ശാസ്താംകോണത്തെ അക്ഷരവഴിയിൽ നയിച്ച് ഗ്രന്ഥശാല


ശാസ്താംകോണം പബ്ലിക് ലൈബ്രറി

പുനലൂർ : പുനലൂരിൽ അടുത്തിടെ ആരംഭിച്ച ഗ്രന്ഥശാലകളിൽ മികച്ച പ്രവർത്തനത്താൽ ഏറെ പ്രതീക്ഷ നൽകുന്ന ഗ്രന്ഥശാലയാണ് ശാസ്താംകോണം പബ്ലിക് ലൈബ്രറി. അകാലത്തിൽ അന്തരിച്ച പൊതുപ്രവർത്തകനും പുനലൂർ നഗരസഭാ കൗൺസിലറുമായിരുന്ന ആർ.ഗുരുദാസിന്റെ സ്മാരകമായി നിലകൊള്ളുന്ന ഈ പ്രസ്ഥാനം ശാസ്താംകോണം പ്രദേശത്തെ അക്ഷരവഴിയിലൂടെ നയിക്കുന്നു.

വാർഡ് കൗൺസിലർ ശ്രീജാ പ്രസാദിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി ഒരുവർഷംമുമ്പാണ്‌ ശാസ്താംകോണത്ത് ഗ്രന്ഥശാല യാഥാർഥ്യമായത്. ഇതിനുവേണ്ടി നഗരസഭ വർഷങ്ങൾക്കുമുമ്പേ കെട്ടിടം പണിതിരുന്നു. വാർഡ് മുൻ കൗൺസിലർ ഗുരുദാസിന്റെ ഓർമയ്ക്കായി 'ശാസ്താംകോണം പബ്ലിക് ലൈബ്രറി ആൻഡ്‌ ആർ.ഗുരുദാസ് കൾച്ചറൽ സെന്റർ' എന്ന പേരിൽ ആരംഭിച്ച പ്രസ്ഥാനത്തിന്റെ തുടക്കം പൊതുജനങ്ങളിൽനിന്ന്‌ പുസ്തകം ശേഖരിച്ചുകൊണ്ടാണ്‌. ഇന്നിപ്പോൾ 2,000-ത്തിലധികം പുസ്തകങ്ങളുണ്ടിവിടെ. ഒപ്പം സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരവും.

വെറും പുസ്തകവായനയ്ക്കപ്പുറം നാടിന്റെ പ്രശ്നങ്ങളിൽ ഇടപെടാനും ആഘോഷങ്ങളിൽ പങ്കാളിയാകാനും ഗ്രന്ഥശാല ശ്രദ്ധിക്കുന്നുണ്ട്‌. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യവാർഷികം ലൈബ്രറിയുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെയാണ് ആഘോഷിച്ചത്. ഏതു പ്രവർത്തനത്തിലും പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സംഘാടകർ പറയുന്നു.

പി.എൻ.പണിക്കർദിനം, വായനദിനമായി ആചരിച്ചും വാർഡിലെയും ലൈബ്രറിയിലെയും മുതിർന്ന അംഗങ്ങളെ ആദരിച്ചും മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചും താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുത്തും സക്രിയമായി മുന്നേറുകയാണ് ഈ ഗ്രന്ഥശാല. ബാലസഭയുടെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു. വിദ്യാർഥികൾക്ക് സൗജന്യമായി ട്യൂഷൻ നൽകുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ സംഘാടകർ.

നഗരസഭാ മുൻ കൗൺസിലർ ആർ.പ്രസാദാണ് പ്രസിഡന്റ്. പി.ഡി.പദ്മാസനൻ സെക്രട്ടറിയും. ഗുരുദാസിന്റെ ഭാര്യയും നഗരസഭാ മുൻ ചെയർപേഴ്‌സണുമായ വിമലാ ഗുരുദാസാണ് ലൈബ്രേറിയൻ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..