കുലശേഖരപുരത്ത് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള വൈദ്യുത വാഹനത്തിന്റെ ഫ്ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം നിർവഹിക്കുന്നു (ഫയൽ ചിത്രം)
കരുനാഗപ്പള്ളി :മാലിന്യമുക്ത ഗ്രാമമെന്ന ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത്.
ഇതിനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ഹരിതകർമസേനകൾ വഴിയുള്ള മാലിന്യശേഖരണമാണ് പ്രധാനം. ഓരോ വാർഡിലും രണ്ടുപേർ വീതം മൊത്തം 44 പേരാണ് പഞ്ചായത്തിലെ ഹരിതകർമസേനയിലുള്ളത്.
വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും ഇവർ ഖരമാലിന്യങ്ങൾ ശേഖരിക്കും. തുടർന്ന് അവ വേർതിരിച്ച് ശുചിത്വ മിഷനു കൈമാറും. മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഓരോ വാർഡിലും മിനി എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ശേഖരിക്കുന്ന മാലിന്യങ്ങൾ പിന്നീട് രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന എം.സി.എഫിലേക്ക് മാറ്റും. അവിടെനിന്നാണ് ശുചിത്വ മിഷന് കൈമാറുക.
വീടുകളിൽനിന്നു മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിതകർമസേനയ്ക്ക് ട്രോളികൾ നൽകിയിട്ടുണ്ട്. കൂടാതെ, മിനി എം.സി.എഫിൽനിന്ന് എം.സി.എഫിലേക്ക് മാലിന്യങ്ങൾ കൊണ്ടുപോകുന്നതിനായി 4.75 ലക്ഷം രൂപ ചെലവിൽ വൈദ്യുത വാഹനവും വാങ്ങി. ഹരിതകർമസേനാ അംഗങ്ങൾതന്നെയാണ് ഈ വാഹനം ഓടിക്കുക. ഇതിനായി അവർക്ക് പരിശീലനം നൽകിവരികയാണ്.
പഞ്ചായത്തിലെ ഇറച്ചിക്കോഴി മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. ശേഖരിക്കുന്ന ഇറച്ചിക്കോഴി മാലിന്യങ്ങൾ വളം നിർമാണത്തിനായി കൈമാറും. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വലിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചെറിയ കഷണങ്ങളാക്കി മാറ്റുന്നതിനുള്ള യന്ത്രവും ഉടൻ പ്രവർത്തനം തുടങ്ങും.
കുപ്പിച്ചില്ലുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള കർമപദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..