ചവറ: മുപ്പതു ശതമാനം വോട്ടുവാങ്ങുന്ന ബി.ജെ.പി.യെ പരാജയപ്പെടുത്താൻ എഴുപതു ശതമാനം വോട്ടുവാങ്ങുന്ന പ്രതിപക്ഷപാർട്ടികളുടെ യോജിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയൻ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് മലയാളികൾക്കറിയാമെന്ന് രമേശ് ചെന്നിത്തല. ചവറയിൽ സംഘടിപ്പിച്ച ബേബി ജോൺ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലെ രണ്ടാമത്തെ ഹിമാലയൻ മണ്ടത്തരമാണ് ഭാരത് ജോഡോ യാത്രയിൽ സി.പി.എം. പങ്കെടുക്കേണ്ടെന്ന തീരുമാനം. മറ്റ് ഇടതുപാർട്ടികൾക്ക് ഭാരത് ജോഡോ സമാപനയോഗത്തിൽ പങ്കെടുക്കാമെങ്കിൽ എന്തുകൊണ്ട് പങ്കെടുത്തുകൂടായെന്ന് കേരളത്തിലെ ഇടതുപക്ഷം വ്യക്തമാക്കണം. തെലുങ്കാനയിൽപ്പോയി കോൺഗ്രസ് പ്രതിപക്ഷമുന്നണിക്കെതിരേ മൂന്നാംമുന്നണി ഉണ്ടാക്കാൻ ശ്രമിക്കുന്നത് ബി.ജെ.പി.യെ സഹായിക്കാനാണ്. മോദി-അമിത്ഷാ കൂട്ടുകെട്ടിൽ പിണറായി വിജയനുമുണ്ട്.
കേരളത്തിൽ ബി.ജെ.പി.യുടെ നാല് ശതമാനം വോട്ടുവാങ്ങി പിണറായി വിജയന് തുടർഭരണം നടത്താൻ സാധിച്ചത് ബി.ജെ.പി. കേന്ദ്ര നേതൃത്വവുമായുള്ള ഡീലായിരുന്നു എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അധ്യക്ഷത വഹിച്ചു.
ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജസ്റ്റിൻ ജോൺ, ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എം.സാലി, കോക്കാട്ട് റഹിം, വാഴയിൽ അസീസ്, സി.പി.സുധീഷ്‌കുമാർ, ആർ.നാരായണപിള്ള, ഡേറിയസ് ഡിക്രൂസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..