രാത്രിയായാൽ കൊട്ടിയം ‘മലിനജലപാത’


ഹോട്ടലുകളും ലോഡ്ജുകളും ശൗചാലയമാലിന്യംവരെ റോഡിലേക്ക് ഒഴുക്കുന്നു

ദേശീയപാതയോരത്ത് ഇ.എസ്.ഐ. ജങ്ഷനിൽ കെട്ടിക്കിടക്കുന്ന മലിനജലം

കൊട്ടിയം : രാത്രിയായാൽ കൊട്ടിയത്ത് പുഴപോലെ മലിനജലം ദേശീയപാതയിലൂടെ ഒഴുകിത്തുടങ്ങും. ഇരുട്ടിെൻറ മറവിൽ ദേശീയപാതയോരത്തെ ഓടയിലേക്ക് ഹോട്ടലുകളിലെയും ലോഡ്‌ജുകളിലെയും ശൗചാലയമാലിന്യംവരെ തുറന്നുവിടുന്നതാണ് ഈ സാമൂഹിക വിപത്തിനു കാരണം. അതിഥിത്തൊഴിലാളികളെ പാർപ്പിക്കുന്ന ചില കേന്ദ്രങ്ങളിൽനിന്നുൾപ്പെടെ മാലിന്യം ഒഴുക്കുന്നത് ദേശീയപാതയിലെ ഓടയിലേക്കാണ്.

ദേശീയപാതയിലൂടെ കടന്നുപോകുന്നവരും സമീപവാസികളും കച്ചവടക്കാരുമാണ് ഇതിെൻറ ദുരിതമനുഭവിക്കുന്നത്. ദുർഗന്ധം കാരണം മൂക്കുപൊത്താതെ ഇവിടം കടക്കാനാകില്ല. സ്ഥിരതാമസക്കാരുടെ ദുരിതം പറഞ്ഞറിയിക്കാനുമാകില്ല. രാത്രി 11 കഴിഞ്ഞാൽ ഇരുചക്രവാഹനത്തിലെത്തുന്നവർ കൊട്ടിയം കടക്കണമെങ്കിൽ ഈ മലിനജലം താണ്ടണം.

കൊട്ടിയത്തുനിന്ന്‌ ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലം ഇ.എസ്.ഐ. ജങ്ഷനിലെത്തുന്നതോടെ റോഡിലേക്ക് ഒഴുകിത്തുടങ്ങും. പിന്നീടങ്ങോട്ട്‌ ഓട അടഞ്ഞുകിടക്കുന്നതിനാൽ റോഡിലൂടെയാകും മലിനജലത്തിന്റെ ഒഴുക്ക്‌. പറക്കുളത്തിനുസമീപമെത്തിയാൽ റോഡിനു മറുവശത്തെ ചാലിലേക്കെത്തുന്ന ചപ്പാത്തിൽ ഈ മലിനജലം കെട്ടിക്കിടക്കും.

മറ്റുവാഹനങ്ങൾ, മാലിന്യം ബൈക്ക് യാത്രക്കാരുടെമേൽ തെറിപ്പിക്കുന്നത് നിത്യസംഭവമാണ്. ബസ് യാത്രികരും ഇതിെൻറ ദുരിതംപേറണം. നാട്ടുകാർ നിരവധി പരാതികൾ നൽകി. ഇതിനെതിരേ സംഘടിച്ച് പ്രതിഷേധിച്ചു. നിരവധിതവണ പഞ്ചായത്ത് അധികൃതരും ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥരും പോലീസുമൊക്കെ പ്രശ്നത്തിൽ ഇടപെട്ടു.

ഓടകളുടെ മൂടിതുറന്ന് പലപ്പോഴും പരിശോധന നടത്തി. കക്കൂസിൽനിന്ന്‌ ഓടയിലേക്ക് തുറന്നുവച്ചിരിക്കുന്ന കുഴലുകൾ കണ്ടെത്തി. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ കുഴലുകൾ അടപ്പിച്ചും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയും അധികാരികൾ മടങ്ങും. ഏതാനും ആഴ്ചകൾ കഴിയുമ്പോൾ എല്ലാം വീണ്ടും പഴയപടിയാകും. ഇ.എസ്.ഐ.യിൽ ചികിത്സ തേടിയെത്തുന്നവരും ഈ ദുരിതമനുഭവിക്കണം.

എൻ.എസ്.എസ്. കോളേജ്, ലോ കോളേജ് എന്നിവയടക്കം നിരവധി സ്ഥാപനങ്ങളിലേക്കെത്തുന്ന വിദ്യാർഥികളും അധ്യാപകരും ഇടറോഡിനുകുറുകേ ഒഴുകുന്ന മാലിന്യപ്പുഴ ചാടിക്കടക്കണം. കൊട്ടിയത്ത് യാത്ര അവസാനിപ്പിക്കുന്ന സ്വകാര്യ-കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്തിയിടുന്നതും ഇ.എസ്.ഐ. കവലയിൽത്തന്നെ.

അല്പനേരം വിശ്രമിക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. പക്ഷേ നാട്ടുകാരുടെ ഈ ദുരിതം അധികാരികൾ മാത്രം കാണുന്നില്ല. ലൈസൻസുകൾ പുതുക്കിനൽകുന്നതിന് കർശന നിയമങ്ങൾ ഉള്ളപ്പോഴാണ് ഒരുസംവിധാനവുമൊരുക്കാതെ വർഷാവർഷം ഈ സ്ഥാപനങ്ങളെല്ലാം ലൈസൻസുകൾ പുതുക്കിയെടുക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..