൊടിയും കലർന്ന മിശ്രിതം നിരത്തി. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ടാർ ചെയ്യാൻ കരാറുകാരുടെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ല.

റോഡിന്റെ അവസ്ഥ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും രക്ഷയില്ലെന്ന് നാട്ടുകാർ പറയുന്നു. നാലുവർഷമായി വാഹനങ്ങൾ പോകുമ്പോഴുണ്ടാകുന്ന പൊടി ശ്വസിച്ച് റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർ രോഗികളായി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനികരീതിയിൽ പുനർനിർമിക്കുന്ന ആനയടി-കൂടൽ റോ‍ഡിന്റെ ഭാഗമാണിത്. 93 കോടി രൂപയായിരുന്നു നിർമാണച്ചെലവ്.

ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന കരാർപ്രകാരം 2018-ലാണ് നിർമാണം തുടങ്ങിയത്. റോഡ് ടാറിങ്ങിനായി ജർമൻ സാങ്കേതികവിദ്യയാണ് ആദ്യം പരീക്ഷിച്ചത്. വെള്ളച്ചിറമുതൽ കൂടൽവരെയുടെ ഭാഗങ്ങളിൽ റോഡ് നവീകരണം അന്തിമഘട്ടത്തിലാണ്. ടാറിങ്ങും പൂർത്തിയായി. എന്നാൽ കോട്ടപ്പുറം-വെള്ളച്ചിറ റോഡ് പൊളിച്ച് മെറ്റൽ പാകിയശേഷം കരാറുകാർ ഉപേക്ഷിച്ച മട്ടാണ്.

വാഹനങ്ങൾ പോയി മെറ്റൽ ഇളകി റോഡിൽ കുഴികൾ രൂപപ്പെട്ടു. മെറ്റൽചീളുകൾ റോഡിലാകെ വ്യാപിച്ചതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. കരാറെടുത്ത കമ്പനി മറ്റെല്ലാ റോഡും ടാർ ചെയ്തിട്ടും കോട്ടപ്പുറം-വെള്ളച്ചിറ റോഡിനോടു കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നവീകരണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനങ്ങൾ കഴിഞ്ഞദിവസം പ്രതിഷേധവും നടത്തി.

കോൺഗ്രസ് ഉപരോധിച്ചു

:കോട്ടപ്പുറം-വെള്ളച്ചിറ റോഡ് നവീകരണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ശൂരനാട് വടക്ക് കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റി ഉപരോധം സംഘടിപ്പിച്ചു. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ ടാറിങ് വൈകുന്നത് കുന്നത്തൂർ എം.എൽ.എ.യുടെ പിടിപ്പുകേടും ഉത്തരവാദിത്വം ഇല്ലായ്മയുമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ഉപരോധസമരം ശാസ്താംകോട്ട ബ്ലോക്ക് മുൻ പ്രസിഡന്റ് വി.വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അധ്യക്ഷതവഹിച്ചു. രാജേഷ്, എച്ച്.അബ്ദുൾ ഖലീൽ, നസീർ, ഗംഗാദേവി, സുജാത രാധാകൃഷ്ണൻ, മിനി സുദർശൻ, പദ്‌മകുമാർ, കബീർ, ദിലീപ്, ലത്തീഫ് പെരുംകുളം, സന്ദീപ് എന്നിവർ പ്രസംഗിച്ചു.

സി.പി.എം. ഉപരോധസമരം

:കോട്ടപ്പുറം-വെള്ളച്ചിറ റോഡുപണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ശൂരനാട് വടക്ക് സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ ഉപരോധം നടത്തി. ജനവാസമേഖലയായ ആനയടി വയലിൽ കോളനിയിൽ ടാർ മിക്സിങ്‌ യൂണിറ്റ് തുടങ്ങുന്നതിൽ പ്രതിഷേധിച്ചതിന്റെ പേരിൽ കരാർ കമ്പനി മൂന്നുവർഷമായി റോഡുപണി പൂർത്തിയാക്കാതെ ഇട്ടിരിക്കുകയാണ്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പണി മനഃപൂർവം ചെയ്യാതിരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കരാർ കമ്പനിയുടെ ആനയടി വെയർഹൗസിനു മുന്നിൽ രണ്ടുദിവസമായി സി.പി.എം. രാപകൽ ഉപരോധം നടത്തിവരികയാണ്. കളീക്കത്ത രാധാകൃഷ്ണൻ, എൻ.സന്തോഷ്‌, മനു ചന്ദ്രൻ, ഹരികുമാർ, ജി.അനൂപ്, ടി.സി.ജയൻ, പ്രവീൺ, ലക്ഷ്മണൻ, ഉത്തമൻ തുടങ്ങിയവർ ഉപരോധസമരത്തിന് നേതൃത്വംനൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..