Caption
കുണ്ടറ : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികൾ പോലീസിനുനേർക്ക് വടിവാൾ വീശി. ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ പോലീസ് വെടിവെച്ചു. കുണ്ടറയ്ക്കടുത്ത് പടപ്പക്കര കരിക്കുഴിയിലാണ് സംഭവം. ഇരുട്ടിലേക്ക് ഓടിമറഞ്ഞ പ്രതികൾ രണ്ടുപേരും അഷ്ടമുടിക്കായലിൽച്ചാടി രക്ഷപ്പെട്ടു. പടപ്പക്കര കരിക്കുഴി ലൈബിഭവനിൽ ആന്റണി ദാസ് (28), സമീപവാസി ലിജോഭവനിൽ ലിയോ പ്ലാസിഡ് (21) എന്നിവരാണ് രക്ഷപ്പെട്ടത്.
കാക്കനാട് ഇൻഫോപാർക്ക് സി.ഐ. വിപിൻദാസ്, കുണ്ടറ സി.ഐ. ആർ.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ മഫ്ടി പോലീസ്‌സംഘം ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് പടപ്പക്കര കരിക്കുഴിയിലെത്തിയത്. പ്രതികൾ ഒളിവിൽ താമസിച്ചുവന്ന വീടുവളഞ്ഞ പോലീസ് സംഘത്തിനുനേരേ ഇരുവരും വാൾ വീശുകയായിരുന്നു. സി.ഐ. വിപിൻദാസ് സർവീസ് റിവോൾവർ ഉപയോഗിച്ച് നാലുചുറ്റ് വെടിയുതിർത്തു. അതോടെ ഇരുട്ടിലേക്ക് ഓടിമറഞ്ഞ പ്രതികൾ അഷ്ടമുടിക്കായലിൽച്ചാടി രക്ഷപ്പെടുകയായിരുന്നു.
ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടത്. അടൂർ െറസ്റ്റ്‌ഹൗസിൽനിന്ന് അഞ്ചുപേർ കാക്കനാട് ഇൻഫോപാർക്ക് പോലീസിന്റെ പിടിയിലായിരുന്നു. സംഘാംഗമായ ലിബിൻ ലോറൻസിനെ പിന്നീട് കുണ്ടറ പോലീസ് പിടികൂടി. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് ആന്റണി ദാസും ലിയോ പ്ലാസിഡും കരിക്കുഴിയിലെ ബന്ധുവീട്ടിലുണ്ടെന്ന വിവരം കിട്ടിയത്.
കൊച്ചിയിൽനിന്ന് തട്ടിക്കൊണ്ടുപോന്ന ലിബിൻ വർഗീസിനെ സംഘം നേരേ പടപ്പക്കര കരിക്കുഴിയിൽ ആന്റണി ദാസിനു സമീപമാണെത്തിച്ചത്. പടപ്പക്കരയിലെ കായൽക്കരയിൽ പൊളിഞ്ഞവീട്ടിൽ ആന്റണി ദാസാണ് മർദനത്തിനു നേതൃത്വം നൽകിയത്. മർദിച്ച് അവശനാക്കിയശേഷം കുളിപ്പിച്ച് തലയിലൊരു തൊപ്പിയും ധരിപ്പിച്ചാണ് ലിബിനെ അടൂർ െറസ്റ്റ്‌ഹൗസിലെത്തിച്ചത്. ഹൈദരാബാദിൽനിന്ന് രഹസ്യമായി കൊച്ചിയിലെത്തിയ ലിബിന് കൊച്ചിയിൽ ഗുണ്ടാസംഘമുണ്ടായിരുന്നെങ്കിലും അവരെയും വെട്ടിച്ചായിരുന്നു പിടികൂടി പടപ്പക്കരയിലും പിന്നീട് അടൂരിലും എത്തിച്ചത്. ലിബിന്റെ കാറും ഇവർ പങ്‌ചറാക്കിയിരുന്നു. ലിബിനും പ്രതികളും തമ്മിലുള്ള വാഹന, പണമിടപാടുകളാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
പ്രതികൾ കഞ്ചാവ് ലോബിയുടെ ഗുണ്ടകളെന്ന് പോലീസ്
കുണ്ടറ : കുണ്ടറയിൽ പോലീസിനുനേർക്ക് വാളുവീശി രക്ഷപ്പെട്ട പ്രതികൾ കഞ്ചാവ് കടത്തുകാരുടെ ഗുണ്ടകളെന്ന് പോലീസ് പറയുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമാവശ്യപ്പെട്ട പ്രതികളിൽ അഞ്ചുപേർ പോലീസ് പിടിയിലായിരുന്നു. ശാസ്താംകോട്ടയിൽ പിടിച്ചെടുത്ത 48 കിലോ കഞ്ചാവും ഇതു കൊണ്ടുവന്ന കാറും അടൂരിൽ പിടിയിലായ പ്രതീഷിനുവേണ്ടിയുള്ളതായിരുന്നു.
പോലീസ് പറയുന്നത്: ഹൈദരാബാദിൽനിന്ന് പ്രതീഷിനുവേണ്ടി കഞ്ചാവ് വാങ്ങി കയറ്റിവിട്ടത് മർദനമേറ്റ ലിബിൻ വർഗീസായിരുന്നു. കഞ്ചാവും കാറും ശാസ്താംകോട്ടയിൽവച്ച് പിടിയിലായതോടെ പോലീസിന് വിവരം കൈമാറിയത് ലിബിൻ വർഗീസ് ആണെന്ന സംശയമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. മുളവന സ്വദേശി അശ്വിനും കൊട്ടാരക്കര സ്വദേശി അഖിലുമാണ് കഴിഞ്ഞ മേയ്‌മാസത്തിൽ ശാസ്താംകോട്ടയിൽ കഞ്ചാവുമായി പിടിയിലായത്.
കേസിൽ പ്രതിയായതോടെ ഹൈദരാബാദിൽനിന്ന് വിമാനമാർഗം കൊച്ചിയിലെത്തി രഹസ്യമായി ഹോട്ടലിൽ മുറിയെടുത്ത് കഴിയുകയായിരുന്നു ലിബിൻ. ഹോട്ടലിൽനിന്ന് ഭാര്യക്കൊപ്പം പുറത്തിറങ്ങിപ്പോൾ പ്രതീഷിന്റെ ഗുണ്ടകൾ തന്ത്രപൂർവം തട്ടിക്കൊണ്ടുപോകുകയായിരുന്നു. പേരയം ലോപേറയിൽ പ്രതീഷും ലിയോ പ്ലാസിഡും ബന്ധുക്കളാണ്. പ്രതീഷിന്റെ ഗുണ്ടാത്തലവനാണ് ആന്റണി ദാസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..