ഉദ്ഘാടനസജ്ജമായ അഴീക്കൽ ഹാർബറിലെ ലേല ഹാളും വാർഫും
ആലപ്പാട് :അഴീക്കൽ തുറമുഖത്ത് നിർമിച്ച മത്സ്യലേല ഹാളും വാർഫും ഉദ്ഘാടനസജ്ജമായി. 2020 ജൂലായിലാണ് ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിനു സമർപ്പിച്ചത്. നബാർഡിൽ ഉൾപ്പെടുത്തി സർക്കാർ നൽകിയ 7.8 കോടിയുടെ ഭരണാനുമതിയും ഹാർബർ എൻജിനിയറിങ് ചീഫ് എൻജിനിയറുടെ ഏഴുകോടിയുടെ സാങ്കേതികാനുമതിയും നേടിയാണ് നിർമാണം ആരംഭിച്ചത്.
ഉദ്ഘാടനം നവംബർ 30-നു മുമ്പ് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്‌മാൻ നിർവഹിക്കുമെന്ന് സി.ആർ.മഹേഷ് എം.എൽ.എ. അറിയിച്ചു. 108 മീറ്റർ നീളത്തിൽ വാർഫും 75 മീറ്റർ നീളത്തിൽ ലേല ഹാളും 22,000 ചതുരശ്രയടിയിൽ ലോഡിങ് ഏരിയയും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് പൂർത്തിയായത്. കൂടുതൽ വള്ളങ്ങൾക്കും ബോട്ടുകൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും.
മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യമായിരുന്നു വാർഫ്, ലേല ഹാൾ എന്നിവയുടെ നീളം കൂട്ടലും പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കലും. നിർമാണം വിലയിരുത്തുന്നതിനായി സി.ആർ.മഹേഷ് എം.എൽ.എ. ഹാർബർ സന്ദർശിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി.ഷൈമ, ഹാർബർ എൻജിനിയറിങ് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ അനൂജ, അസിസ്റ്റന്റ് എൻജിനീയർ സുമയ്യ, ഓവർസിയർ മുനീർ എന്നിവരും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..