ശൂരനാട്: പാടം കതിരണിഞ്ഞതോടെ ശൂരനാട് വടക്ക് മകരക്കൊയ്ത്തിനു തുടക്കമായി. വിവിധ ഏലാകളിലായി 200 ഏക്കറിലധികം സ്ഥലത്താണ് കർഷകർ നെൽക്കൃഷി ഇറക്കിയിരിക്കുന്നത്. പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ പാടശേഖരസമിതികളുടെ നേതൃത്വത്തിലായിരുന്നു കൃഷി. പ്രധാനമായും ഉമ വിത്തിനമാണ് കൃഷി ചെയ്തത്. നാലുമാസം മുമ്പ് തുടങ്ങിയ കൃഷിയാണ് ഇപ്പോൾ വിളവെടുക്കുന്നത്.
ചിലയിടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞെങ്കിലും വരുംദിവസങ്ങളിലാണ് കൂടുതൽ സജീവമാകുക. കാര്യമായ നാശമില്ലാതെ വിളവുകിട്ടുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വേനൽക്കാലത്ത് കനത്ത മഴ പെയ്തതുകാരണം ഉണ്ടായ നഷ്ടത്തിനുശേഷമുള്ള ആശ്വാസമാണ് ഇത്തവണത്തെ വിളവെടുപ്പ്.
ഓണമ്പള്ളി ഏലായിൽ 40 ഏക്കറിലായിരുന്നു നെൽക്കൃഷി. ഏലായിൽ നടന്ന കൊയ്ത്തുത്സവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഏലാസമിതി കൺവീനർ അഖിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്, അമ്പിളി ഓമനക്കുട്ടൻ, എ.ഡി.എ. ഷാനിത, കൃഷി ഓഫീസർ ആക്സൺ പി.കുഞ്ഞച്ചൻ, പാടശേഖരസമിതി ഭാരവാഹികളായ ആർ.രാജീവ്, ചന്ദ്രൻ പിള്ള, തെന്നല ബിജു, അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
നെടിയപാടം ഏലായിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ നെൽക്കൃഷിക്ക് നൂറുമേനി വിളവു ലഭിച്ചു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയ്ക്ക് കൃഷിയിൽ അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് തരിശുകിടന്ന മൂന്നേക്കർ പാടത്താണ് കൃഷി ചെയ്തത്. നെടിയപാടം ഏലാസമിതി പ്രസിഡന്റ് മഠത്തിൽ രഘു കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. അജിത്കുമാർ, നാരായണൻ നായർ, ഹരികുമാർ, രഞ്ജിത്കുമാർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..