114 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പുതിയ ഫ്ലാറ്റിലേക്ക്


പള്ളിത്തോട്ടത്ത് നിർമാണം പൂർത്തിയായ ഫിഷറീസ് വകുപ്പിന്റെ ‘നീലിമ’ ഫ്ലാറ്റ് സമുച്ചയം

കൊല്ലം : പള്ളിത്തോട്ടം മത്സ്യഗ്രാമത്തിലെ 114 കുടുംബങ്ങൾ പുതിയ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ഉടൻ മാറും. ഇവിടെയുണ്ടായിരുന്ന പഴയ ക്യു.എസ്.എസ്. കോളനി പൊളിച്ചു നിർമിച്ച ‘നീലിമ’ ഫ്ലാറ്റ് 29-ന് ഉദ്ഘാടനം ചെയ്യും.

35 വർഷത്തിലേറെ പഴക്കമുള്ള ക്യു.എസ്.എസ്. കോളനിയിലെ നിര വീടുകൾ ജീർണാവസ്ഥയിലായപ്പോഴാണ് പൊളിച്ചുപണിയാൻ തീരുമാനിച്ചത്. 2019-ൽ പഴയ കോളനി പൊളിച്ചതുമുതൽ 179 കുടുംബങ്ങളും വാടകവീടുകളിലായിരുന്നു താമസം.

ഇവിടെ താമസിച്ചിരുന്ന 179 മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ 114 കുടുംബങ്ങൾക്ക് ഫിഷറീസ് വകുപ്പാണ് ഫ്ലാറ്റ് നിർമിച്ചത്.

പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി 13.51 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ബാക്കിയുള്ള 65 കുടുംബങ്ങൾക്ക് കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ഫ്ലാറ്റ് നിർമാണം അന്തിമഘട്ടത്തിലാണ്. ഇവിടെ സ്ഥലസൗകര്യമില്ലാത്തതിനാൽ 17 കുടുംബങ്ങൾക്ക് പോർട്ടിനു സമീപമാണ് ഫ്ലാറ്റ് നിർമിച്ചിട്ടുള്ളത്. ഇവ കൈമാറുന്നതിനു മുന്നോടിയായുള്ള ഗുണഭോക്താക്കളുടെ യോഗം ഉടൻ നടക്കും.

ഓരോ കുടുംബത്തിനും 480 ചതുരശ്രയടിയുള്ള ഫ്ലാറ്റുകൾ

:ഓരോ കുടുംബത്തിനും അടുക്കള, രണ്ട് കിടപ്പുമുറി, ഹാൾ, ശൗചാലയം എന്നിവയടങ്ങിയ 480 ചതുരശ്രയടി വിസ്തൃതിയുള്ള ഫ്ലാറ്റുകളാണ് നൽകുന്നത്. തീരദേശ വികസന കോർപ്പറേഷനായിരുന്നു നിർമാണച്ചുമതല. 11 ബ്ലോക്കുകളിലായിട്ടാണ് 114 ഫ്ലാറ്റുകൾ നിർമിച്ചിട്ടുള്ളത്.

വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അനുബന്ധസൗകര്യങ്ങളും നൽകിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.സുഹൈർ പറഞ്ഞു.

29-ന് രാവിലെ 10.30-ന് ഫ്ളാറ്റ് സമുച്ചയത്തിനു മുന്നിൽ ചേരുന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും.

എം.മുകേഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..