ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ കേരളം പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി


പ്രളയസമയത്ത് അരി നൽകിയത് പണം നൽകുമെന്ന ധാരണയിൽ

ന്യൂഡൽഹി

: പാർലമെന്റിൽ കേരളത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സംസ്ഥാനം നിന്ദ്യമായി പരാജയപ്പെട്ടെന്ന് രാജ്യസഭയിൽ മന്ത്രി വിമർശിച്ചു.

2018-ലെ പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യങ്ങൾക്ക് കേന്ദ്രം പണമാവശ്യപ്പെട്ടത് കേരള കോൺഗ്രസ് എം.പി. ജോസ് കെ. മാണി ചൂണ്ടിക്കാട്ടിയപ്പോഴാണ് സഭാനേതാവുകൂടിയായ പീയൂഷ് ഗോയൽ പൊട്ടിത്തെറിച്ചത്.

അധിക ഭക്ഷ്യധാന്യം ഉള്ളപ്പോഴും രാജ്യം വിശപ്പുസൂചികയിൽ പാകിസ്താനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിലാണെന്ന റിപ്പോർട്ടിൽ ജോസ് കെ. മാണി വിശദീകരണം ആവശ്യപ്പെട്ടതും മന്ത്രിയെ ചൊടിപ്പിച്ചു. ഇക്കാര്യത്തിൽ രാജ്യസഭാധ്യക്ഷൻ ജഗ്‍ദീപ് ധൻകറും വിയോജിപ്പ് പ്രകടിപ്പിച്ചു.

പ്രളയസമയത്ത് കേരളത്തിന് ഭക്ഷ്യധാന്യങ്ങൾ നൽകിയതിന് പണംവാങ്ങില്ല എന്ന ധാരണ തെറ്റാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ ആവശ്യത്തിന് ആരിൽനിന്ന് ഭക്ഷ്യധാന്യം വാങ്ങിയാലും പണംനൽകണം. അതിനാണ് എൻ.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്. ഫണ്ടുകൾ.

ആ ധാരണയിലാണ് കേന്ദ്രം കേരളത്തിന് ധാന്യങ്ങൾ നൽകിയത്. എല്ലാസംസ്ഥാനങ്ങൾക്കും ദുരന്തസമയങ്ങളിൽ കേന്ദ്രം സഹായംനൽകാറുണ്ടെന്നു വ്യക്തമാക്കിയ മന്ത്രി ആ തുകയിൽനിന്നാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടി. കൊടുങ്കാറ്റും പേമാരിയുമുണ്ടായ ഒഡിഷയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ബംഗാളിലുമെല്ലാം എസ്.ഡി.ആർ.എഫ്., എൻ.ഡി.ആർ.എഫ്. ഫണ്ടുകളാണ് ഇതിന് ഉപയോഗിച്ചത്.

ആഗോള വിശപ്പുസൂചിക എന്ന പേരുതന്നെ അസാധാരണമാണെന്ന് മന്ത്രി പറഞ്ഞു. ഈ വിശപ്പുസൂചിക സ്വകാര്യ സന്നദ്ധസംഘടനകൾ വിശപ്പുമായി ബന്ധമില്ലാത്ത കാര്യങ്ങൾവെച്ചു തയ്യാറാക്കുന്നതാണ്.

സാധുതയില്ലാത്ത കണക്കുകൾവെച്ചും ഇന്ത്യയുടെ സാഹചര്യത്തിനിണങ്ങാത്ത മാനദണ്ഡങ്ങൾവെച്ചുമാണിതുണ്ടാക്കിയത്. ഔദ്യോഗിക കണക്കുകൾ പരിശോധിക്കാൻ അംഗങ്ങൾ തയ്യാറാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിൽ 2018-ലും 2019-ലും തുടർച്ചയായി പ്രളയമുണ്ടായി, ഒട്ടേറെ മനുഷ്യജീവനും വളർത്തുജീവികൾക്കും കൃഷിക്കും നാശമുണ്ടായതായി ചൂണ്ടിക്കാട്ടിയാണ് ജോസ് കെ. മാണി സംസാരം തുടങ്ങിയത്. 2018-ൽ ദുരിതാശ്വാസമായി 89,540 ടൺ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രം അനുവദിച്ചു.

അത്യാവശ്യഘട്ടത്തിൽ അനുവദിച്ച ഇതിന് സംസ്ഥാന സർക്കാരിൽനിന്ന് 205 കോടി ആവശ്യപ്പെട്ടിരിക്കയാണ്. രാജ്യത്ത് അധിക ഭക്ഷ്യധാന്യമുള്ളപ്പോൾ എന്തുകൊണ്ടാണ് പട്ടിണി എന്നതിന്റെ കാരണം സർക്കാർ കണ്ടെത്തിയിട്ടുണ്ടോയെന്നും അംഗം ആരാഞ്ഞു.പീയൂഷ് ഗോയൽ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..