സർക്കാർ കോളേജിന് കെട്ടിടം; തടസ്സങ്ങൾ നീങ്ങി


1 min read
Read later
Print
Share

അടിയന്തര ഘട്ടങ്ങളിൽ എൻജിനിയറിങ് കോളേജിന്റെ വഴി ഉപയോഗിക്കാൻ അനുമതി

കരുനാഗപ്പള്ളി : സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിന് കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളേജ് കോമ്പൗണ്ടിൽ കെട്ടിടം നിർമിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി.

അടിയന്തര സാഹചര്യങ്ങളിൽ ഐ.എച്ച്.ആർ.ഡി. കോളേജ് കോമ്പൗണ്ടിലൂടെ അഗ്നിരക്ഷാസേനയ്ക്കും ആംബുലൻസിനും കടന്നുപോകുന്നതിന് ആവശ്യമായ വഴി ഉപയോഗിക്കുന്നതിന്‌ ഐ.എച്ച്.ആർ.ഡി. ഡയറക്ടർ അനുമതിനൽകി.

ഇതോടെയാണ് കെട്ടിടം നിർമിക്കുന്നതിനുള്ള സാധ്യതയേറിയത്‌. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളേജിനോടു ചേർന്നാണ് സർക്കാർ കോളേജിന് കെട്ടിടം നിർമിക്കാൻ സ്ഥലം അനുവദിച്ചത്. ഇവിടേക്കുള്ള പാതയ്ക്ക്‌ വീതിയില്ലെന്ന കാരണത്താൽ കെട്ടിടനിർമാണത്തിന് കിഫ്ബി അനുമതി നൽകിയിരുന്നില്ല.

അടിയന്തര ഘട്ടങ്ങളിൽ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്കും ആംബുലൻസിനും കടന്നുപോകാൻ ഏഴുമീറ്റർ വീതിയെങ്കിലും വേണമെന്നതായിരുന്നു പ്രധാന തടസ്സം. നിലവിലുള്ള റോഡിന് 4.5 മീറ്റർ വീതിമാത്രമാണുള്ളത്.

ഈ സാഹചര്യത്തിൽ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഉന്നതവിദ്യാഭ്യാസവകുപ്പു മന്ത്രി ഉന്നതതലയോഗം വിളിച്ചു. സി.ആർ.മഹേഷ് എം.എൽ.എ.യും ഐ.എച്ച്.ആർ.ഡി.യുടെയും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെയും മേധാവികളും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഈ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.എച്ച്.ആർ.ഡി. ഡയറക്ടർ രേഖാമൂലം അനുമതി നൽകിയത്.

ഇതോടെ കെട്ടിടനിർമാണത്തിനുള്ള തടസ്സങ്ങളെല്ലാം നീങ്ങിയതായും ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കാനാകുമെന്നും സി.ആർ.മഹേഷ് എം.എൽ.എ. അറിയിച്ചു.

കോളേജിന് കെട്ടിടം നിർമിക്കുന്നതിന് 13.5 കോടി രൂപയുടെ പദ്ധതിക്കു നേരത്തേ ഭരണാനുമതി ലഭിച്ചിരുന്നു.

2016-ലാണ് സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രവർത്തനം തുടങ്ങിയത്. ആദ്യം പാവുമ്പ ഹൈസ്കൂളിലായിരുന്നു പ്രവർത്തനം. പിന്നീട് ഇതു കുതിരപ്പന്തിയിലുള്ള സ്വകാര്യ സ്കൂളിലേക്കു മാറ്റി. സ്ഥലപരിമിതി കാരണം കൂടുതൽ കോഴ്‌സുകൾ അനുവദിക്കുന്നതിനും സാധിച്ചിരുന്നില്ല. ലാബ് സൗകര്യം ഉൾപ്പെടെ ഉണ്ടെങ്കിൽ മാത്രമേ സയൻസ് കോഴ്‌സുകൾ അനുവദിക്കൂ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..