നവീകരണം കാത്ത്‌ താന്നിമുക്ക് -പൂയപ്പള്ളി േസാമിൽ റോഡ്


പൂയപ്പള്ളി േസാമിൽ-തച്ചക്കോട് റോഡ് തകർന്നനിലയിൽ

ഓയൂർ :ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഗതാഗതയോഗ്യമാകാത്ത വെളിയം താന്നിമുക്ക്-പൂയപ്പള്ളി േസാമിൽ ജങ്‌ഷൻ റോഡിന്റെ നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ ഭാഗമായ നെയ്തോട്-േസാമിൽ ജങ്‌ഷൻ അരക്കിലോമീറ്റർ ദൂരം പത്തുവർഷംമുമ്പ് ടാർ ചെയ്തിരുന്നു. എന്നാൽ മാസങ്ങൾക്കകം പലഭാഗങ്ങളും ഇളകിത്തുടങ്ങി. ഒരുവർഷം പിന്നിട്ടതോടെ ടാറിങ് പൂർണമായും ഇളകി കുണ്ടുംകുഴിയുമായി.

പൂയപ്പള്ളി പഞ്ചായത്തിലെ ടൗൺ വാർഡിന്റെയും നാൽക്കവല വാർഡിന്റെയും അതിർത്തി പങ്കിടുന്ന ഈ റോഡ് രേഖകളിൽ നാൽക്കവല വാർഡിലാണ്. റോഡ് നവീകരണത്തിന് എം.എൽ.എ.യുടെ ഭാഗത്തുനിന്ന്‌ ഒരുസഹായവും ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന്റെ തുടർച്ചയായുള്ള പൂയപ്പള്ളി പഞ്ചായത്തിലെ നെയ്തോട്-തച്ചക്കോട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമാണം പത്തുവർഷം പിന്നിട്ടിട്ടും പൂർത്തീകരിച്ചിട്ടില്ല.

പത്തുവർഷംമുമ്പ് റോഡ് നിർമിക്കുന്നതിനായി ഏഴുലക്ഷം രൂപ ചെലവഴിച്ച് തച്ചക്കോട് ചെമ്പകശ്ശേരി ഏലായ്ക്കുകുറുകേ റോഡ് നിർമിച്ചു. എന്നാൽ ചെങ്കുത്തായ ഇറക്കമായതിനാൽ വാഹനങ്ങൾക്കു പോകാൻ കഴിയില്ലായിരുന്നു. 2018-19 സാമ്പത്തികവർഷത്തിൽ ജില്ലാപഞ്ചായത്തിൽനിന്നു 10 ലക്ഷം രൂപ അനുവദിക്കുകയും നെയ്തോട് ഭാഗത്തെ ഇറക്കത്തിന്റെ രണ്ടുവശവും കരിങ്കൽകെട്ടി മണ്ണുനിറയ്ക്കുകയും ചെയ്തു. അടുത്തമഴയോടെ റോഡിലിട്ട മണ്ണ് മുഴുവനും ഒലിച്ച് വയലിൽ പോയി. ഒരുവർഷംമുമ്പ് ജില്ലാപഞ്ചായത്ത് ഫണ്ടിൽനിന്ന്‌ അനുവദിച്ച തുക ഉപയോഗിച്ച് നെയ്തോട് ഭാഗത്തെ 100 മീറ്ററോളം ഭാഗം കോൺക്രീറ്റ് ചെയ്തു. എന്നാൽ തച്ചക്കോട് കിഴക്കേക്കര ഭാഗത്തിന്റെ എഴുപതുമീറ്ററോളം ദൂരം റോഡ് മണ്ണിളകി രണ്ടടിയോളം കുഴിയായതുകാരണം ഇരുചക്രവാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.

റോഡിന്റെ നിർമാണം പൂർത്തീകരിച്ചാൽ വെളിയം താന്നിമുക്ക്, കൊട്ടറ, തച്ചക്കോട് കിഴക്ക്, പടിഞ്ഞാറ് കരകളിൽ താമസിക്കുന്ന നൂറുകണക്കിനാളുകൾക്ക് ആയൂർ-കൊല്ലം റോഡിൽ എത്തി പൂയപ്പള്ളിയിൽ പോകുന്നതിന് അഞ്ചുകിലോമീറ്ററോളം ദൂരവും സമയവും ലാഭിക്കാം. റോഡിന്റെ നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കാൻ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..