കരുനാഗപ്പള്ളിയിൽ നിർമാണം പുരോഗമിക്കുന്ന അഗ്നിരക്ഷാനിലയം
കരുനാഗപ്പള്ളി :അഗ്നിരക്ഷാ സേനയുടെ കരുനാഗപ്പള്ളിയിലെ ആസ്ഥാനമന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുന്നു.
നഗരത്തിൽ പോലീസ് സ്റ്റേഷനു സമീപത്തായി വിട്ടുകൊടുത്ത സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്റെ രണ്ടുനിലകളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. എത്രയും പെട്ടെന്ന് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വർഷങ്ങളായി വാടക ഷെഡ്ഡിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാനിലയത്തിന് സ്വന്തമായി കെട്ടിടം നിർമിക്കണമെന്ന ആവശ്യമുയർന്നിട്ടു നാളുകളായി. ഒട്ടേറെ സ്ഥലങ്ങൾ പരിഗണിച്ചെങ്കിലും ഒന്നും നടപ്പായില്ല. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്താണ് പോലീസ് സ്റ്റേഷനോടുചേർന്ന് 20 സെന്റ് സ്ഥലം വിട്ടുനൽകാൻ നടപടിയായത്.
കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും മറ്റും കാരണം നിർമാണം തുടങ്ങാൻ വൈകി. ഒടുവിൽ, കെട്ടിടനിർമാണത്തിനു കല്ലിട്ട ദിവസംതന്നെ തിരഞ്ഞെടുപ്പു പ്രഖ്യാപനവും വന്നു. അങ്ങനെ വീണ്ടും വൈകിയാണ് നിർമാണപ്രവർത്തനങ്ങൾ തുടങ്ങാനായത്. പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ സ്റ്റേഷൻ ഓഫീസ് മുറി, മെക്കാനിക്കൽ മുറി, സ്റ്റോർ മുറി, വിശ്രമിക്കാനുള്ള മുറി, സ്മാർട്ട് ക്ലാസ് മുറി, ഭൂഗർഭ ടാങ്ക്, ഓവർഹെഡ് ടാങ്ക്, കുഴൽക്കിണർ എന്നീ സൗകര്യങ്ങളാണുണ്ടാകുക.
1989-ലാണ് കരുനാഗപ്പള്ളിയിൽ അഗ്നിരക്ഷാനിലയം അനുവദിച്ചത്. ആദ്യം ലാലാജി ജങ്‌ഷനുസമീപമായിരുന്ന സ്റ്റേഷൻ 1998-ലാണ് പോലീസ് സ്റ്റേഷനു പടിഞ്ഞാറ് ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഏതുനിമിഷവും തകർന്നുവീഴാറായ ചെറിയ ഷെഡ്ഡിലാണ് അന്നുമുതൽ സേനയുടെ ആസ്ഥാനം. അവിടെ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യംപോലുമില്ല. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ഇവിടെയാണ് രാപകൽ വ്യത്യാസമില്ലാതെ കരുനാഗപ്പള്ളിയിലെ രക്ഷാപ്രവർത്തകർ കഴിയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..