കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപ്പഞ്ചായത്തിൽ പട്ടികജാതി ഉദ്യോഗാർഥികൾക്കുള്ള സൗജന്യ പി.എസ്.സി. പരീക്ഷാപരിശീലനം നഷ്ടമായേക്കുമെന്ന് പരാതി. ജില്ലാ പട്ടികജാതി ഓഫീസ് വഴി നടപ്പാക്കിവരുന്ന പട്ടികജാതി ഉദ്യോഗാർഥികളുടെ സൗജന്യ പി.എസ്.സി. പരിശീലനപദ്ധതിയായ ’നിബോധിത’യോട് പഞ്ചായത്ത് അലംഭാവം കാണിക്കുന്നതായാണ് പരാതി. ജില്ലാപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്.
ഗ്രാമസഭാ ലിസ്റ്റ് വഴി വരുന്ന ഈ പദ്ധതിക്ക് പല പഞ്ചായത്തുകളും വേണ്ടത്ര താത്‌പര്യം കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. പട്ടികയിൽ വന്നവരിൽ പലരുടെയും പേര് അവർപോലും അറിയാതെയാണ് ചേർക്കപ്പെട്ടത്. ഇതുകാരണം ഗ്രാമസഭാ ലിസ്റ്റിൽനിന്ന് ആളെ കിട്ടാത്ത അവസ്ഥയുമുണ്ട്. പിന്നീട് ഇതറിഞ്ഞു വന്ന ചില ഉദ്യോഗാർഥികൾ ജില്ലാ പട്ടികജാതി ഓഫീസിൽ നേരിട്ട് അപേക്ഷ നൽകുകയായിരുന്നു.
ജില്ലാ പട്ടികജാതി ഓഫീസ് പഞ്ചായത്തുകൾക്ക് ഉദ്യോഗാർഥികളുടെ പേരുവിവരം കാണിച്ച് ലിസ്റ്റ് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇ-മെയിൽ അയയ്ക്കുകയും ചെയ്തു. ഒട്ടുമിക്ക പഞ്ചായത്തുകളും ഈ പേരുകൾ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, തൊടിയൂർ പഞ്ചായത്തിൽ ഇതുവരെയും പട്ടിക അംഗീകരിച്ചിട്ടില്ല. തങ്ങളുടെ ലിസ്റ്റും അംഗീകരിക്കുമെന്നു പ്രതീക്ഷിച്ച് പഠനം തുടങ്ങിയ ഉദ്യോഗാർഥികൾ ഇപ്പോൾ ആശങ്കയിലാണ്.
ലിസ്റ്റ് അംഗീകരിക്കണമെന്ന് പലതവണ ഉദ്യോഗാർഥികളും ബന്ധപ്പെട്ടവരും ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ ഒഴിഞ്ഞുമാറുകയാണെന്നു പരാതിയുണ്ട്. മാർച്ച് 20-നകം കമ്മിറ്റി തീരുമാനം ഉണ്ടാകാത്തപക്ഷം ഇവർക്ക് പഠനം തുടരാനാകില്ല. പഞ്ചായത്തിന്റെ അലംഭാവത്തിനെതിരേ പട്ടികജാതി-വർഗ കമ്മിഷനെ സമീപിക്കുന്നതടക്കം വിവിധ മാർഗങ്ങളെപ്പറ്റി ആലോചിക്കുകയാണ് ഉദ്യോഗാർഥികൾ.
എന്നാൽ, നിബോധിത പദ്ധതിയുമായി ബന്ധപ്പെട്ട് അടിയന്തര കമ്മിറ്റി ഉടൻ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..