Caption
പുനലൂർ : മണ്ഡലകാല തിരക്ക് വർധിച്ചിട്ടും വശങ്ങളിലെ കാടുനീക്കാതെ ഹൈവേകൾ. പുനലൂരിലൂടെ കടന്നുപോകുന്ന കൊല്ലം-തിരുമംഗലം ദേശീയപാതയിലും മലയോര ഹൈവേയിലുമാണ് ഈ സ്ഥിതി.
മന്ത്രിയുൾപ്പെടെ നിർദേശിച്ചിട്ടും ഇനിയും പാതയോരത്തെ കാടുതെളിച്ചിട്ടില്ല.
ഇതരസംസ്ഥാനക്കാരുൾപ്പെടെ ആയിരക്കണക്കിന് ശബരിമല തീർഥാടകർ വരുന്ന ദേശീയപാതയിൽ പുനലൂർമുതൽ കിഴക്കോട്ട് മിക്കയിടത്തും പാതയുടെ ഇരുവശവും കാടുമൂടിയിരിക്കുകയാണ്.
കാൽനടക്കാർക്ക് യാത്രചെയ്യാൻ കഴിയുന്നില്ലെന്നു മാത്രമല്ല, വാഹനയാത്രക്കാർക്കു വഴികാട്ടുകയും അപകടമുന്നറിയിപ്പു നൽകുകയും ചെയ്യേണ്ട ബോർഡുകൾപോലും വള്ളിപ്പടർപ്പുകൾക്കുള്ളിലാണ്.
ഇരുവശവും ഉടനീളം റബർ തോട്ടങ്ങളുള്ള രണ്ടു ഹൈവേകളിലും തോട്ടപ്പയറും റോഡിലേക്ക് പടർന്നുവളർന്നിട്ടുണ്ട്. ഈ പയർചെടികൾ പടർന്നതോടെ റോഡിന്റെ വശങ്ങൾ ഇഴജന്തുക്കളുടെ താവളമായി. ദേശീയപാതയിൽ കലയനാട്, പ്ലാച്ചേരി ഭാഗങ്ങളിലും മലയോര ഹൈവേയിൽ അടുക്കളമൂല, ചുടുകട്ട ഭാഗങ്ങളിലും ഈ പയർ റോഡിലേക്ക് വളർന്നിറങ്ങിയിട്ടുണ്ട്.
മണ്ഡലകാലത്തിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ മന്ത്രി കെ.രാധാകൃഷ്ണനും പി.എസ്.സുപാൽ എം.എൽ.എ.യും ചേർന്ന് പുനലൂരിൽ വിളിച്ചുചേർത്ത യോഗത്തിലും റോഡിലെ കാടുനീക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ തെന്മലയ്ക്കുസമീപം ഏതാനും ഭാഗത്ത് കാടുതെളിച്ചതൊഴിച്ചാൽ മറ്റെങ്ങും റോഡ് വൃത്തിയാക്കിയിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..