ക്രിസ്ത്യൻ വിവാഹമോചനം : ഉഭയസമ്മതപ്രകാരമെങ്കിൽ ഒരുവർഷം കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതി


കൊച്ചി :ക്രിസ്തുമതത്തിൽപ്പെട്ടവർക്ക് ബാധകമായ 1869-ലെ വിവാഹമോചനനിയമത്തിൽ, പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാൻ വിവാഹംകഴിഞ്ഞ് ഒരു വർഷം കഴിയണമെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.

മൗലികാവകാശം ലംഘിക്കുന്നതും ഭരണഘടനാവിരുദ്ധവുമാണ് ഈ വ്യവസ്ഥയെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

കഴിഞ്ഞ ജനുവരി 30-ന് വിവാഹിതരായ ദമ്പതിമാരാണ് ഹർജിക്കാർ. ഇരുവരും ഉഭയസമ്മതപ്രകാരം വിവാഹമോചനത്തിനായി കഴിഞ്ഞ മേയ് 31-ന് എറണാകുളം കുടുംബക്കോടതിയെ സമീപിച്ചു.

എന്നാൽ, വിവാഹംകഴിഞ്ഞ് ഒരു വർഷത്തിനുശേഷമേ വിവാഹമോചനഹർജി ഫയൽ ചെയ്യാനാകൂ എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി കുടുംബക്കോടതി ഹർജി സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

2001-ൽ കൊണ്ടുവന്ന ഭേദഗതിയിലൂടെയായിരുന്നു ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായുള്ള വ്യവസ്ഥ കൊണ്ടുവന്നത്. രണ്ടുവർഷം വേർപിരിഞ്ഞ് ജീവിച്ചശേഷമേ ഉഭയസമ്മതപ്രകാരമുള്ള മോചനത്തിനായി ഹർജി ഫയൽ ചെയ്യാനാകൂ എന്നായിരുന്നു ആദ്യ വ്യവസ്ഥ. എന്നാൽ, കേരള ഹൈക്കോടതി 2010-ൽ മറ്റൊരു കേസിൽ ഇത് ഒരു വർഷമായി കുറച്ചു.

എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിന് ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥയും കക്ഷികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഇവരുടെ ‌ഹർജി പരിഗണിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹമോചനം അനുവദിക്കണമെന്നും ഉത്തരവിട്ടു.

വിവാഹത്തിന്റെ കാര്യത്തിൽ ഏകീകൃതനിയമം വേണം

വിവാഹത്തിന്റെ കാര്യത്തിൽ എല്ലാവർക്കും ബാധകമായ ഏകീകൃതനിയമം അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. മതനിരപേക്ഷസമൂഹത്തിൽ നിയമപരമായ സമീപനം മതാധിഷ്ഠിതം എന്നതിനപ്പുറം പൊതുനന്മയ്ക്കുവേണ്ടിയായിരിക്കണം.

ഇക്കാര്യത്തിൽ മതത്തിന് ഒരുപങ്കാളിത്തവുമില്ല. ഏകീകൃത വിവാഹനിയമമെന്നത് കേന്ദ്രസർക്കാർ ഗൗരവമായി കണക്കിലെടുക്കണം -കോടതി അഭിപ്രായപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..