കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണുന്നതിനായി സി.ആർ.മഹേഷ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു.
തീരദേശമേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. മറ്റു മേഖലകളിൽ ജലവിതരണത്തിൽ തടസ്സങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം ചേർന്നത്. ഓച്ചിറ ക്ലാപ്പന കുടിവെള്ളപദ്ധതിയിൽ മോട്ടോർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ യോഗം ചർച്ചചെയ്തു. കേരള വാട്ടർ അതോറിറ്റി ഉന്നതോദ്യോഗസ്ഥർ ആവശ്യപ്പെട്ടത് അനുസരിച്ച് 300 എച്ച്.പി. ശേഷിയുള്ള രണ്ട് മോട്ടോറുകൾ സ്ഥാപിച്ചിരുന്നു.
ജൂലായിൽ ട്രയൽ റൺ നടത്തിയപ്പോൾ കരാർ പ്രകാരമുള്ള ഡിസ്ചാർജ് ലഭിച്ചില്ല. ഇതേത്തുടർന്ന് കേന്ദ്രസംഘം പരിശോധിച്ചു നിർദേശിച്ചപ്രകാരം മോട്ടോർ പ്രവർത്തനക്ഷമമാക്കി.
മാർച്ച് ഒന്നിന് വീണ്ടും മോട്ടോറും വൈദ്യുതി വിതരണവും തകരാറിലായതിനാലാണ് ജലവിതരണം മുടങ്ങിയത്. തുടർച്ചയായി രണ്ടുദിവസം പമ്പിങ് തടസ്സം നേരിട്ടതിനാലാണ് കരുനാഗപ്പള്ളി, ഓച്ചിറ, ക്ലാപ്പന പ്രദേശങ്ങളിൽ ജലവിതരണത്തിൽ തടസ്സം നേരിട്ടതെന്നും ഇപ്പോൾ പൂർണതോതിൽ പ്രവർത്തിച്ചുവരുന്നതായും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
കുന്നത്തൂർ-കരുനാഗപ്പള്ളി സംയോജിത കുടിവെള്ളപദ്ധതിയുടെ പുരോഗതിയും യോഗം ചർച്ചചെയ്തു. ഗ്രാമപ്പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന കുഴൽക്കിണറുകളുടെ നിർമാണം അടിയന്തരമായി പൂർത്തീകരിക്കാൻ നിർദേശം നൽകി.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ ടാങ്കർലോറികളിൽ വെള്ളം വിതരണം ചെയ്യണമെന്ന സർക്കാർ നിർദേശം അനുസരിച്ച് നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കളക്ടർ അഫ്സാന പർവീൺ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..