പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
കുണ്ടറ: പോലീസിനുനേർക്ക് വാൾ വീശി രക്ഷപ്പെട്ട പ്രതികളെ പിടിക്കാനായി പടപ്പക്കര അരിച്ചുപെറുക്കി തിരച്ചിൽ നടത്തുകയാണ് പോലീസ്. സി.ഐ. ആർ.രതീഷിന്റെ നേതൃത്വത്തിൽ കുണ്ടറ പോലീസ് സംഘമാണ് ശനിയാഴ്ച രാവിലെമുതൽ തിരച്ചിൽ നടത്തുന്നത്. പ്രതികൾ പടപ്പക്കര വിട്ടുപോയിട്ടില്ലെന്നാണ് പോലീസ് നിഗമനം. കായലും കാടും കുന്നുകളും തുരുത്തുകളുമുള്ള പ്രദേശത്ത് പ്രതികൾക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാൻ കഴിയും. പന്ത്രണ്ടിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ആന്റണി ദാസ് സ്ഥിരമായി ഇവിടമാണ് ഒളിത്താവളമാക്കിയിരുന്നത്.
പാളിയത് രാത്രി റെയ്‌ഡ് നടത്താനുള്ള തീരുമാനം
പടപ്പക്കരയിലെ ഭൂപ്രകൃതി നന്നായി അറിയാവുന്ന കുണ്ടറ പോലീസ് രാത്രിയിൽ ഒളിത്താവളം റെയ്ഡ് ചെയ്യേണ്ടെന്ന് നിർദേശിച്ചെങ്കിലും കാക്കനാട് സി.ഐ. ചെവിക്കൊണ്ടില്ല. പകൽ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ രക്ഷപ്പെട്ട പ്രതികളെ പിന്തുടർന്നു പിടികൂടാനാകുമായിരുന്നു. ഇരുട്ടിലേക്ക് ഓടിമറഞ്ഞ പ്രതികളെ പിന്തുടർന്ന പോലീസിന് കായൽക്കരയിൽ കാഴ്ചക്കാരായി നിൽക്കാൻമാത്രമേ കഴിഞ്ഞുള്ളൂ.
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികൾ പടപ്പക്കര കരിക്കുഴിയിൽ കഴിഞ്ഞദിവസം പോലീസിനുനേർക്ക് വാൾ വീശിയതിനെത്തുടർന്ന് വെടിയുതിർത്താണ് പോലീസ് രക്ഷപ്പെട്ടത്. മേയിൽ ശാസ്താംകോട്ടയിൽ 48 കിലോ കഞ്ചാവും അത് കടത്തിക്കൊണ്ടുവന്ന കാറും പോലീസ് പിടിയിലായിരുന്നു. ഇതേത്തുടർന്ന് കഞ്ചാവുകടത്തുകാർക്കിടയിലുണ്ടായ സംശയമാണ് ആക്രമണങ്ങൾക്കുപിന്നിൽ. പടപ്പക്കര കരിക്കുഴി ലൈബിഭവനിൽ ആന്റണി ദാസ് (28), സമീപവാസി ലിജോഭവനിൽ ലിയോ പ്ലാസിഡ് (21) എന്നിവരാണ് പോലീസിനുനേർക്ക് വാൾ വീശി രക്ഷപ്പെട്ടത്.
ആന്റണി ദാസ് മുമ്പും പോലീസിനെ ആക്രമിച്ചയാൾ
ആന്റണി ദാസിന് മുമ്പും പോലീസിനെ ആക്രമിച്ചിരുന്നു. മൂന്നുവർഷംമുമ്പ് സി.പി.ഒ. വിജയൻ ഡ്യൂട്ടി കഴിഞ്ഞ് പോകുംവഴി ആന്റണി ദാസ് കത്താൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. പ്രതിയുടെ വീടിനുസമീപത്തുവച്ചായിരുന്നു ആക്രമണം. കാപ്പ പ്രകാരം ജയിലിലായിരുന്ന ഇയാൾ ഈമാസം ആദ്യമാണ് ജയിൽമോചിതനായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..