ജനകീയ പ്രതിരോധജാഥയുടെ പ്രചാരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നടന്ന വനിതകളുടെ ഇരുചക്രവാഹന റാലി
കരുനാഗപ്പള്ളി : സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയ്ക്ക് ബുധനാഴ്ച വൈകീട്ട് മൂന്നിന് കരുനാഗപ്പള്ളിയിൽ സ്വീകരണം നൽകും.
ജാഥയുടെ പ്രചാരണപ്രവർത്തനങ്ങൾ പൂർത്തിയായതായി സംഘടാകസമിതി ചെയർമാൻ പി.ബി.സത്യദേവൻ, സെക്രട്ടറി പി.കെ.ബാലചന്ദ്രൻ, പി.കെ.ജയപ്രകാശ്, വി.പി.ജയപ്രകാശ് മേനോൻ എന്നിവർ അറിയിച്ചു.
ജാഥയുടെ പ്രചാരണത്തിന്റെ ഭാഗമായി അസംബ്ലി മണ്ഡലത്തിലെ 14 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 22 മേഖലാ കമ്മിറ്റികളിലായി വിളംബരജാഥകൾ സംഘടിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ഓച്ചിറയിൽനിന്നാരംഭിച്ച ഇരുചക്രവാഹന റാലി കരുനാഗപ്പള്ളി കന്നേറ്റിയിൽ സമാപിച്ചു. നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. 31 അംഗങ്ങളടങ്ങിയ റെഡ് വൊളന്റിയർ പ്ലാറ്റൂണിന്റെ പരിശീലനം പുരോഗമിക്കുകയാണ്. 31 അംഗങ്ങളടങ്ങിയ വനിതാ വൊളന്റിയർമാരുടെ പരിശീലനം ഏരിയ തലത്തിൽ പൂർത്തിയായി.
ബുധനാഴ്ച ശാസ്താംകോട്ടയിലെ സ്വീകരണത്തിനുശേഷം ചക്കുവള്ളിവഴിയെത്തുന്ന ജാഥയെ തൊടിയൂർ പാലത്തിൽനിന്നു ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും.
കരുനാഗപ്പള്ളി ടൗണിൽ ജാഥാ ക്യാപ്റ്റൻ റെഡ് വൊളന്റിയർമാരുടെ സല്യൂട്ട് സ്വീകരിക്കും. മണ്ഡലത്തിലെ 182 ബൂത്തുകളിൽനിന്നായി 100 പ്രവർത്തകരെവീതം പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
ഇതുൾപ്പെടെ 20,000-ഓളം പേരെ അണിനിരത്തിയുള്ള സ്വീകരണപരിപാടിയാണ് ലക്ഷ്യമിടുന്നത്.
ലാലാജി ജങ്‌ഷനുസമീപം എച്ച്. ആൻഡ് ജെ.മാൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണസമ്മേളനം. ഗതാഗതതടസ്സം പരമാവധി ഒഴിവാക്കാൻ കേന്ദ്രീകരിച്ചുള്ള പ്രകടനം ഒഴിവാക്കിയിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..