സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പൊതുവിപണിയിൽ പരിശോധന തുടങ്ങി


കണ്ണനല്ലൂരിലെ പച്ചക്കറിക്കടയിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

കൊട്ടിയം : വിലവർധന നിയന്ത്രിക്കുന്നതിന് സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പൊതുവിപണിയിൽ പരിശോധന തുടങ്ങി. ഇതോടൊപ്പം റേഷൻകടകളിലും പരിശോധന നടത്തുന്നുണ്ട്. വിലനിലവാരം പ്രദർശിപ്പിക്കാത്തതിന് മുഖത്തലയിൽ രണ്ടു പച്ചക്കറിക്കടയുടമകളുടെ പേരിൽ കേസെടുത്തു. കണ്ണനല്ലൂരിലുള്ള ഒരു കടയ്ക്ക് താക്കീത് നൽകി.

കളക്ടർക്കും താലൂക്ക് സപ്ലൈ ഓഫീസർക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കണ്ണനല്ലൂരിൽ പരിശോധന. തമിഴ്നാട്ടിൽനിന്നു പച്ചക്കറിയെത്തിച്ച് ആദായവിലയ്ക്ക് വിൽപ്പന നടത്തുന്ന പച്ചക്കറിക്കടയ്ക്കാണ് വെള്ളിയാഴ്ച വിലനിലവാര ബോർഡ് സ്ഥാപിക്കാമെന്ന സ്ഥാപന ഉടമയുടെ ഉറപ്പിന്മേൽ താക്കീത് നൽകിയത്.

കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം ടൗൺ, കിളികൊല്ലൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ചു റേഷൻകടകൾക്കെതിരേ നടപടികൾ സ്വീകരിച്ചു.

അതത് മാസങ്ങളിൽ കാർഡുകാർക്ക് ലഭിക്കുന്ന റേഷന്റെ അളവ് പ്രദർശിപ്പിക്കാതിരിക്കുക, വൈദ്യുത ത്രാസ് ഉപഭോക്താക്കൾക്ക് കാണാത്ത രീതിയിൽ വയ്ക്കുക, ഉദ്യോഗസ്ഥരുടെ നമ്പരുകൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് റേഷൻകടകൾക്കെതിരേ കേസെടുത്തത്. റേഷനിങ്‌ ഇൻസ്പെക്ടർമാരായ ഉല്ലാസ്, രജനിദേവി, പ്രശാന്തി, രാജി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..