ജില്ലാപഞ്ചായത്ത് അംഗങ്ങൾക്കും വേണ്ടേ ഒരു : പ്രോട്ടോക്കോൾ


Caption

ജില്ലയിലെ 68 സ്കൂളുകളുടെ അധികാരികളാണ്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം. സ്കൂളുകളിൽ എന്തു പരിപാടി നടന്നാലും പടിക്കുപുറത്തോ പര്യമ്പുറത്തോ ആണ് ജില്ലാപഞ്ചായത്ത്‌ അംഗത്തിനു സ്ഥാനം. അഥവാ ഇനി ഒരു പരിപാടിക്ക് വിളിച്ചെന്നിരിക്കട്ടെ. 28 പേർ പ്രസംഗിക്കുന്നതിൽ പതിനെട്ടാമത്തെ സ്ഥാനമായിരിക്കും ജില്ലാപഞ്ചായത്ത്‌ അംഗത്തിന്.

ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള സർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്ന പരിപാടികളിൽ അംഗങ്ങളെ പങ്കെടുപ്പിക്കാത്തതിനെയും മതിയായ പരിഗണന നൽകാത്തതിനെയുംപറ്റി പരാതിയുയരുന്നത് ആദ്യമായല്ല. ജില്ലാപഞ്ചായത്ത് യോഗങ്ങളിൽ മുമ്പ് പലതവണ അംഗങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും പരിഹാരമുണ്ടാക്കണമെന്ന് കാലാകാലങ്ങളിലുള്ള അധ്യക്ഷന്മാർ ബന്ധപ്പെട്ട വകുപ്പുമേധാവികളോട് നിർദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ, പരാതി ഇപ്പോഴും അവശേഷിക്കുന്നു.

സ്കൂളുകളുടെ കാര്യത്തിലാണ് അംഗങ്ങൾക്ക് കൂടുതൽ പരാതി. കഴിഞ്ഞ ദിവസവും ജില്ലാപഞ്ചായത്ത് യോഗത്തിൽ ഇതേപ്പറ്റി ചർച്ച നടന്നു. ജില്ലാ സ്കൂൾ കലോത്സവത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനെപ്പോലും പങ്കെടുപ്പിച്ചില്ല എന്നൊരു പരാതി. ജില്ലാ സ്കൂൾ കായികമേളയാകട്ടെ താൻപോലും അറിഞ്ഞില്ലെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്. മറ്റൊരു സ്കൂളിലെ പരിപാടിക്ക് ജില്ലാപഞ്ചായത്ത് അംഗത്തെ ക്ഷണിച്ചു. നോട്ടീസിൽ പക്ഷേ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിലും താഴെയാണ് സ്ഥാനം. പലസ്ഥലങ്ങളിലും ജില്ലാപഞ്ചായത്ത് അംഗം എത്തിയാലും പി.ടി.എ. പ്രസിഡന്റായിരിക്കും അധ്യക്ഷൻ. പിന്നിലെ നിരയിലാകും അംഗത്തിന്റെ ഇരിപ്പിടം.

വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ലക്ഷക്കണക്കിനു രൂപയാണ് ജില്ലാപഞ്ചായത്ത് ഓരോ വർഷവും ചെലവഴിക്കുന്നതെന്ന് അംഗങ്ങൾ പറയുന്നു. കെട്ടിടങ്ങൾ പണികഴിപ്പിക്കുക, അറ്റകുറ്റപ്പണി നടത്തുക, ബെഞ്ചും ഡെസ്കും വാങ്ങുക തുടങ്ങി പലപല ഇനങ്ങളിൽ. വിദ്യാർഥികളുടെ പഠനത്തെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികൾ പുറമേ. അംഗങ്ങളുടെ ശക്തമായ ഇടപെടലിലൂടെയാണ് ഇങ്ങനെയുള്ള പദ്ധതികളൊക്കെ അതത് ഡിവിഷനിൽ നടപ്പാക്കുന്നത്. എന്നാൽ ഇതൊക്കെ നടത്തിക്കൊടുക്കാനുള്ള ഒരു ഏജൻസി മാത്രമാണ് ജില്ലാപഞ്ചായത്ത് എന്നാണ് സ്കൂൾ അധികൃതർ കരുതുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റുതന്നെ പരാതി പറയുന്നു.

സർക്കാരിന്റെ ചട്ടമനുസരിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റിനുമാത്രമാണ് നിലവിൽ പ്രോട്ടോക്കോൾ ഉള്ളത്. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർക്കും അംഗങ്ങൾക്കും പ്രോട്ടോക്കോൾ നിശ്ചയിച്ചിട്ടില്ല. എങ്കിലും ഇവർക്കും വേണ്ടേ ഒരു പരിഗണനയൊക്കെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..