• കേശവപുരത്തെ പ്ലാസ്റ്റിക് സംഭരണകേന്ദ്രത്തിൽ തീപടർന്നപ്പോൾ
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയുടെ പ്ലാസ്റ്റിക് സംഭരണകേന്ദ്രത്തിൽ വൻ തീപ്പിടിത്തം. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീ അണയ്ക്കാനായത്.
കേശവപുരത്ത് നഗരസഭാ ശ്മശാനത്തോടു ചേർന്നുള്ള പ്ലാസ്റ്റിക് സംഭരണകേന്ദ്രത്തിൽ രാവിലെ ഒൻപതരയോടെയാണ് തീ പടർന്നത്. ഈസമയം സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ ഉടൻതന്നെ നഗരസഭാ അധികൃതരെ വിവരമറിയിച്ചു. അല്പസമയത്തിനുള്ളിൽ കരുനാഗപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമംതുടങ്ങി. എന്നാൽ, പലയിടത്തും റോഡിന്റെ വീതിക്കുറവുകാരണം വലിയ വാഹനങ്ങൾക്ക് ഇവിടേക്ക് എത്തിച്ചേരാൻ സാധിച്ചില്ല. ഒടുവിൽ മറ്റു റോഡുകളിലൂടെയാണ് ഈ വാഹനങ്ങൾ എത്തിച്ചത്. കരുനാഗപ്പള്ളിയിൽനിന്ന് രണ്ട് അഗ്നിരക്ഷാസേനാ യൂണിറ്റും ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽനിന്ന് ഓരോ യൂണിറ്റും സ്ഥലത്തെത്തി. ഏറെനേരത്തെ ശ്രമങ്ങൾക്കൊടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീ പൂർണമായും അണയ്ക്കാൻ സാധിച്ചത്.
ഹരിതകർമസേന വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് സംഭരിക്കുന്ന കേന്ദ്രമാണിത്. വേർതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക്കുകൾ ക്ലീൻ കേരള കമ്പനിക്ക് നൽകുകയാണ് പതിവ്. അടുത്തകാലത്തായി ക്ലീൻ കേരള കമ്പനി ഇവിടെനിന്നു പ്ലാസ്റ്റിക്കുകൾ കൊണ്ടുപോയിരുന്നു. അതിനുശേഷമുള്ള നൂറോളം ചാക്കുകളാണ് ഇവിടെ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക്കുകൾ സൂക്ഷിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ഷെഡ്ഡും അഗ്നിക്കിരയായി.
അഗ്നിരക്ഷാസേന കരുനാഗപ്പള്ളി സ്റ്റേഷൻ ഓഫീസർ അനന്ദു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ലാൽജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന്റെ നേതൃത്വത്തിൽ സ്ഥിരംസമിതി അധ്യക്ഷരും കൗൺസിലർമാരും പ്രദേശവാസികളും നഗരസഭാ ആരോഗ്യ പ്രവർത്തകരുമെല്ലാം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..