ശൂരനാട് : കുന്നത്തൂരിന്റെ നെല്ലറയായിരുന്നു ശൂരനാട്. എന്നാൽ അധികൃതരുടെ അവഗണനയിലും കൃഷിനാശംമൂലമുണ്ടാകുന്ന നഷ്ടങ്ങളിലും മനംനൊന്ത് കർഷകർ കൃഷി ഉപേക്ഷിച്ചതോടെ കാർഷികസമൃദ്ധി ഇല്ലാതായി. ഇത് തിരികെ കൊണ്ടുവരാൻ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വിത്തുവിതരണംമുതൽ നെല്ലുസംഭരണംവരെ പലപ്പോഴും സമയബന്ധിതമായി നടക്കില്ല. നെല്ല് സംഭരിച്ചാൽത്തന്നെ പണം സമയത്ത് കിട്ടില്ല. കഴിഞ്ഞ തവണ സപ്ലൈകോ കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ പണത്തിനായി ബാങ്കുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണുണ്ടായതെന്ന് കർഷകർ പറയുന്നു. ട്രാക്ടർ, നടീൽയന്ത്രം, കൊയ്ത്തുമെതിയന്ത്രം ഉൾപ്പെടെയുള്ള കാർഷികോപകരണങ്ങൾ സമയബന്ധിതമായി ഉറപ്പാക്കാൻ കഴിയാറില്ല.
പാടശേഖരസമിതികളുടെ കൈവശമുള്ളവയിൽ ഭൂരിഭാഗവും തകരാറിലാണ്. കൂലിവർധന കാരണം തൊഴിലാളികളെ നിർത്തി കൃഷിയിറക്കുന്നത് നഷ്ടമാണ്. എന്നാലും കൃഷിയോടുള്ള താത്പര്യം കാരണം പലരും വീണ്ടും കൃഷിയിറക്കും, കഴിഞ്ഞ സീസണിലെ നഷ്ടം ഇത്തവണ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ.
പച്ചക്കറി, വാഴ ഉൾപ്പെടെ കൃഷി ചെയ്യുന്നവരുടെ അവസ്ഥയും ഇതുതന്നെ. കർഷകരെ സഹായിക്കാൻ നെല്ലുസംസ്കരണകേന്ദ്രവും പഴം-പച്ചക്കറി യൂണിറ്റും തുടങ്ങുമെന്ന് ജനപ്രതിനിധികൾ പറഞ്ഞതും പ്രഖ്യാപനത്തിൽ ഒതുങ്ങി.ഏലാസമിതികൾകാര്യക്ഷമമാക്കണം
:മിക്ക ഏലാസമിതികളുടെയും ഭരണസമിതി കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ നിർജീവമായിക്കിടക്കുകയാണ്. ഏലാസമിതികൾ കൃത്യമായി പ്രവർത്തിച്ചാൽ മാത്രമേ കൃഷി നല്ല രീതിയിൽ മുന്നോട്ടു പോകൂ. അതിന് കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും പിന്തുണ വേണം.
അജയകുമാർ
കർഷകൻ, ആനയടി
തോടുകൾ നവീകരിക്കണം
:പാടശേഖരങ്ങളിൽ വെള്ളമെത്തിക്കുന്ന ഏലാത്തോടുകളും ചാലുകളും കുളങ്ങളും സംരക്ഷണമില്ലാതെ കിടക്കുകയാണ്. അതിനാൽ പാടങ്ങൾ വേനൽക്കാലത്ത് വരണ്ടുണങ്ങുന്നതിനും മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്നതിനും കാരണമാകുന്നു. ഇതിനു പരിഹാരം കണ്ടെത്തിയാൽ കൂടുതൽ സ്ഥലങ്ങളിൽ കൃഷി സജീവമാകും. കൂടാതെ ഏലാ റോഡിനോടു ചേർന്ന പാടങ്ങൾ ഇടവിളക്കൃഷിയുടെ മറവിൽ നികത്തുന്നതിനെതിരേ നടപടിയുണ്ടാകണം.
ശശിധരൻ പിള്ള
ഓണമ്പിള്ളി ഏലാ പ്രസിഡൻറ്
കർഷകർക്ക് സഹായം നൽകും
: കൃഷിചെയ്യാൻ താത്പര്യമുള്ള എല്ലാ കർഷകർക്കും ആവശ്യമായ സഹായങ്ങൾ നൽകും. വിത്ത്, പൂട്ടുകൂലി എന്നിവയ്ക്കായി ഗ്രാമപ്പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കർഷകർ പറഞ്ഞതനുസരിച്ച് കിഴകിട ഏലാ തോട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചും തൊഴിലുറപ്പു തൊഴിലാളികളെ നിർത്തിയും വൃത്തിയാക്കി. കൊയ്ത്തുമെതിയന്ത്രം സമയബന്ധിതമായി ഉറപ്പാക്കും.
ഭരണസമിതി കാലാവധി കഴിഞ്ഞ ഏലാസമിതികളിൽ തിരഞ്ഞെടുപ്പ് നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
എസ്.ശ്രീകുമാർ
പഞ്ചായത്ത് പ്രസിഡൻറ് ശൂരനാട് വടക്ക്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..