മഞ്ഞമൺകാല പദ്ധതിയുടെ ജലസംഭരണിയിൽ വൻ ചോർച്ച


കമ്മിഷൻ ചെയ്തത് ഏഴുമാസം മുമ്പ്‌

മഞ്ഞമൺകാല കുടിവെള്ളപദ്ധതിയുടെ കൂറ്റൻ കോൺക്രീറ്റ് ടാങ്കിൽ ചോർച്ചയുണ്ടായ ഭാഗം വൃത്തത്തിൽ

കുന്നിക്കോട് :കോടികൾമുടക്കി സ്ഥാപിച്ച മഞ്ഞമൺകാല കുടിവെള്ളപദ്ധതിയുടെ (വിളക്കുടി, മേലില, വെട്ടിക്കവല പദ്ധതി) കൂറ്റൻ ജലസംഭരണിയിൽ വൻ ചോർച്ച. വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ മഞ്ഞമൺകാലയിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനോടു ചേർന്ന് സ്ഥാപിച്ച ടാങ്കാണ് ചോർന്നൊലിക്കുന്നത്. ടാങ്കിനുപിന്നിൽ ബീമും തൂണും ചേരുന്ന ഭാഗത്ത് തുള്ളിക്കൊരുകുടമെന്ന രീതിയിൽ വെള്ളം ചോർന്ന് ചാലിട്ടൊഴുകുകയാണ്.

ഏഴുവർഷത്തെ കാത്തിരിപ്പിനുശേഷം ഏഴുമാസംമുമ്പ് കമ്മിഷൻ ചെയ്ത പദ്ധതിയുടെ പ്രധാന സംഭരണിയാണ് ചോർന്നൊലിക്കുന്നത്. അമ്പതടിയോളം ഉയരത്തിൽ 10.3 ദശലക്ഷം ലിറ്റർ സംരണശേഷിയിൽ നിർമിച്ച ടാങ്കിന്റെ ഒരുഭാഗം മുഴുവൻ സദാ ചോർന്നൊലിക്കുകയാണ്. റോഡിന് അഭിമുഖമായ ഭാഗത്തുനിന്നാൽ ചോർച്ച വ്യക്തമാകില്ല. ഉള്ളിലേക്ക് പ്രവേശനമില്ലാത്തതിനാൽ ചോർച്ച പുറത്തുനിന്നുള്ളവരുടെ ശ്രദ്ധയിൽപ്പെടുകയുമില്ല.

ടാങ്കിലേക്ക് പടവുകൾ കയറിയെത്തുന്ന ഭാഗത്തുനിന്നാൽ ചോർച്ചയും അതിനെത്തുടർന്ന് കോൺക്രീറ്റ് ഭാഗങ്ങൾ ദ്രവിക്കുന്നതുമെല്ലാം വ്യക്തമായി കാണാം. നിലവിൽ പൂർണതോതിൽ വെള്ളംനിറച്ച് പ്രവർത്തിപ്പിക്കുന്ന ടാങ്കാണിത്. വാട്ടർ ടാങ്കിനു മുകളിൽ പദ്ധതിയുടെ പേരെഴുതുന്ന ജോലികൾ തിങ്കളാഴ്ച തുടങ്ങിയിട്ടേയുള്ളൂ.വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ കുറച്ചുഭാഗത്തെ ഗാർഹിക കണക്‌ഷനുകളിൽ വെള്ളമെത്തിക്കാൻമാത്രമാണ് ഇപ്പോൾ പമ്പിങ് നടത്തുന്നത്. വെട്ടിക്കവല, മേലില പഞ്ചായത്തുകളിൽ പദ്ധതിയുടെ രണ്ടാംഘട്ടമായി ജൽജീവൻ പദ്ധതിയിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചുവരുന്നതേയുള്ളൂ. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ആദ്യമായി കുടിവെള്ളം വിതരണംചെയ്ത് പദ്ധതിക്ക്‌ ഭാഗികമായി തുടക്കംകുറിച്ചത്. കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ.യാണ് ഉദ്ഘാടനം നിർവഹിച്ചത്.

