കരുനാഗപ്പള്ളി ഗുരുമന്ദിരം ജങ്‌ഷനുസമീപം പാറ്റോലി തോടിന് സംരക്ഷണഭിത്തി നിർമിച്ചപ്പോൾ
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മാർക്കറ്റിനുകിഴക്ക് ഗുരുമന്ദിരം ജങ്ഷനുസമീപം ഒട്ടേറെ കുടുംബങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന വേലിയേറ്റ ഭീഷണിക്ക് പരിഹാരമാകുന്നു. ഇതുവഴി ഒഴുകുന്ന പാറ്റോലി തോടിന്റെ സംരക്ഷണഭിത്തിനിർമാണം പൂർത്തിയായി.
കരുനാഗപ്പള്ളി നഗരത്തിനോടുചേർന്ന് പതിന്നാലാം ഡിവിഷനിലാണ് ഒട്ടേറെ കുടുംബങ്ങൾ വർഷങ്ങളായി വേലിയേറ്റ ഭീഷണിയിൽ കഴിഞ്ഞിരുന്നത്. വേലിയേറ്റസമയത്ത് പാറ്റോലി തോട്ടിൽനിന്നുള്ള വെള്ളം തീരത്തേക്ക് ഇരച്ചുകയറും. അതോടെ വീടും പരിസരവുമെല്ലാം വെള്ളക്കെട്ടിലാകും. വീടുകളുടെ മുറികൾക്കുള്ളിൽവരെ വെള്ളം കയറും. ചില വീടുകളുടെ അടുക്കളയിലും കിടപ്പുമുറികളിലുമെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്. പല വീടുകളും തകർച്ചയുടെ വക്കിലാണ്. ചിലർ വീട് ഉപേക്ഷിച്ചുപോയി. വെള്ളക്കെട്ടുകാരണം ഇവിടെയുണ്ടായിരുന്ന അങ്കണവാടി പ്രവർത്തനം നിർത്തിയിട്ട് വർഷങ്ങളായി.
ഒടുവിലാണ് പാറ്റോലി തോടിന്റെയും തോട്ടിലേക്ക് വന്നുചേരുന്ന കാരിക്കൽ-ശാന്താലയം തോടിന്റെയും തീരസംരക്ഷണത്തിനായി 50 ലക്ഷത്തോളം രൂപ അനുവദിച്ചത്. ഇതിൽ കാരിക്കൽ-ശാന്താലയം തോടിന്റെ സംരക്ഷണപ്രവർത്തനങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. ഗുരുമന്ദിരം ജങ്‌ഷനുസമീപം 150 മീറ്ററോളം ഭാഗത്താണ് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിച്ചത്. വെള്ളം കയറുന്നതു തടയാൻ തോടുനിരപ്പിൽനിന്ന് ഉയരത്തിലാണ് സംരക്ഷണഭിത്തി നിർമിച്ചിരിക്കുന്നത്. ഇതോടെ വേലിയേറ്റസമയത്ത് തീരത്തേക്ക് വെള്ളം കയറുന്നതിന് പരിഹാരമാകുമെന്ന് കണക്കാക്കുന്നു. ഇതിനു വടക്ക് കുറച്ചുഭാഗത്തുകൂടി സംരക്ഷണഭിത്തി നിർമിക്കേണ്ടതുണ്ട്.
അതുകൂടി നിർമിച്ചാൽമാത്രമേ വേലിയേറ്റ ഭീഷണിക്ക് പൂർണപരിഹാരമാകൂ. ഇതിനുള്ള പദ്ധതിരേഖ തയ്യാറാക്കി ജലവിഭവ മന്ത്രിക്ക് നൽകിയതായി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവും കൗൺസിലർ റെജി ഫോട്ടോപാർക്കും അറിയിച്ചു. 15 ലക്ഷത്തോളം രൂപയാണ് ഇതിന് വേണ്ടിവരിക.
നിർമാണം പൂർത്തിയായ പദ്ധതി 17-ന് രാവിലെ 10-ന് നടക്കുന്ന ചടങ്ങിൽ ജലവിഭവ മന്ത്രി നാടിന് സമർപ്പിക്കുമെന്നും നഗരസഭാ ചെയർമാനും കൗൺസിലറും അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..