ദേശീയപാത വികസനം അടിപ്പാത നിർമാണം തുടങ്ങി


1 min read
Read later
Print
Share

കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കുമിടയിൽ മൂന്ന് അടിപ്പാതകൾ

പുതിയകാവിൽ അടിപ്പാതയുടെ ഭിത്തിനിർമാണം നടക്കുന്നു

കരുനാഗപ്പള്ളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കുമിടയിൽ അടിപ്പാതകളുടെ നിർമാണം തുടങ്ങി. ഓച്ചിറ പ്രീമിയർ ജങ്‌ഷൻ, ചങ്ങൻകുളങ്ങര, പുതിയകാവ് എന്നിവിടങ്ങളിലാണ് കരുനാഗപ്പള്ളി മേഖലയിൽ അടിപ്പാത നിർമിക്കുന്നത്.

ഇതിൽ പ്രീമിയർ ജങ്‌ഷനിൽ വലിയ വാഹനങ്ങൾക്കും കടന്നുപോകാൻ സാധിക്കുന്ന വി.യു.പി.യും ചങ്ങൻകുളങ്ങരയിലും പുതിയകാവിലും ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്ന എസ്.വി.യു.പി.യുമാണ് നിർദേശിച്ചിരുന്നത്.

എന്നാൽ, ചങ്ങൻകുളങ്ങരയിലും പുതിയകാവിലും വലിയ വാഹനങ്ങൾക്കുകൂടി പോകാൻ സാധിക്കുന്ന വി.യു.പി.പാതകൾ നിർമിക്കണമെന്ന് സ്ഥലം സന്ദർശിച്ച ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരോട് സി.ആർ.മഹേഷ് എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു. ചില സംഘടകളും ഈ ആവശ്യമുന്നയിച്ചു. ഇക്കാര്യം ദേശീയപാതാ അതോറിറ്റിയുടെ പരിഗണനയിലാണ്.

വി.യു.പി.അടിപ്പാതകൾക്ക് 5.5 മീറ്റർ ഉയരവും 10.5 മീറ്റർ വീതിയുമാണുണ്ടാകുക. എസ്.വി.യു.പി.കൾക്ക് നലുമീറ്റർ ഉയരവും ഏഴുമീറ്റർ വീതിയുമായിരിക്കും. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് എസ്.വി.യു.പി.കൾവഴി പോകാൻ സാധിക്കില്ല.

സർക്കാർ പരിഗണനയിലുള്ള കാട്ടിൽക്കടവ്-പത്തനാപുരം സംസ്ഥാനപാത പുതിയകാവ് വഴിയാണ് കടന്നുപോകുക. ചങ്ങൻകുളങ്ങരയിലും ദേശീയപാത കുറുകേ കടക്കുന്ന പ്രധാന റോഡാണുള്ളത്. ഇവയെല്ലാം പരിഗണിച്ചാണ് രണ്ടിടത്തും വി.യു.പി.പാതകൾ വേണമെന്ന ആവശ്യമുയർന്നത്.

ഓച്ചിറയിലും പുതിയകാവിലും അടിപ്പാതയുടെ ഒരുഭാഗത്തെ ഭിത്തിനിർമാണമാണ് തുടങ്ങിയിട്ടുള്ളത്. പാതയുടെ വീതിയും ഉയരവും വർധിപ്പിക്കുന്നതിൽ അന്തിമതീരുമാനമുണ്ടാകുന്ന മുറയ്ക്ക് മറ്റുജോലികളും തുടങ്ങും. പുത്തൻതെരുവ്, പുള്ളിമാൻ ജങ്‌ഷൻ എന്നിവിടങ്ങളിൽ പ്രധാനപാതയെയും സർവീസ് റോഡിനെയും വേർതിരിക്കുന്ന ഭിത്തിയുടെ നിർമാണവും തുടങ്ങിയിട്ടുണ്ട്. ദേശീയപാതയോരത്തെ വൈദ്യുത തൂണുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികൾ 80 ശതമാനവും പൂർത്തിയായി. നടപ്പാതയോടു ചേർന്നാണ് പുതിയ പോസ്റ്റുകൾ സ്ഥാപിക്കുക.

പൈൽ മാർക്കിങ് തുടങ്ങി

:കരുനാഗപ്പള്ളി നഗരത്തിൽ തൂണുകളിൽ ഉയർത്തിയുള്ള മേൽപ്പാലം സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനമായില്ലെങ്കിലും എവിടെയൊക്കെ പൈൽ സ്ഥാപിക്കേണ്ടിവരുമെന്നതിന്റെ മാർക്കിങ് തുടങ്ങി. ഹൈസ്കൂൾ ജങ്‌ഷൻമുതൽ ലാലാജി ജങ്‌ഷനു തെക്കുവശംവരെയാണ് പൈൽ മാർക്കിങ് നടത്തിയിട്ടുള്ളത്.

നഗരത്തിൽ ലാലാജി ജങ്‌ഷനു സമീപത്തും പഴയ പോസ്റ്റോഫീസിനു മുന്നിലും പൈൽ ലോഡ് ടെസ്റ്റും തുടങ്ങി. 28 ദിവസത്തിനുശേഷമേ ഇതിന്റെ ഫലം ലഭിക്കൂ. ഈ ഫലംകൂടി പരിഗണിച്ചാണ് മേൽപ്പാലത്തിന്റെ ഡിസൈനിന് ദേശീയപാതാ അതോറിറ്റി അന്തിമാനുമതി നൽകുക.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..