കൊല്ലം: ഞാങ്കടവിൽ പമ്പുകൾ സ്ഥാപിക്കാൻ വൈകുന്നതും ദേശീയപാത കുഴിക്കാൻ അനുമതി ലഭിക്കാത്തതും ഞാങ്കടവ് കുടിവെള്ളപദ്ധതി പൂർത്തീകരണത്തിന് തടസ്സമാകുന്നു. കൊല്ലം നഗരത്തിൽ നിർമാണജോലികൾ അവസാനഘട്ടത്തിലാണ്.
എ.ആർ.ക്യാമ്പിനു സമീപം റെയിൽവേ ട്രാക്കിന് അടിയിലൂടെ പൈപ്പിടുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. 17 ദിവസംകൊണ്ട് ഇത് പൂർത്തിയാക്കും. വേനൽക്കാലത്തും ഈ ഭാഗത്ത് വലിയ വെള്ളക്കെട്ടുണ്ടാകുന്നതിനാലാണ് ജോലികൾ വൈകിയത്. ഇപ്പോഴും വലിയ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് തമിഴ്‌നാട്ടിൽനിന്നുള്ള 12 പേരടങ്ങുന്ന സംഘം പൈപ്പിടുന്നത്. ഫെബ്രുവരി എട്ടിന് ഈ ജോലികൾ പൂർത്തിയാകും. വാൽവ് ഘടിപ്പിക്കൽ, വാൽവ് ചേംബർ നിർമാണം എന്നിവയും വൈകാതെ പൂർത്തിയാക്കും. ആനന്ദവല്ലീശ്വരത്ത് പൈപ്പ്‌ലൈൻ ബന്ധിപ്പിക്കലും മണിച്ചിത്തോട്ടിൽ ചെറിയ പണികളും മാത്രമാണിനി കൊല്ലം നഗരത്തിൽ ബാക്കിയുള്ളത്. മണിച്ചിത്തോട്ടിൽ ടാങ്ക് നിർമാണം പൂർത്തിയായി.
ഞാങ്കടവിൽ ക്ലിയർ വാട്ടർ, റോ വാട്ടർ പമ്പുസെറ്റുകൾ സ്ഥാപിക്കലാണ് മറ്റൊരു പ്രതിസന്ധി. പമ്പുസെറ്റുകൾക്കായി മുമ്പ് നാലുതവണ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും തുക കുറവായതിനാൽ കരാറുകാർ ആരും മുന്നോട്ടുവന്നിരുന്നില്ല. ഇപ്പോൾ അടങ്കൽ പുതുക്കി ടെൻഡർ നടപടികൾ വീണ്ടും തുടങ്ങാനാണ് തീരുമാനം. നാന്തിരിക്കൽമുതൽ ഇളമ്പള്ളൂർവരെ ഒരു കിലോമീറ്റർ റോഡിൽ പൈപ്പിടൽ ജോലികൾ പൂർത്തിയാക്കാൻ കഴിയാത്തതും അധികൃതരെ കുഴയ്ക്കുന്നുണ്ട്. റോഡ് കുഴിക്കാൻ മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്‌സ് അനുമതി നൽകാത്തതാണ് ഇവിടെ പ്രശ്നം. അനുമതി ലഭിക്കാത്തപക്ഷം 346 കോടി മുതൽമുടക്കുന്ന കുടിവെള്ളപദ്ധതി പ്രയോജനരഹിതമാകും.
പൈപ്പിടൽ ജോലികൾ നടത്താൻ അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ റോഡ് ഉന്നതനിലവാരത്തിൽ ടാർ ചെയ്തതാണ് തടസ്സമായത്. ടാർ ഇളക്കി പൈപ്പിടാൻ അനുവാദംതേടി കിഫ്ബിയും ഇടപെടലുകൾ നടത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..