ആലപ്പാട് :സുനാമി ദുരന്തത്തിന്റെ 18-ാം വാർഷികാചരണം തിങ്കളാഴ്ച രാവിലെ ഒൻപതിന് അഴീക്കൽ സ്മൃതിതീരത്ത് നടക്കും. 2004 ഡിസംബർ 26-നായിരുന്നു സുനാമി തിരമാലകൾ ആലപ്പാട് തീരത്ത് സർവനാശം വരുത്തിയത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ 142 പേർക്ക് ജീവഹാനി സംഭവിച്ചു.
1500-ലധികം പേർക്ക് പരിക്കേറ്റു. നാലായിരത്തോളം കുടുംബങ്ങൾ ഭവനരഹിതരായി.
ആലപ്പാട് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സുനാമി സ്മരണാഞ്ജലി സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് അധ്യക്ഷതവഹിക്കും. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും.
ഓർമദീപം തെളിക്കും
:സദ്ഗമയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൈകീട്ട് 5.30-ന് സ്മൃതിതീരത്ത്, മൃത്യുവരിച്ചവർക്കായി 142 ഓർമദീപം തെളിക്കും. ദീപം തെളിക്കൽ അമൃതാനന്ദമയി മഠം സ്വാമികളുടെ നേതൃത്വത്തിൽ നടക്കും. അനുസ്മരണസമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സദ്ഗമയ ട്രസ്റ്റ് പ്രസിഡന്റ് പി.പങ്കജൻ, ജനറൽ സെക്രട്ടറി എൽ.സ്കന്ദദാസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വംനൽകും.
ധീവരസഭ അനുസ്മരണം അഖിലകേരള ധീവരസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴീക്കൽ പൂക്കോട്ട് കരയോഗം ഹാളിൽ രാവിലെ 10-ന് നടക്കും. സുനാമി അനുസ്മരണസമ്മേളനം ജില്ലാ പ്രസിഡന്റ് യു.രാജു ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ബി.പ്രിയകുമാർ അധ്യക്ഷതവഹിക്കും. കരയോഗങ്ങളിൽ സ്മൃതിമണ്ഡപങ്ങൾ ഉയർത്തി പുഷ്പാർച്ചന നടക്കും. അഴീക്കൽ സ്മൃതിമണ്ഡപത്തിൽ ജില്ലാ-സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലും പുഷ്പാർച്ചന നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..