ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ പരിപാടികൾ ബഹിഷ്കരിക്കാൻ സി.പി.എം.


രാജിവെക്കാത്തതിൽ പ്രതിഷേധം

കൊല്ലം: മുന്നണി ധാരണപ്രകാരമുള്ള രാജി വൈകുന്നതിൽ പ്രതിഷേധിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് സി.പി.ഐ.യിലെ സാം കെ.ഡാനിയേലിന്റെ പൊതുപരിപാടികൾ ബഹിഷ്കരിക്കാൻ സി.പി.എം. തീരുമാനം. ഇക്കാര്യം സി.പി.എം. നേതൃത്വം ഔദ്യോഗികമായി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്.

സി.പി.ഐ.ക്ക് ആദ്യരണ്ടുവർഷവും സി.പി.എമ്മിന് തുടർന്നുള്ള മൂന്നുവർഷവും എന്ന ക്രമത്തിലാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പദവി കുറച്ചുകാലമായി പങ്കിട്ടു വരുന്നത്. എന്നാൽ മുൻകാലങ്ങളിലും രണ്ടുവർഷം കാലാവധി കഴിഞ്ഞയുടൻ സി.പി.ഐ.യുടെ പ്രസിഡൻറുമാർ രാജിെവക്കാറില്ല. കഴിഞ്ഞതവണ പ്രസിഡന്റായിരുന്ന കെ. ജഗദമ്മ കാലാവധി കഴിഞ്ഞ് മൂന്നുമാസത്തിനുശേഷമാണ് രാജി സമർപ്പിച്ചത്. ഇത്തവണ ഡിസംബറിൽത്തന്നെ സാം കെ.ഡാനിയേൽ രാജിവെക്കണമെന്ന് സി.പി.എം. കത്തു നൽകിയിരുന്നതാണ്.

എന്നാൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവന്ന സമ്പൂർണ ഭരണഘടനാ സാക്ഷരതായജ്ഞത്തിന്റെ പൂർത്തീകരണംവരെ തുടരണമെന്ന് സാം കെ.ഡാനിയേൽ അറിയിച്ചിരുന്നു. കഴിഞ്ഞ 14-ന് ഇതിന്റെ പൂർത്തീകരണപ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുകയും ചെയ്തു. അതിനുശേഷവും രാജിവെക്കാത്തതാണ് സി.പി.എം. നേതൃത്വത്തെ പ്രകോപിപ്പിച്ചത്. നിലവിലെ ജില്ലാപഞ്ചായത്തിൽ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം സി.പി.എമ്മിനുണ്ട്. ഒട്ടേറെ ജനകീയ പദ്ധതികളുമായി ശ്രദ്ധേയമായ പ്രകടനമാണ് സാം കെ.ഡാനിയേലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കാഴ്ചവെച്ചത്. ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച മിക്ക പദ്ധതികളുടെയും ഉദ്ഘാടനവും പൂർത്തീകരണവും രണ്ടുമാസമായി പൊടിപൊടിക്കുകയാണ്. അതിലും സി.പി.എമ്മിന് അലോസരമുണ്ട്.

എന്നാൽ, അടുത്ത ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ നിശ്ചയിക്കുന്നതിൽ സി.പി.എമ്മിൽ ആശയക്കുഴപ്പം തുടരുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത്‌ നൽകിയ വാഗ്ദാനമനുസരിച്ച് എൻ.എസ്.പ്രസന്നകുമാറിനെത്തന്നെ പ്രസിഡൻറാക്കണമെന്ന വാദം പാർട്ടിയിൽ ശക്തമാണ്. തദ്ദേശസ്ഥാപനങ്ങളിലെ ഔദ്യോഗികസ്ഥാനങ്ങൾ തീരുമാനിക്കുമ്പോൾ പാർട്ടി പദവികൾകൂടി കണക്കിലെടുക്കാറുണ്ട്. അങ്ങനെയാണെങ്കിൽ ജില്ലാപഞ്ചായത്തിലെ പാർട്ടിയുടെ ഏക ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബാൾഡുവിനാണ് ഇപ്പോൾ ഉയർന്ന പദവിയിലുള്ളയാൾ.

എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് എൻ.എസ്.പ്രസന്നകുമാറായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗം. നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിലെ പാർട്ടി സ്ഥാനാർഥി ജെ.മേഴ്സിക്കുട്ടിയമ്മയുടെ തോൽവിയുടെ പേരിൽ അദ്ദേഹത്തെ തരംതാഴ്ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഒഴിവിലാണ് സി.ബാൾഡുവിൻ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് എത്തുന്നത്.

ജില്ലാപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനംകൂടി പിടിച്ചെടുക്കുന്നത് എൻ.എസ്.പ്രസന്നകുമാറിനോടുള്ള അനീതിയായിരിക്കുമെന്ന വാദമാണ് പാർട്ടിയിൽ ഒരുവിഭാഗം ഉയർത്തുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..