പത്തനാപുരത്തെ സമ്പൂർണ കുടിവെള്ളലഭ്യതയുള്ള മണ്ഡലമാക്കാൻ നടപ്പാക്കിയ മൂന്നാമത്തെ വലിയ പദ്ധതിയാണിത്. പദ്ധതിയുടെ പമ്പിങ്ങിനിടെ എലിക്കോട് മേഖലയിൽ പൈപ്പ്‌ലൈൻ നിരന്തരം പൊട്ടുന്നതിനെപ്പറ്റി നേരത്തേ ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.

അന്ന് പദ്ധതി കമ്മിഷനിങ് നടത്തിവരുന്നതേയുള്ളൂ എന്നും പൈപ്പ് പൊട്ടൽ സ്വാഭാവികമാണെന്നും അപാകം പരിഹരിച്ചുവരികയാണെന്നുമാണ് വാട്ടർ അതോറിറ്റി ഉന്നതോദ്യോഗസ്ഥർ അറിയിച്ചത്.

എന്നാൽ മലമുകളിൽ സ്ഥാപിച്ച കൂറ്റൻ സംഭരണിയിലെ ചോർച്ച നിർമാണത്തിലെ ഗുരുതരമായ അപാകത്തിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. ഉടനടി അറ്റകുറ്റപ്പണിനടത്തി ചോർച്ച പരിഹരിച്ചില്ലെങ്കിൽ കോടികൾ മുടക്കിയ ജലസംഭരണിക്ക് അധികകാലം ആയുസ്സുണ്ടാകില്ല. ചോർച്ച തുടർന്നാൽ കമ്പികൾ ദ്രവിച്ച് സംഭരണിക്ക് ബലക്ഷയമുണ്ടാകും. അടുത്തിടെ നിർമിച്ച ടാങ്കിലെ രൂക്ഷമായ ചോർച്ച ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയൊഴിവാക്കാൻ മറച്ചുവെച്ചതായാണ് സൂചന. പ്രധാന ജലസംഭരണിയിൽ അകാലത്തിലുണ്ടായ ചോർച്ച വിദഗ്‌ധസംഘം പരിശോധിച്ച് അടിയന്തര നടപടിയെടുക്കണം.

കോടികൾമുടക്കുന്നത് നബാർഡും ജൽജീവനും

:നബാർഡിൽനിന്ന് അനുവദിച്ച 24.15 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ഒന്നാംഘട്ടം നടത്തിയത്. ജൽജീവൻ പദ്ധതിയിൽ 135 കോടി രൂപ മുടക്കി മൂന്നു പഞ്ചായത്തുകളിലായി രണ്ടാംഘട്ടം പുരോഗമിക്കുന്നതിനിടെയാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. പുനലൂർ പട്ടണത്തോടു ചേർന്നുകിടക്കുന്ന പദ്ധതിക്കായി കല്ലടയാറ്റിൽ കുണ്ടറ പദ്ധതിയുടെ ഇൻടേക്ക് വെല്ലിൽനിന്നാണ് വെള്ളമെടുക്കുന്നത്. മഞ്ഞമൺകാലയിൽ വെള്ളം ശുദ്ധീകരിക്കാൻ 400 കെ.വി. സബ്സ്റ്റേഷനും നിർമിച്ചിട്ടുണ്ട്. മഞ്ഞമൺകാലയിലും പച്ചിലമലയിലും താന്നിത്തടത്തും അടക്കം മൂന്നു പുതിയ ടാങ്കുകളാണ് പദ്ധതിക്കായി നിർമിച്ചത്. തലച്ചിറയിലും ചേത്തടിയിലുമുള്ള പഴയ ടാങ്കുകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..