പരവൂർ ഒല്ലാൽ ഗേറ്റിൽ ഷണ്ടിങ്ങിനായി ട്രെയിൻ നിർത്തിയിട്ടപ്പോൾ കാത്തുകിടക്കുന്ന വാഹനയാത്രികർ
പരവൂർ : തീവണ്ടികൾ കടന്നുപോകുന്നതിനു പുറമേ ഷണ്ടിങ്ങിനായും ഒല്ലാൽ റെയിൽവേ ഗേറ്റ് അടയ്ക്കുന്നത് ഗതാഗതം പ്രതിസന്ധിയിലാക്കുന്നു. സ്വകാര്യ ബസുകളുടെ ട്രിപ്പുകളടക്കം മുടങ്ങുന്ന സ്ഥിതിയുണ്ട്. കൊച്ചുവേളിയിൽ പ്ലാറ്റ്ഫോം നവീകരിക്കുന്നതിനാൽ തീവണ്ടികൾ നിർത്തിയിടാൻ സ്ഥലപരിമിതിയുള്ളതാണ് പരവൂരിലേക്ക് അയയ്ക്കാൻ കാരണം. നവീകരണം പൂർത്തിയാകുന്നതുവരെ തത്സ്ഥിതി തുടരുമെന്നാണ് അധികൃതർ പറയുന്നത്.
ഒഴിഞ്ഞ പ്ലാറ്റ്ഫോമിൽ നിർത്തിയിടാൻ തീവണ്ടികൾ സ്റ്റേഷനിൽനിന്നു പിന്നിലേക്ക് എടുക്കേണ്ടിവരുന്നുണ്ട്. െറയിൽവേ സ്റ്റേഷനിൽനിന്നു ദൂരം കുറവായതിനാൽ ഗേറ്റുകടന്ന് തീവണ്ടി നിൽക്കും. 15-20 മിനിറ്റോളം ഇത്തരത്തിൽ ഗേറ്റ് അടച്ചിടുന്നുണ്ട്. ഇതിനുശേഷം ട്രെയിനുകൾ വരുമ്പോഴും ഗേറ്റ് അടയ്ക്കുന്നതോടെ ഏറെനേരം വാഹനങ്ങൾ കുടുങ്ങും. കാൽനടയാത്രികർക്കും പോകാനാകില്ല.
രണ്ടു തീവണ്ടികൾ അടുത്തടുത്ത സമയങ്ങളിൽ വരുമ്പോൾ മുക്കാൽമണിക്കൂറിലധികം വാഹനങ്ങൾ ഗേറ്റിൽ കാത്തുകിടക്കണം. പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസുകളടക്കം ഇവയിലുൾപ്പെടും. ബൈപ്പാസ് റോഡുകൾ ഇടുങ്ങിയതു കാരണം കൂടുതൽ വാഹനങ്ങൾക്ക് പോകാനാകില്ല. പരവൂരിൽനിന്നു പാരിപ്പള്ളി, പൂതക്കുളം ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ട്രെയിനിന്റെ സമയം മനസ്സിലാക്കി, ഗേറ്റ് അടയ്ക്കുന്ന സമയം ബസുകൾ ബൈപ്പാസിലൂടെ പോകാറുണ്ട്. എന്നാൽ മുന്നറിയിപ്പുകളില്ലാതെ ഗേറ്റ് അടയ്ക്കുന്നത് ബസുകളുടെ ട്രിപ്പുകളെ ബാധിക്കുന്നു.
ഒല്ലാൽ ഗേറ്റിനുസമീപം മേൽപ്പാലം നിർമിക്കാനുള്ള പദ്ധതി ഫയലിൽ ഒതുങ്ങുകയാണ്. െറയിൽവേയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചർച്ചകളും എങ്ങുമെത്തിയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..