കൊള്ളിയാൻപോലെ, പടവാളുപോലെ ആ മുടിയിഴകൾ


തിരുവനന്തപുരം

: വേദനയുടെയും അമർഷത്തിന്റെയും കത്രികയാൽ മുറിച്ചെടുത്ത ഒരുപിടി തലമുടി. ഇറാനിലെ സ്ത്രീകളുടെയാകെ ദുരവസ്ഥയുടെ പ്രതീകമായ ആ മുടിയിഴകൾ കൊള്ളിയാൻപോലെ പൊള്ളിക്കുക മാത്രമല്ല, പടവാളുപോലെ വെട്ടിത്തിളങ്ങുകയുമായിരുന്നു. അതിനുസാക്ഷിയാവുകയായിരുന്നു കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദി.

മേളയുടെ ഭാഗമായ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം സ്വീകരിക്കാൻ നേരിട്ടെത്താൻ കഴിയാതിരുന്ന ഇറാനിയൻ സംവിധായിക മഹ്‌നാസ് മുഹമ്മദിയാണ് തന്റെ അവസ്ഥ കേരളത്തെ അറിയിക്കാൻ തലമുടി മുറിച്ച് കൊടുത്തയച്ചത്.

ഐ.എഫ്.എഫ്.കെ. ഉദ്ഘാടനവേദിയിൽ മഹ്‌നാസിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ ജൂറി അംഗം അഥീനാ റേച്ചൽ സംഗാരി മഹ്‌നാസിന്റെ തലമുടിക്കെട്ട് ഉയർത്തിക്കാട്ടി അവരുടെ സന്ദേശം അറിയിച്ചപ്പോൾ ഇറാനിൽ തുടരുന്ന പോരാട്ടത്തിന് സദസ്സിൽനിന്ന് നിറഞ്ഞ കൈയടിയുണ്ടായി.

ഇറാനിയൻ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന ചലച്ചിത്രകാരിയായ മഹ്‌നാസ് മുഹമ്മദിന് ഇറാൻ ഭരണകൂടം യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ബ്രിട്ടനിൽ അഭയംതേടിയ അവർ വിസാപ്രശ്നങ്ങളാൽ അവിടെ കുടുങ്ങി. പുരസ്കാരം സ്വീകരിക്കാൻ എത്താനാകാഞ്ഞതിലെ വിഷമം അവർ ജൂറിയംഗവും ഗ്രീക്ക് ചലച്ചിത്രകാരിയുമായ അഥീന റേച്ചലിനെ അറിയിച്ചു.

തന്റെ അവസ്ഥയുടെ പ്രതീകമായി അവർ മുറിച്ചെടുത്ത തലമുടി, അഥീന കൈപ്പറ്റി കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. ‘ഇതെന്റെ തലമുടിയാണ്. ഇത് കാട്ടിത്തരുന്നത് എന്റെ ഇവിടത്തെ സഹനമാണ്. ഈ മുടിയിഴകൾ ആ സഹനത്തിന്റെ പ്രതീകമാണ്’ - മഹ്‌നാസിന്റെ സന്ദേശം അഥീന വായിച്ചു.

‘ഇന്നലെയും ഇവിടെയൊരു 25 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഭരണകൂടത്തിനെതിരേ പ്രതികരിച്ചതിന് അയാളെ വധിക്കുകയായിരുന്നു’ -അവരുടെ വാക്കുകളിൽ ഭരണകൂട ഭീകരതയും സ്ത്രീകളുടെ അവസ്ഥയുമൊക്കെ നിറഞ്ഞു.തലമുടി അഥീന ചലച്ചിത്രഅക്കാദമിക്ക് കൈമാറി. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം കാണികളെക്കൊണ്ട് ഏറ്റുവിളിപ്പിച്ചിട്ടാണ് അഥീന വേദിവിട്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..