വേണ്ടത്ര ജീവനക്കാരില്ലാതെ മൃഗസംരക്ഷണവകുപ്പ്‌ പ്രവർത്തനം


Caption

കൊല്ലം : പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ഊർജിതമായി നടക്കുമ്പോഴും ജില്ലയിൽ മൃഗസംരക്ഷണവകുപ്പിൽ ആവശ്യത്തിനു ജീവനക്കാരില്ല. ജില്ലയിൽ 254 ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാരുണ്ടെങ്കിലും തസ്തികയിൽ 40 ഒഴിവുകളാണുള്ളത്. പി.എസ്.സി.റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതിനാൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലൂടെ നിയമനം നടത്താനുള്ള നടപടികളിലാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

ക്ലാർക്ക്, ടൈപ്പിസ്റ്റ് തസ്തികയിലും സമാനസ്ഥിതിയാണ്. ഒഴിവുകൾ പരിഹരിച്ചുവരികയാണെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും സീറ്റിൽ ആളില്ലാത്ത അവസ്ഥയാണ്.

എല്ലാ വളർത്തുനായ്ക്കൾക്കും പ്രതിരോധകുത്തിവെപ്പ് പഞ്ചായത്ത്, നഗരസഭാതലങ്ങളിൽ പുരോഗമിക്കുകയാണ്. തെരുവുനായ്ക്കളുടെ പ്രതിരോധകുത്തിവെപ്പ് യജ്ഞവും നടക്കുന്നുണ്ട്.

മറ്റു വളർത്തുമൃഗങ്ങൾക്കുള്ള കുത്തിവെപ്പും വന്നതോടെ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയായി. കോവിഡനന്തരം പശുക്കളുടെയും മറ്റ് വളർത്തുമൃഗങ്ങളുടെയും എണ്ണം അഞ്ചുമടങ്ങ് വർധിച്ചതായാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. ഈ വർധനതന്നെ വെറ്ററിനറി സബ് സെന്ററിലെയും വെറ്ററിനറി ഡിസ്പെൻസറികളിലെയും ഉദ്യോഗസ്ഥർക്ക് ഇരട്ടിഭാരമാണ്. ഇതിനു പുറമെയാണ് തെരുവുനായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പ്.

ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ ഒഴിവുള്ളിടത്തേക്ക് മറ്റ് സബ് സെന്ററുകളിലെ ഇൻസ്പെക്ടർമാർക്ക് അധികച്ചുമതല കൊടുക്കേണ്ടിവന്നതായി ആരോപണമുയരുന്നുണ്ട്. മൃഗസംരക്ഷണവകുപ്പിനു കീഴിലുള്ള ഒരു ജില്ലാകേന്ദ്രം കൂടാതെ 56 മൃഗാരോഗ്യകേന്ദ്രങ്ങളും 22 ആശുപത്രികളും നാല് പോളി ക്ലിനിക്കുകളും അടക്കം 83 കേന്ദ്രങ്ങളാണുള്ളത്. 82 വെറ്ററിനറി സർജൻമാരും 36 സീനിയർ വെറ്ററിനറി സർജൻമാരും നിലവിലുണ്ട്.

പത്തനാപുരം, അഞ്ചൽ, രണ്ടാലുംമൂട് എന്നിവിടങ്ങളിലാകട്ടെ ഡോക്ടറുടെ സേവനം ലഭിക്കാറിെല്ലന്ന് ആക്ഷേപമുയരുന്നു. മയ്യനാട് ആശുപത്രിയിലെ ഡോക്ടർ അവധിയിലായതോടെ അവിടെയും പകരം ഡോക്ടറെ ലഭിച്ചിട്ടില്ല.

പദ്ധതി നടത്തിപ്പിനൊപ്പം ചികിത്സയും

:1960-കളിൽ ഒരു മൃഗാശുപത്രിയിൽ ഒരു വെറ്ററിനറി ഡോക്ടർ, ഒരു ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, ഒരു അറ്റൻഡന്റ്, ഒരു പാർട്ട്‌ ടൈം സ്വീപ്പർ എന്നിങ്ങനെയായിരുന്നു. 2022-ലും ഇതേ സ്ഥിതിയാണെന്നാണ് ഈ മേഖലയിലെ ജീവനക്കാർ പറയുന്നത്.

കാലാനുസൃതമായി കർഷകരും അവരുടെ ആവശ്യങ്ങളും വർധിച്ചു. ജനകീയാസൂത്രണത്തിന്റെ വരവോടെ യോഗങ്ങളിലും പദ്ധതി നടത്തിപ്പിലും ഡോക്ടർമാരുടെ ചുമതലകൾകൂടി.

പദ്ധതി നടത്തിപ്പും ചികിത്സാരംഗവും ഒരുമിച്ച് കൊണ്ടുപോകാനാകാതെ ദുരിതത്തിലായതായി ഡോക്ടർമാർ വെളിപ്പെടുത്തുന്നു. ജന്തുരോഗ നിയന്ത്രണപദ്ധതിയുടെ ഭാഗമായി കുളമ്പുരോഗനിയന്ത്രണ പരിപാടികളും വർഷത്തിൽ രണ്ടുപ്രാവശ്യം നടക്കുന്നുണ്ട്‌. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറും മറ്റൊരു ജീവനക്കാരനും കുത്തിവെപ്പിനായി വീടുവീടാന്തരം കയറിയിറങ്ങുന്നതോടെ ആശുപത്രികളിൽ വട്ടംചുറ്റുന്ന അവസ്ഥയാണെന്ന് വെറ്ററിനറി സർജൻമാർ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..