വനം വകുപ്പ് വീണ്ടും സർവേ തുടങ്ങി; കുടിയേറ്റമേഖലകൾ ആശങ്കയിൽ


2 min read
Read later
Print
Share

വ്യക്തികളുടെ കൈവശഭൂമിയിൽ കല്ലിടാനുള്ള നീക്കത്തിനെതിരേ മാങ്കോട്ട് നടന്ന ജനകീയ കൺവെൻഷൻ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം : സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷന്റെ കൈവശമുള്ള വനഭൂമിയുടെ പാട്ടക്കാലാവധി പുതുക്കുന്നതിന്റെ പേരിൽ വ്യക്തികളുടെ കൈവശഭൂമിയിലും കല്ലിടുന്നതിൽ കുടിയേറ്റമേഖലകളിൽ പ്രതിഷേധം വീണ്ടും ശക്തമായി. മാസങ്ങൾക്കുമുമ്പ് തുടങ്ങിയ സർവേ നടപടികൾ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പിനെത്തുടർന്ന് താത്കാലികമായി നിർത്തിവെച്ചിരുന്നു.

സർക്കാർ ഇടപെട്ട് ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് കാത്തിരുന്ന കുടിയേറ്റക്കാർക്ക് ഇരുട്ടടിയായി വീണ്ടും സർവേ നടപടികൾ തുടങ്ങി. പത്തനാപുരം ഗ്രാമപ്പഞ്ചായത്തിലെ മാങ്കോട്, വാഴപ്പാറ കോളനികളും തൊണ്ടിയാമൺ, തേവലക്കര, മണക്കാട്ടുപുഴ, കരിശനംകോട്, അയ്യപ്പൻകണ്ടം, പൂങ്കുളഞ്ഞി, ചിതൽവെട്ടി മേഖലകളുമാണ് ആശങ്കയിലായത്.

പതിറ്റാണ്ടുകളായി ഒരു തുണ്ടുഭൂമിയിൽ കുടുംബമായി താമസിച്ച് കൃഷിചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ നൂറുകണക്കിനു കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണിയിലായത്. ഭൂരിഭാഗം പേരുടെയും കൈവശഭൂമിക്ക് പട്ടയം നൽകണമെന്ന ആവശ്യം നിലനിൽക്കുന്നു. ഇതിനിടെയാണ് പതിറ്റാണ്ടുകളുടെ പോരാട്ടത്തിനൊടുവിൽ പട്ടയം ലഭിച്ചവരെപ്പോലും ആശങ്കയിലാക്കുന്ന സർവേ നടപടികൾ പുരോഗമിക്കുന്നത്. സർവേ നടത്തി വനഭൂമിയാണെന്ന് കണ്ടെത്തിയാൽ വഴിയാധാരമാകുമെന്ന ഭീതിയിലാണവർ.

അന്ന് വനഭൂമി; ഇന്ന് ജനവാസകേന്ദ്രങ്ങൾ

:ഫാമിങ് കോർപ്പറേഷന് കൃഷിക്കായി 1972-ൽ 984 ഹെക്ടർ സ്ഥലമാണ് പാട്ടവ്യവസ്ഥയിൽ വനംവകുപ്പ് കൈമാറിയത്. ഇതിലുൾപ്പെടുന്ന കോർപ്പറേഷൻ റബ്ബർക്കൃഷി ചെയ്തത്‌ ഒഴികെയുള്ള ഭൂമിയിൽ തൊഴിലാളി കുടുംബങ്ങൾ താമസമാക്കി. നിലവിൽ 900 ഹെക്ടർ സ്ഥലം മാത്രമേ ഫാമിങ് കോർപ്പറേഷന്റെ കൈവശത്തിലുള്ളൂ. ബാക്കി ജനവാസകേന്ദ്രങ്ങളും ആരാധനാലയങ്ങളും റോഡുകളും സ്വകാര്യ കൃഷിഭൂമിയുമൊക്കെയായി.

1976-നു മുമ്പുള്ള കുടിയേറ്റഭൂമിക്ക് പട്ടയം കിട്ടാൻ അവകാശമുണ്ടെന്ന സർക്കാർ തീരുമാനം നിലവിലുണ്ട്. പട്ടയനടപടികൾ അവസാനഘട്ടത്തിലുമാണ്. 1972-ലെ സർവേ പ്ലാൻ അനുസരിച്ച് അളന്നുതിരിച്ച് കല്ലിടുന്ന നടപടികളാണ് വനംവകുപ്പ് നടത്തുന്നത്. നിലവിൽ ഫാമിങ് കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിൽമാത്രം സർവേ നടത്തണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.

സർവേക്കെതിരേജനകീയ കൺവെൻഷൻ

:വ്യക്തികളുടെ കൈവശഭൂമിയിൽ കല്ലിടാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും എതിർക്കുമെന്ന് മാങ്കോട്ട് നടന്ന ജനകീയ കൺവെൻഷൻ തീരുമാനിച്ചു. സി.പി.ഐ. മാങ്കോട് ലോക്കൽ കമ്മിറ്റിയാണ് നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിച്ചത്. സർവേ നടപടികൾ നിർത്തിവെച്ചില്ലെങ്കിൽ പത്തനാപുരം വനം റേഞ്ച് ഓഫീസിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.

സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം എസ്.വേണുഗോപാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. മേഖലാ സെക്രട്ടറി എം.ഷെമീർ അധ്യക്ഷത വഹിച്ചു. കെ.സി.ജോസ്, എം.ജിയാസുദ്ദീൻ, എസ്.സഫറുള്ളാഖാൻ, കെ.പി.രാജു, രാജേഷ്, കെ.അശോകൻ നായർ, ജെ.നിഷ, കെ.പി.ബിജു, ജോസ് വാഴപ്പാറ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..