കളക്ടറേറ്റ് സമുച്ചയത്തിലേക്ക് പടർന്നുകയറുന്ന വള്ളിപ്പടർപ്പുകൾ. ജന്നലുകളിലൂടെ അകത്തേക്കും കടന്നിട്ടുണ്ട്.
കൊല്ലം : ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമാണെങ്കിലും ഇവിടൊരു ഭരണമുണ്ടോയെന്ന് ആശങ്കപ്പെട്ടുപോകും ഇതുവഴി ഒന്നു നടന്നാൽ. തകർന്ന ഉപകരണങ്ങൾ വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്നു. പക്ഷികളുടെ കാഷ്ഠംകൊണ്ട് വരാന്തകൾ നിറയുന്നു.
പ്രതിവിധിയായി പല ഓഫീസുകൾക്കുമുന്നിലും പേപ്പർ വിരിച്ചിട്ടിരിക്കുന്നു. കുറ്റിയും കൊളുത്തുമില്ലാത്ത ശൗചാലയങ്ങൾ. മൊത്തത്തിൽ ഇതൊരു ഭരണകൂട ആസ്ഥാനമാണോയെന്ന് ആരും സംശയിച്ചുപോകും. ദിവസേന ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന കൊല്ലം സിവിൽ സ്റ്റേഷന്റെ സ്ഥിതിയാണിത്. ഇപ്പോൾ പുറത്തുനിന്നു വള്ളിപ്പടർപ്പുകൾ ജന്നലുകൾ വഴി ഫയലുകളിലേക്കും എത്തിത്തുടങ്ങിയിരിക്കുന്നു.
അടിസ്ഥാനസൗകര്യങ്ങളിൽപ്പോലും ശ്രദ്ധിക്കാത്തതുകൊണ്ട് കൂടുതൽ ബുദ്ധിമുട്ടുന്നത് വനിതാജീവനക്കാരാണ്. ശൗചാലയങ്ങളിൽ ടാപ്പുകൾ പ്രവർത്തിക്കുന്നില്ല. കതകുകൾക്ക് കൊളുത്തുകളില്ല. പാഡ് ഉപേക്ഷിക്കാൻ സൗകര്യമില്ല. ഫ്ളഷ് പ്രവർത്തിക്കുന്നില്ല തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങളാണ് ഇവിടെ.
വളരെ ദൂരെനിന്ന് രാവിലെ ഇറങ്ങുന്ന സ്ത്രീകൾ ഉപയോഗിച്ച പാഡ് പൊതിഞ്ഞു വീട്ടിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു. മാലിന്യമുക്തകേരളം എന്ന ലക്ഷ്യത്തിന് പലയിടത്തും പരിശീലനം നടക്കുന്നുണ്ട്.
എന്നാൽ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിൽ മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് സൗകര്യമില്ല. പുരുഷജീവനക്കാരുടെ ശൗചാലയങ്ങളിൽ കൊളുത്തില്ലാത്തതിനാൽ കതക് ചാരിയാൽ തുറന്നുപോകുന്ന അവസ്ഥയാണ്.
കളക്ടറേറ്റും പരിസരവും മൊത്തത്തിൽ വൃത്തിഹീനമാണ്. റോഡും പരിസരവുമടക്കം മോടിപിടിപ്പിക്കാൻ പ്ളാൻ തയ്യാറാക്കിയിരുന്നെങ്കിലും ഫണ്ടിന്റെ അഭാവത്തിൽ ഒന്നും നടന്നില്ല.
വനിതാ അഭിഭാഷകർക്ക് ഇരിപ്പിടസൗകര്യമൊരുക്കണമെന്ന ആവശ്യവും എവിടെയുമെത്താതെ നീളുകയാണ്. ബോംബ് സ്ഫോടനത്തെത്തുടർന്ന് അടച്ച നാല് വിക്കറ്റ് ഗേറ്റുകൾ വീണ്ടും തുറക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..