കൊട്ടാരക്കരയിൽ പിടികൂടിയ എം.ഡി.എം.എ. പോലീസ് പരിശോധിക്കുന്നു
കൊട്ടാരക്കര: ലഹരിവിപണിയിൽ ഇരുപതുലക്ഷത്തോളം രൂപ വിലവരുന്ന 106 ഗ്രാം എം.ഡി.എം.എ. യുമായി യുവാവ് കൊട്ടാരക്കരയിൽ പോലീസ് പിടിയിലായി.
കൊല്ലം റൂറൽ സ്പെഷ്യൽ സ്ക്വാഡും കൊട്ടാരക്കര പോലീസും ചേർന്ന് പുലമൺ ജങ്‌ഷനിൽ നടത്തിയ വാഹനപരിശോധയിലാണ് കൊല്ലം പട്ടത്താനം ജനകീയ നഗർ-161, മിനിവിഹാറിൽ എഫ്.അമൽ (24) പിടിയിലായത്. എറണാകുളത്തുനിന്ന് കൊട്ടാരക്കരയിലെത്തിയ ഇയാളുടെ ബാഗിൽ ചെറുപൊതികളായി സൂക്ഷിച്ചനിലയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സിന്തറ്റിക് മയക്കുമരുന്നുവിപണനത്തിലെ പ്രധാന ഇടനിലക്കാരനാണ് അമൽ എന്നു പോലീസ് പറയുന്നു. അന്തസ്സംസ്ഥാന ലഹരിവ്യാപാരികളിൽനിന്ന് 2,000 രൂപയ്ക്കാണ് ഇയാൾ ഒരുഗ്രാം എം.ഡി.എം.എ. വാങ്ങുന്നത്. ഇയാളുടെ തുടർകണ്ണികളെ കണ്ടെത്താൻ ശക്തമായ അന്വേഷണം നടത്തുമെന്ന് എസ്.പി. എം.എൽ.സുനിൽ പറഞ്ഞു.
പത്തുഗ്രാമിനുമുകളിൽ എം.ഡി.എം.എ. കൈവശം വയ്ക്കുന്നത് 20 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൊട്ടാരക്കര എസ്.എച്ച്.ഒ. വി.എസ്.പ്രശാന്ത്, എസ്.ഐ. കെ.എസ്.ദീപു, എസ്.ഐ. രാജൻ, സ്പെഷ്യൽ ടീം അംഗങ്ങളായ എസ്.ഐ. അനിൽകുമാർ, എ.എസ്.ഐ. രാധാകൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്ന് കൊണ്ടുവന്നത് െബംഗളൂരുവിൽനിന്ന്
പോലീസുകാർ ഏറെനേരം തിരഞ്ഞതിനുശേഷമാണ് കറുത്ത ബാഗിൽ പുതിയവസ്ത്രങ്ങൾക്കിടയിൽ മൂന്നുപൊതികളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ. കണ്ടെത്തിയത്. കഴിഞ്ഞ 26-നാണ് അമൽ െബംഗളൂരുവിലേക്ക് പോയത്. ബസ്സിൽ കഴിഞ്ഞദിവസം രാവിലെ കൊട്ടാരക്കര പുലമണിൽ വന്നിറങ്ങിയപ്പോഴാണ് പിടികൂടിയത്. കുണ്ടറ പേരയം കരിക്കുഴിയിൽ എക്സൈസ് പിടികൂടിയ 80 ഗ്രാം എം.ഡി.എം.എ. ആയിരുന്നു ജില്ലയിൽ ഇതുവരെയുള്ള വലിയ സിന്തറ്റിക് മയക്കുമരുന്നുവേട്ട. മുമ്പ് ടാക്സി ഡ്രൈവറായിരുന്ന ഇയാൾ ട്രെയിനിലും ബസ്സിലും യാത്രചെയ്താണ് മയക്കുമരുന്നെത്തിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..