Caption
കരുനാഗപ്പള്ളി : കേരളത്തിലെ ജനങ്ങളെ ഛിന്നഭിന്നമാക്കാൻ ഒരു വർഗീയശക്തിയെയും അനുവദിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധജാഥയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പേരുകളിലുള്ള വർഗീയശക്തികൾ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത് ജനങ്ങളെ നന്നാക്കാനല്ല, മറിച്ച് ജനങ്ങളെ ഛിന്നഭിന്നമാക്കി പരസ്പരം ശക്തിപ്പെടാനാണ്. ഏതെങ്കിലും വർഗീയശക്തികൾ ജയിക്കുമെന്നോ പരാജയപ്പെടുമെന്നോ കരുതാനാകില്ല.
പരസ്പരം ശക്തിപ്പെടാൻ വർഗീയ സംഘർഷങ്ങളും കൊലപാതകങ്ങളും ആവശ്യമാണ്. ന്യൂനപക്ഷത്തിനെതിരായ കടന്നാക്രമണം നടക്കാത്ത ഒരേയൊരു സംസ്ഥാനം ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കേരളംമാത്രമാണ്. ഒരു വർഗീയശക്തിയെയും കേരളം പിന്തുണയ്ക്കില്ല. മോദി സർക്കാർ അംബാനിയെയും അദാനിയെയും ദത്തെടുത്തപ്പോൾ പിണറായി സർക്കാർ കേരളത്തിലെ അതിദരിദ്രരായ കുടുംബങ്ങളെയാണ് ദത്തെടുത്തത്.
മൂന്നുകൊല്ലം കഴിയുമ്പോൾ ഇന്ത്യയിൽ അതിദാരിദ്ര്യമില്ലാത്ത ഒരേയൊരു സംസ്ഥാനം കേരളമായിരിക്കും. ഭൂമിയില്ലാത്ത എല്ലാവർക്കും മൂന്നു സെന്റ് ഭൂമി വീതമെങ്കിലും നൽകാനാണ് സർക്കാർ തീരുമാനം. കേരളത്തെ ലോകോത്തര നാടായി രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ കേരളം ഒരിഞ്ച് മുന്നോട്ടുപോകാൻ പാടില്ലെന്നതാണ് പ്രതിപക്ഷ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകസമിതി ചെയർമാൻ പി.ബി.സത്യദേവൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.കെ.ബാലചന്ദ്രൻ, ജാഥാ അംഗങ്ങളായ പി.കെ.ബിജു, കെ.ടി.ജലീൽ തുടങ്ങിയവർ സംസാരിച്ചു. കെ.എൻ.ബാലഗോപാൽ, എസ്.സുദേവൻ, ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.വരദരാജൻ, എച്ച്.ഷാജിയാർ, കെ.രാജഗോപാൽ, സൂസൻകോടി, പി.കെ.ജയപ്രകാശ്, സി.രാധാമണി, പി.ആർ.വസന്തൻ തുടങ്ങിയവർ പങ്കെടുത്തു.
ശാസ്താംകോട്ടയിലെ സ്വീകരണത്തിനുശേഷം കരുനാഗപ്പള്ളി നിയോജകമണ്ഡലം അതിർത്തിയായ തൊടിയൂർ പാലം ജങ്‌ഷനിലെത്തിയ ജാഥയെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
തുടർന്ന് ഹൈസ്കൂൾ ജങ്‌ഷനിൽ ജാഥാ ക്യാപ്റ്റൻ ചുവപ്പുസേനയുടെ പരേഡിന് സല്യൂട്ട് സ്വീകരിച്ചു. വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനങ്ങളായാണ് പ്രവർത്തകർ സമ്മേളനസ്ഥലത്തേക്ക് എത്തിയത്.
‘പ്രതിപക്ഷം നിയമസഭയെയും ജനങ്ങളെയും അപമാനിക്കുന്നു’
ശാസ്താംകോട്ട : നിയമസഭയിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ പാർലമെന്ററി സംവിധാനത്തെയും ജനങ്ങളെയും അപമാനിക്കുന്നതാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു. പാർലമെന്ററി സംവിധാനത്തിന്റെ ഭാഗമായ സ്പീക്കറെയും വാച്ച് ആൻഡ് വാർഡിനെയും കടന്നാക്രമിച്ചതിലൂടെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനുള്ള ശ്രമമാണ് യു.ഡി.എഫ്. നടത്തുന്നതെന്നും ജനാധിപത്യത്തെ തികച്ചും തെറ്റായ രീതിയിലാണ് അവർ പ്രയോഗിക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് ശാസ്താംകോട്ടയിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ.സുധാകരൻ വീണ്ടും കെ.പി.സി.സി. പ്രസിഡന്റാകണോ വേണ്ടയോ എന്ന തർക്കം മറച്ചുവെക്കാനാണ് ഇത്തരം തന്ത്രങ്ങൾ കോൺഗ്രസ് പയറ്റുന്നത്. ഏറെക്കാലമായി മുഖ്യമന്ത്രിയും സ്പീക്കറും നേതാവും ഇല്ലാതിരുന്നതിന്റെ ജാള്യം മറയ്ക്കാനാണ് നിയമസഭയിൽ അഭിനയം നടത്തിയത്. വികസനം വരരുത് എന്നാഗ്രഹിക്കുന്നവരാണ് അവർ. എന്നാൽ പിണറായി വിജയൻ പറഞ്ഞാൽ അതു ചെയ്യുമെന്ന കാര്യം യു.ഡി.എഫുകാർ ഓർക്കണം. ദേശീയപാത വികസനം ഉദാഹരണമാണെന്നും കെ-റെയിലും ഉണ്ടാകണമെന്നും ഗോവിന്ദൻ പറഞ്ഞു. കെ.സോമപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളെക്കൂടാതെ മന്ത്രി കെ.എൻ.ബാലഗോപാൽ, എം.ശിവശങ്കരപ്പിള്ള, ഡോ. പി.കെ.ഗോപൻ, ടി.ആർ.ശങ്കരപ്പിള്ള, പി.ബി.സത്യദേവൻ, ജെ.രാമാനുജൻ, എസ്.എൽ.സജികുമാർ, എം.ഗംഗാധരക്കുറുപ്പ്, സൂസൻ കോടി തുടങ്ങിയവർ പങ്കെടുത്തു. കൊട്ടാരക്കരയിലെ സ്വീകരണത്തിനുശേഷമാണ് ശാസ്താംകോട്ടയിലെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..