അഴീക്കൽ ഹാർബറിൽ പുതുതായി ഏർപ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്‌മാൻ നിർവഹിക്കുന്നു
ആലപ്പാട് : മേൽക്കൂരയുള്ള ലോഡിങ് ഏരിയ, വിശ്രമമുറികൾ, ഷോപ്പിങ് കോംപ്ലക്സ്, ടോയ്‌ലെറ്റ് സംവിധാനം, ലോക്കറുകൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് കെട്ടിടം എന്നിവ ഉൾപ്പെടെ 30 കോടിയുടെ വികസനപദ്ധതികൾ വരുന്നവർഷം അഴീക്കൽ ഹാർബറിൽ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്‌മാൻ.
ഹാർബറിൽ പുതുതായി നിർമിച്ച ലേല ഹാൾ, വാർഫ്, ലോഡിങ് ഏരിയ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മാതൃകാ ഹാർബറായി ഉയർത്തുന്നതിന്റെ ഭാഗമായി ഏഴുകോടിയുടെ സാങ്കേതികാനുമതിയോടെയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. 108 മീറ്റർ നീളത്തിൽ വാർഫ്, 75 മീറ്റർ നീളത്തിൽ ലേലപ്പുര, 2200 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ലോഡിങ് ഏരിയ എന്നിവയാണ് പൂർത്തീകരിച്ചത്. സി.ആർ.മഹേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ചീഫ് എൻജിനീയർ ജോമോൻ കെ.ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു.
മുൻ എം.എൽ.എ. ആർ.രാമചന്ദ്രൻ, ജില്ലാപഞ്ചായത്ത് അംഗം വസന്ത രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി.ഷൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ, ട്രേഡ് യൂണിയൻ കൺവീനർ സുനിൽ കൈലാസം, ധീവരസഭ ജില്ലാ സെക്രട്ടറി ബി.പ്രിയകുമാർ, വിജി കെ.തട്ടാമ്പുറം തുടങ്ങിയവർ സംസാരിച്ചു. മുൻ എക്സിക്യുട്ടീവ് എൻജിനീയർ എ.ജി.ആൻസിയെ മന്ത്രി ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..