Caption
കോട്ടയം
: കരുതൽമേഖല(ബഫർസോൺ) വിഷയത്തിൽ ഇനി എന്തു ചെയ്യണമെന്നതിൽ കടുത്ത ആശയക്കുഴപ്പം. വിഷയം ചർച്ചചെയ്യാൻ വിദഗ്ധസമിതി ഞായറാഴ്ച യോഗംചേരും. കരുതൽമേഖലാ പരിധിയിൽ സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റൽ സെൻറർ (കെ.എസ്.ആർ.ഇ.സി.) മുമ്പ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാൻ സമിതി കഴിഞ്ഞ യോഗത്തിൽ ശുപാർശ ചെയ്തു.
എന്നാൽ, സർക്കാർതന്നെ മുമ്പ് തള്ളിയ റിപ്പോർട്ടാണത്. അതിനാൽ ശുപാർശ സർക്കാർ അംഗീകരിക്കുമോ എന്നത് സംശയമാണ്. ഉപഗ്രഹസഹായത്തോടെ കെ.എസ്.ആർ.ഇ.സി. തയ്യാറാക്കിയ റിപ്പോർട്ടനുസരിച്ച് 49,330 ജനവാസമേഖലകളാണ് നിർദിഷ്ട ഒരു കിലോമീറ്റർ പരിധിയിലുള്ളത്.
എന്നാൽ,അത് അപൂർണമാണെന്നും നേരിട്ടുള്ള പഠനം വേണമെന്നും സർക്കാരും രാഷ്ട്രീയകക്ഷികളും നിർദേശിക്കുകയായിരുന്നു. അങ്ങനെയാണ് വിദഗ്ധ സമിതിയെ നിയോഗിച്ചതും നേരിട്ട് സ്ഥലപരിശോധനയ്ക്ക് തീരുമാനിച്ചതും.
കെ.എസ്.ആർ.ഇ.സി. റിപ്പോർട്ട് തദ്ദേശസ്ഥാപനങ്ങളിലും സർക്കാർ വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തി ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് മാറ്റംവരുത്താനും വിദഗ്ധസമിതി തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, തിരുത്തലുകൾ വരുത്തിയ അന്തിമറിപ്പോർട്ട് പിന്നാലെ സമർപ്പിക്കാൻ സുപ്രീംകോടതി അനുവദിക്കണമെന്നില്ല.
റിപ്പോർട്ടിലെ പരിമിതികൾ
ജനവാസമേഖലകൾ 49,330 അല്ല, ഒരു ലക്ഷം വരെയുണ്ടാകുമെന്ന് സംഘടനകൾ പറയുന്നു.
നാലുലക്ഷം ഏക്കർ ഭൂമി ബഫർസോണാകും. 23 സംരക്ഷിത വനമേഖലയും ഉദ്യാനങ്ങളും 3211.73 ചതുരശ്രകിലോമീറ്റർ ദൂരമാണ് ജനവാസമേഖലയുമായി പങ്കിടുന്നത്.
തോട്ടങ്ങളും അതിനുള്ളിലെ ജനവാസകേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ടാവില്ല.
നേരിട്ട് പോകാം, പക്ഷേ
ഒരു കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളിൽ തദ്ദേശഭരണവകുപ്പിലെ കുടുംബശ്രീ, റവന്യൂ, വനം എന്നിവയുടെ സഹകരണത്തോടെ പോയി പഠനം നടത്താനാണ് തീരുമാനിച്ചത്. എന്നാൽ, കുടുംബശ്രീ അംഗങ്ങൾക്ക് ഫീൽഡിൽ പോകുമ്പോൾ പ്രായോഗിക വിഷമമുണ്ടെന്ന് അറിയിച്ചു. ഉദ്യോഗസ്ഥർക്കും നേരിട്ടുള്ള പോക്കിൽ ആശങ്കയുണ്ട്.
ഫീൽഡ് പരിശോധനയുടെ ചെലവും കാലതാമസവും സർക്കാർ വിശദീകരിച്ചു. പ്രാദേശിക എതിർപ്പ് മറ്റൊരു വിവാദമാകുമോയെന്നും സംശയംവന്നു. ഫീൽഡ് പരിശോധന ആവശ്യമെങ്കിൽ മാത്രമെന്ന നിലയിലേക്ക് തീരുമാനമെത്തി. eszexpertcommittee@gmail.com എന്ന ഇ-മെയിലിൽ ജനങ്ങൾക്ക് നിർദേശങ്ങൾ നൽകാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..