കരുനാഗപ്പള്ളി : പുതിയ മോട്ടോറുകൾ സ്ഥാപിച്ചിട്ടും ഓച്ചിറ കുടിവെള്ളപദ്ധതിയിൽനിന്നുള്ള ജലവിതരണം കാര്യക്ഷമമാകുന്നില്ല. പദ്ധതിപ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി തുടരുന്നു.
കരുനാഗപ്പള്ളി നഗരസഭയും ഓച്ചിറ, ക്ലാപ്പന, ആലപ്പാട് പഞ്ചായത്തുകളുമാണ് ഓച്ചിറ കുടിവെള്ളപദ്ധതിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ. കുലശേഖരപുരം പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലും ഇവിടെനിന്നുള്ള വെള്ളം വിതരണം ചെയ്യുന്നു. അച്ചൻകോവിലാറിൽ കണ്ടിയൂർകടവിൽനിന്നുള്ള വെള്ളം ഓച്ചിറയിലെ ശുദ്ധീകരണശാലയിലെത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുക. പദ്ധതി തുടങ്ങിയപ്പോഴുള്ള 150 എച്ച്.പി.യുടെ മൂന്നു മോട്ടോറുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
കാലപ്പഴക്കത്താൽ മോട്ടോറുകളുടെ ശേഷി കുറഞ്ഞതോടെ ഒട്ടുമിക്ക പ്രദേശങ്ങളിലും വെള്ളം ലഭിക്കാതായി. തുടർന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കൂടുതൽ ശേഷിയുള്ള മോട്ടോറുകളും ട്രാൻസ്‌ഫോർമറും സ്ഥാപിക്കാൻ നടപടിയായത്. 1.25 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ഇതനുസരിച്ച് 300 എച്ച്.പി.യുടെ രണ്ട് പമ്പ്സെറ്റും 630 കെ.വി.യുടെ ട്രാൻസ്‌ഫോർമറും സ്ഥാപിച്ചു.
പുതിയ മോട്ടോറുകൾ സ്ഥാപിക്കുമ്പോൾ ജലവിതരണത്തിന്റെ ശേഷി പ്രതിദിനം 15 ദശലക്ഷം ലിറ്ററായി ഉയരുമെന്നാണ് കണക്കാക്കിയിരുന്നത്. മുമ്പ് ഇതു 10 ദശലക്ഷം ലിറ്ററായിരുന്നു. എന്നാൽ, പുതിയ മോട്ടോറുകൾ പ്രവർത്തിച്ചു തുടങ്ങിയിട്ടും പമ്പിങ്ങിന്റെ ശേഷി കൂടിയില്ല.
പരാതികൾ വ്യാപകമായതോടെ പമ്പ്സെറ്റിന്റെ ഇംപെല്ലർ മാറ്റിവെച്ച് പ്രശ്നപരിഹാരത്തിനു ശ്രമം നടത്തി. എന്നാൽ, മാർച്ച് ആദ്യത്തോടെ പമ്പ്സെറ്റ് തകരാറിലായത് ദിവസങ്ങളോളം ജലവിതരണം പ്രതിസന്ധിയിലാക്കി. പകരം ഉപയോഗിക്കാനായി സ്ഥാപിച്ചിരുന്ന പമ്പ് പ്രവർത്തിപ്പിച്ചു തുടങ്ങിയെങ്കിലും പൂർണസമയം ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്. ഒട്ടുമിക്ക പ്രദേശങ്ങളിലും ഇപ്പോഴും വെള്ളം കിട്ടാക്കനിയാണ്.
ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. കരാറുകാരനെക്കൊണ്ടുതന്നെ 300 എച്ച്.പി.യുടെ പുതിയ മോട്ടോറും പമ്പും സ്ഥാപിച്ച് കുടിവെള്ളപ്രശ്നത്തിനു പരിഹാരം കാണണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..