ആലപ്പാട് : തൃക്കുന്നപ്പുഴയിൽ കടലിൽ ധർമ്മശാസ്താ മീൻപിടിത്തവള്ളം, കാരിയർ ഫൈബർവള്ളത്തിലിടിച്ചുണ്ടായ അപകടം അഴീക്കലിനെ ദുഃഖത്തിലാഴ്ത്തി. ഫൈബർ വള്ളത്തിലെ തൊഴിലാളി അഴീക്കൽ വലിയവീട്ടിൽ ഷാലുവാഹനനെ(55)യാണ് കടലിൽ കാണാതായത്. വള്ളത്തിലുണ്ടായിരുന്ന അഴീക്കൽ തെക്കേത്തുരുത്തേൽ റെയ്‌നോൾഡ് കോൺസിസോ (61), ആയിരംതെങ്ങ് പുതുപ്പറമ്പിൽ കെ.ഔസേപ്പ് (59), പുതുവീട്ടിൽ സുബ്രഹ്മണ്യൻ (54) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഴീക്കൽ ഹാർബറിൽനിന്നു ബുധനാഴ്ച വെളുപ്പിന് കടലിൽപ്പോയ മകരമത്സ്യം എന്ന വള്ളത്തിന്റെ മൂക്കുംപുഴ അമ്മ എന്ന കാരിയർ ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. തൃക്കുന്നപ്പുഴയിൽനിന്നുള്ള ധർമ്മശാസ്താ മീൻപിടിത്തവള്ളമാണ് കാരിയർ വള്ളത്തിലിടിച്ചുകയറിയത്. കാണാതായ ഷാലുവാഹനനായി ബുധനാഴ്ച സന്ധ്യവരെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. കോസ്റ്റൽ പോലീസ് ബോട്ട്, അഴീക്കൽ പൂക്കോട്, വ്യാസവിലാസം എന്നീ കരയോഗങ്ങളുടെ നിയന്ത്രണത്തിലുള്ള വള്ളങ്ങൾ എന്നിവയാണ് തിരച്ചിൽ നടത്തുന്നത്. വ്യാഴാഴ്ച അഴീക്കൽമേഖലയിലെ മുഴുവൻ വള്ളങ്ങളും പണിമുടക്കി തിരച്ചിലിൽ പങ്കെടുക്കാനാണ് തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..