വിലയിടിവു കാരണം ടാപ്പിങ് നിർത്തിവെച്ച മലയോരത്തെ ഒരു റബ്ബർതോട്ടം
പത്തനാപുരം :അടിക്കടിയുണ്ടാകുന്ന വിലയിടിവിൽ നട്ടംതിരിഞ്ഞ് റബ്ബർ കർഷകർ. ഉത്പാദനച്ചെലവ് വർധിക്കുകയും അതിനനുസരിച്ചു വിലകിട്ടാത്ത സ്ഥിതിയാവുകയും ചെയ്തതോടെ കർഷകർ ദുരിതത്തിലായി. പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും കാരണം മറ്റു കൃഷികൾ ചെയ്യാനാകാത്ത അവസ്ഥയിൽ റബ്ബർകൃഷിയെ അമിതമായി ആശ്രയിച്ചവരെയെല്ലാം വിലയിടിവ് ബാധിച്ചു. നഷ്ടം പെരുകിയതോടെ പലരും ടാപ്പിങ് നിർത്തുകയാണ്. തൊഴിലില്ലാതായതോടെ ടാപ്പിങ് തൊഴിലാളികളും ദുരിതത്തിലായി.
ഈ വർഷം ആദ്യം 180 രൂപവരെ കിലോഗ്രാമിന് വില ലഭിച്ചിരുന്നു. എന്നാൽ ഉത്പാദനവർധനമൂലം അടുത്തിടെ കിലോഗ്രാമിന് 136 രൂപവരെയാണ് ഒരുകിലോ ഷീറ്റിനു ലഭിക്കുന്നത്. ടാപ്പിങ് കൂലിയും മറ്റു ചെലവുകളും വർധിച്ചതോടെ കൃഷിയിൽനിന്ന് ഗുണമില്ലാതായെന്ന് കർഷകർ പറയുന്നു.
ചെറുകിട റബ്ബർ കർഷകർക്കൊപ്പം എസ്റ്റേറ്റ് ഉടമകളും ഫാമിങ് കോർപ്പറേഷൻ, റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. മലയോരത്തെ ഭൂരിഭാഗം ജനങ്ങളുടെയും ജീവനോപാധി റബ്ബർകൃഷിയാണ്. കാർഷികമേഖല സ്തംഭിച്ചതോടെ സമസ്തമേഖലയും പ്രതിസന്ധിയിലാണ്. റബ്ബർ അനുബന്ധ തൊഴിലുകളും നിർമാണപ്രവർത്തനങ്ങളും നടക്കുന്നില്ല.
സർക്കാർ നടപടികൾ അപര്യാപ്തം
:രാജ്യത്തെ സ്വാഭാവിക റബ്ബർ ഉത്പാദനത്തിന്റ നാലിൽ മൂന്നു ഭാഗവും കേരളത്തിലാണ്. വൻകിട മുതലാളിമാർക്കുവേണ്ടി സർക്കാർ റബ്ബർവിലയിടിവ് ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം. ചെറുകിട റബ്ബർ കർഷകരും ടാപ്പിങ് തൊഴിലാളികളും മൺകറ ശേഖരിക്കുന്നവരും റബർ വ്യവസായമേഖലകളിൽ പണിയെടുക്കുന്നവരും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകളുടെ ജീവനോപാധിയാണിത്.
23,000 ഹെക്ടർ റബർ കൃഷിയുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ ഏഴായിരം ഹെക്ടറിൽമാത്രമാണ് കൃഷി.
പ്രതിസന്ധി തുടരുന്നതിനാൽ ഒാരോ വർഷവും കൃഷി കുറയുകയാണ്.
170 രൂപ അടിസ്ഥാനവില നിശ്ചയിച്ച് വിലസ്ഥിരതാ ഫണ്ടിൽനിന്ന് കർഷകർക്ക് സബ്സിഡി നൽകുന്ന പദ്ധതി സർക്കാർ അടുത്തിടെ പുനരാരംഭിച്ചെങ്കിലും നഷ്ടം കുറയ്ക്കാൻ ഇതൊന്നും പര്യാപ്തമല്ലെന്നാണ് പരാതി.
രൂപ തറവിലപ്രഖ്യാപിക്കണം
:പ്രതിസന്ധിയിലായ റബ്ബർമേഖലയെ സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യോജിച്ച് നടപടികൾ സ്വീകരിക്കണം. കിലോഗ്രാമിന് 400 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ റബ്ബർ കൃഷി തുടരാനാകൂ. റബ്ബറിന് തറവില 350 രൂപയും സബ്സിഡിയായി 50 രൂപയും അനുവദിക്കണം.
-കൊച്ചുകൃഷ്ണപിള്ള
ജില്ലാ സെക്രട്ടറി, കേരള കർഷക ഫെഡറേഷൻ
തറവില വർധിപ്പിക്കണം
കൊല്ലം :ആയിരക്കണക്കിന് പേരുടെ ജീവനോപാധിയാണ് റബ്ബറെന്നും ഇവരെല്ലാം നിലവിലെ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയിലാണെന്നും കർഷക ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അമ്മിണിക്കുട്ടൻ പിള്ള. നിലവിലെ ജീവിതച്ചെലവ് കണക്കിലെടുത്ത് റബ്ബറിന്റെ തറവില കൂട്ടണം. കേന്ദ്ര സർക്കാർ റബ്ബർ കർഷകരെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അമ്മിണിക്കുട്ടൻ പിള്ള പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..